കെ.വി. തോമസിന്റെ നിയമനം കടുത്ത പ്രതിസന്ധിക്കിടെ
text_fieldsതിരുവനന്തപുരം: രൂക്ഷ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുന്ന ഘട്ടത്തിലാണ് കെ.വി. തോമസിനെ കാബിനറ്റ് പദവിയിൽ നിയമിച്ചത്. നിലവിൽ ഡൽഹിയിലെ സംസ്ഥാന കാര്യങ്ങൾ നോക്കാൻ റെസിഡന്‍റ് കമീഷണറുടെ നേതൃത്വത്തിൽ വലിയ ഉദ്യോഗസ്ഥ സംഘവും മുൻ അംബാസഡർ വേണു രാജാമണിയും പ്രവർത്തിക്കുന്നുണ്ട്.
ഇതിന് പിന്നാലെയാണ് കെ.വി. തോമസ് വരുന്നത്. ഇടതുപക്ഷത്തിന്‍റെ തീരുമാന പ്രകാരമാണ് നടപടി. മറ്റ് പാർട്ടികൾ വിട്ട് സി.പി.എമ്മുമായി സഹകരിക്കുന്നവരെ ഉപേക്ഷിക്കില്ലെന്ന സന്ദേശം നൽകാൻ കൂടിയാണ് നിയമനം. മുഖ്യമന്ത്രി തന്നെയാണ് കൊച്ചിയിലെ കൂടിക്കാഴ്ചയിൽ ഡൽഹിയിൽ നിയമിക്കുന്ന കാര്യം കെ.വി. തോമസിനെ അറിയിച്ചത്. അതിനു മുമ്പുതന്നെ രാഷ്ട്രീയ തീരുമാനവും എടുത്തിരുന്നു. ഇതേ പദവിയിലിരുന്ന എ. സമ്പത്തിനായി ചെലവിട്ടത് 7.26 കോടിയാണ്.
ശമ്പളം മാത്രം 4.62 കോടി. പ്രതിമാസ ശമ്പളം 92,423 രൂപയും ആനുകൂല്യങ്ങളും നൽകി. പ്രൈവറ്റ് സെക്രട്ടറിയെയും രണ്ട് അസി. സെക്രട്ടറിമാരെയും ഓഫിസ് അറ്റന്‍റന്‍റിനെയും അനുവദിച്ചു. യാത്ര ചെലവുകൾ 19.45 ലക്ഷം, ഓഫിസ് ചെലവുകൾ 1.13 കോടി, ആതിഥേയ ചെലവ് 1.71 ലക്ഷം, വാഹന അറ്റകുറ്റപ്പണി 1.58 ലക്ഷം, ഇന്ധനം 6.84 ലക്ഷം, മറ്റു ചെലവുകൾ 98.39 ലക്ഷം എന്നിങ്ങനെയാണ് ചെലവിട്ടത്.