ശമ്പളം വേണ്ട, പകരം ഓണറേറിയം മതിയെന്ന് കെ വി തോമസ്; സർക്കാരിന് കത്ത് നൽകി
text_fieldsദില്ലിയിലെ പ്രത്യേക പ്രതിനിധിയായി കേരള സർക്കാർ നിയമിച്ച മുൻ കോൺഗ്രസ് നേതാവ് കെ വി തോമസ് ശമ്പളം വേണ്ടെന്ന് അറിയിച്ച് സർക്കാരിന് കത്ത് നൽകി. ശമ്പളത്തിന് പകരം ഓണറേറിയം അനുവദിക്കണമെന്നാണ് തോമസ് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ചുള്ള കെ വി തോമസിന്റെ കത്ത് പരിശോധനയ്ക്കായി ധനകാര്യവകുപ്പിന് കൈമാറി. മുഖ്യമന്ത്രി പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. വിമാനയാത്ര നിരക്ക് കുറവുള്ള ക്ലാസുകളിൽ മതിയെന്ന് കെ വി തോമസ് അറിയിച്ചിട്ടുണ്ട്.
ഈമാസം 18 ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കെ വി തോമസിനെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിച്ചത്. ക്യാബിനറ്റ് പദവിയോടെയായിരുന്നു നിയമനം. അച്ചടക്ക ലംഘനത്തിന് കോൺഗ്രസ് നടപടിയെടുത്ത കെ വി തോമസിന് എട്ട് മാസത്തിന് ശേഷമാണ് പദവി ലഭിച്ചത്. സിപിഎം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായ സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെയായിരുന്നു കോൺഗ്രസും തോമസും തമ്മിൽ പൂർണ്ണമായും അകന്നത്.