Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫേസ്ബുക്ക് പോസ്റ്റ്...

ഫേസ്ബുക്ക് പോസ്റ്റ് മകന്‍റെ അഭിപ്രായം, താൻ വിധേയനായ കോൺഗ്രസ് പ്രവര്‍ത്തകൻ -കെ.വി തോമസ്

text_fields
bookmark_border
KV Thomas, Biju Thomas
cancel

കോൺഗ്രസ് കേന്ദ്ര, സംസ്ഥാന നേതൃത്വത്തെയും രാജ്യസഭാ സ്ഥാനാർഥി അഡ്വ. ജെബി മേത്തറെയും രൂക്ഷമായി വിമർശിച്ചുള്ള മൂത്ത മകൻ ബിജു തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തള്ളി മുൻ കേന്ദ്ര മന്ത്രിയും എം.പിയും മുതിർന്ന നേതാവുമായ കെ.വി തോമസ്. ബിജു തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് മകന്‍റെ സ്വന്തം അഭിപ്രായമാണെന്ന് കെ.വി തോമസ് ഫേസ്ബുക്കിൽ കുറിച്ചു.

കുടുംബാംഗങ്ങൾ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ളവരാണെന്നും അതിനെ താൻ ബഹുമാനിക്കുന്നുവെന്നും കെ.വി തോമസ് വ്യക്തമാക്കി. താൻ വിധേയനായ കോൺഗ്രസ് പ്രവര്‍ത്തകനായിരിക്കുമെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്കിന്‍റെ പൂർണരൂപം:

ഇതെന്‍റെ മകന്‍ ബിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്. അവന്‍ പറഞ്ഞിരിക്കുന്നത് സ്വന്തം അഭിപ്രായമാണ്, എന്‍റെയല്ല.
എന്‍റെ വീട്ടില്‍ ഞങ്ങൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരാണ്, അത് ഞാൻ ബഹുമാനിക്കുന്നു. പക്ഷെ ഞാൻ എന്നും വിധേയനായ കോൺഗ്രസ് പ്രവര്‍ത്തകനായിരിക്കും.
എന്‍റെ മൂന്ന് മക്കളും രാഷ്ട്രീയത്തിലില്ല, അവർ സ്വന്തം നിലയില്‍ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ബിജു ദുബായില്‍ ബാങ്ക് ഡയറക്റാണ്, രേഖ സ്വന്തമായി ബിസിനസ് ചെയുന്നു, ഇളയ മകന്‍ ജോ ഡോക്ടറാണ്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തി‍യ കൂടിക്കാഴ്ച കേരളത്തിൽ നിന്നുള്ള ഏക രാജ്യസീറ്റിൽ മത്സരിക്കാൻ കെ.വി തോമസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തറെയാണ് കോൺഗ്രസ് നേതൃത്വം സ്ഥാനാർഥിയാക്കിയത്. ഈ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് കോൺഗ്രസ് കേന്ദ്ര, സംസ്ഥാന നേതൃത്വത്തെയും രാജ്യസഭാ സ്ഥാനാർഥി അഡ്വ. ജെബി മേത്തറെയും രൂക്ഷമായി വിമർശിച്ച് കെ.വി തോമസിന്‍റെ മകൻ ബിജു തോമസ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

കുറച്ച് നാളായി ഉറച്ച സംസ്ഥാനങ്ങളിൽ വരെ കോൺഗ്രസ് കഷ്ടപ്പെട്ടു തോല്‍ക്കുകയാണെന്ന് ബിജു തോമസ് ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട ജെബി മേത്തർ മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അടക്കം നിരവധി സ്ഥാനങ്ങൾ വഹിക്കുന്നുണ്ടെന്നും ഇത്രയധികം സ്ഥാനങ്ങള്‍ ഒരാളെ കൊണ്ട്‌ താങ്ങാനാവുമോ എന്നും ബിജു പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

യു.എ.ഇയിലെ സ്വകാര്യ ബാങ്കിങ് കമ്പനിയായ മശ് റഖ് ബാങ്കിന്‍റെ സീനിയർ ഡയറക്ടറും ഫാമിലി ഓഫീസുകളുടെ തലവനുമാണ് നിലവിൽ ബിജു തോമസ്. അബൂദാബി നാഷണൽ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ആൻഡ് ഹെഡ് ഓഫ് ഡി.റ്റി.ബി (ഏഷ്യ), എക്സിക്യുട്ടീവ് ഡയറക്ടർ-കോർപറേറ്റ് ട്രേഡ് സെയിൽസ് ആൻഡ് അഡ്വൈസറി, ഐ.ഡി.ബി.ഐ ബാങ്ക് കോർപറേറ്റ് ബാങ്ക് ഹെഡ്-കേരള എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഈയിടെ ബിജു തോമസിന് ദുബൈ സർക്കാർ ഗോൾഡൻ വിസ നൽകിയിരുന്നു.

ബിജു തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

നേതൃ ദാരിദ്ര്യമുള്ള കോൺഗ്രസ്!

കുറച്ച് നാളായി കോൺഗ്രസ്, ഉറച്ച സംസ്ഥാനങ്ങള്‍ വരെ കഷ്ടപ്പെട്ടു തോല്‍ക്കുകയാണ്. ഏറ്റവും അടുത്ത് പഞ്ചാബില്‍ വാങ്ങിയെടുത്ത തോല്‍വിയാണ്. ആറ് മാസം മുമ്പ് വരെ ഉറച്ച വിജയത്തില്‍ നിന്നാണ്‌ തോല്‍വി നേടിയെടുത്തത്, അത് തന്നെ കേരളത്തിലും നടത്താൻ കഴിഞ്ഞു. ഒട്ട് മിക്ക മാധ്യമങ്ങളും ഇത് നേതൃ ദരിദ്രമായി ചിത്രീകരിക്കുമ്പോള്‍, വിശ്വാസം വന്നില്ല. പക്ഷെ ഇന്നത്തെ കോൺഗ്രസ് നേതൃത്വം നോക്കുമ്പോള്‍ അത് സത്യമാണോ എന്ന്‌ സംശയം.

ഉദാഹരണത്തിന് ഇന്നത്തെ രാജ്യസഭാ സ്ഥാനാർഥി. ജെബി മേത്തര്‍, സംസ്ഥാന കോൺഗ്രസ് വനിതാ കമ്മറ്റി പ്രസിഡന്‍റ് ആയിട്ട് മൂന്ന് മാസമായിട്ടില്ല, അതിന്‌ മുമ്പ്‌ അവർ ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍നായിട്ട് ഒരു വര്‍ഷം കഷ്ടിയായി, അപ്പോഴേക്കും ദേ രാജ്യസഭാ സ്ഥാനാർഥി. പ്രായം നാല്‍പത്തിനാല്‌. എനിക്ക് ജെബിയെ അറിയാം, നല്ലോരു പ്രവര്‍ത്തകയാണ്, പക്ഷെ ഇത്രയധികം സ്ഥാനങ്ങള്‍ ഒരാളെ കൊണ്ട്‌ താങ്ങാനാവുമോ...

പക്ഷെ അദ്ഭുതമില്ല, കാരണം കേരളത്തിന്റെ നേതൃത്വം നോക്കുക. സംസ്ഥാന പ്രസിഡന്‍റ് എം.പിയാണ്, വർക്കിങ് പ്രസിഡന്‍റുമാരും, എം.പിയോ, എം.എൽ.എയോ ആണ്‌. ഇതിനൊക്കെ കാരണം കോൺഗ്രസില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹമായ നേതാക്കളില്ല, അത് കാരണം ഒരേയാള് തന്നെ പല സ്ഥാനങ്ങളും വഹിക്കണം. അവരുടെ അത്യാഗ്രഹമല്ല.

ഈക്കഴിഞ്ഞ ഒരു മാസമായി എന്‍റെ അപ്പന്‍റെ ഫേസ് ബുക്ക് പേജില്‍ തെറിയുടെ പൊങ്കാലയായിരുന്നു. കാരണം രാജ്യസഭാ സ്ഥാനാർഥിയാകാനുള്ള താൽപര്യം നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി മറ്റൊരു സ്ഥാനവും വഹിക്കുന്നില്ല, നല്ലോരു ഭരണാധികാരിയും പാര്‍ട്ടിയുടെ താഴെതട്ടില്‍ നിന്ന് പ്രവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകനുമാണ്. സത്യസന്ധമായി കാര്യങ്ങൾ അറിയിച്ചു, അതിന്‌ വേണ്ടി പ്രവർത്തിച്ചു, അല്ലാതെ ഒരു ദിവസം ഹെലികോപ്റ്ററില്‍ വന്നിറങ്ങിയതല്ല.

അന്ന് കണ്ട ഏറ്റവും വിഷമിപ്പിച്ച പോസ്റ്റ് ഒരു മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെയായിരുന്നു. അവർ ഞങ്ങൾ മക്കളോട് തന്ന ഉപദേശം, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോൺഗ്രസിനെ രക്ഷിക്കാനായിരുന്നു. അങ്ങെനെയാണങ്കിൽ ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് പറയുമോ, കാരണം സോണിയ ഗാന്ധിക്ക് എന്‍റെ അപ്പന്‍റെ പ്രായമാണ്, കെ. സുധാകരനും അതേ പ്രായമാണ്, ഉമ്മൻ ചാണ്ടിക്ക് അതിലും കൂടുതലാണ്‌. പ്രായമായാല്‍ കൊല്ലുന്നതാണോ യുവാക്കളുടെ സംസ്കാരം. സമൂഹത്തിന്‌ ഒരു ഉപകാരവും ഇല്ലാതെ വെറുതെ വീട്ടിലിരിക്കണോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KV ThomasBiju ThomasCongressjebi methar
News Summary - KV Thomas react to Son Biju Thomas Facebook Comment
Next Story