ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ രൂക്ഷ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ
text_fieldsതിരുവനന്തപുരം: ആരാധനാലയങ്ങളിലെ ഉത്സവത്തിെൻറ പേരിൽ നടക്കുന്ന ശബ്ദമലിനീകരണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരനും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ.വി. മോഹൻകുമാർ. ഇതും മതഭീകരത തന്നെ എന്ന തലക്കെട്ടിലുള്ള മോഹൻകുമാറിെൻറ ഫേസ്ബുക്ക് പോസ്റ്റ് വൻ ചർച്ചയായി. മോഹൻകുമാർ താമസിക്കുന്ന ശ്രീകാര്യത്തെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിെൻറ ഭാഗമായി രാത്രി രണ്ട് മണിവരെ വൻ ശബ്ദത്തിൽ ഉച്ചഭാഷിണി ഉപയോഗിച്ച പശ്ചാത്തലത്തിലാണ് പോസ്റ്റ്. ഒരു ആരാധനാലയത്തിലെ പ്രശ്നം മാത്രമല്ല, മിക്ക ആരാധനാലയങ്ങളിലും നിയമം ലംഘിച്ചാണ് ഉച്ചഭാഷിണി ഉപയോഗിക്കുന്നതെന്നും മോഹൻകുമാർ പറഞ്ഞു.
പോസ്റ്റിെൻറ പൂർണരൂപം: ഇപ്പോൾ രാത്രി രണ്ടു മണിയാവുന്നു. എനിക്കും എെൻറ വീടിെൻറ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആർക്കും ഇതുവരെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. എെൻറ വീടിനടുത്ത് ഒരു ദേവീക്ഷേത്രമുണ്ട്. ഒരാഴ്ചയായി രാപ്പകൽ ഭേദമില്ലാതെ ഉത്സവമേളമാണ്. ഒരു കിലോമീറ്റർ ചുറ്റളവിൽ മൈക്ക് കെട്ടിെവച്ച് നാട്ടുകാരുടെ സ്വൈരം കെടുത്തുന്ന മാമാങ്കം. ഡ്രമ്മിെൻറ ചെകിട് പൊട്ടുന്ന ശബ്ദത്തിൽ വീടിെൻറ ജനാലകൾ പോലും കിടുങ്ങുന്നു. രാത്രി 10 മണിക്കുശേഷം മൈക്ക് ഉപയോഗിക്കുന്നത് സുപ്രീംകോടതി നിരോധിച്ചിട്ടുണ്ട്. എന്തിനും പോന്ന അമ്പല കമ്മിറ്റിക്കാർക്ക് പരമോന്നത നീതിപീഠത്തിെൻറ വിലക്കുകൾ ബാധകമല്ല. പരാതിപ്പെട്ടാലും പൊലീസ് ഇടപെടില്ല.
ജില്ല ഭരണകൂടം ഇടപെടില്ല. നാനാജാതി മതസ്ഥരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമാണിവിടം. ഇതാണോ ഹിന്ദുത്വം? കലാപരിപാടിയെന്ന പേരിൽ മൈക്കിലൂടെ പാതിരാത്രി ഡപ്പാം കൂത്ത് നടത്തുന്നതാണോ ഭക്തി? ഒരിക്കൽ പൊലീസിൽ പരാതിപ്പെട്ടതിെൻറ പേരിൽ അമ്പല കമ്മിറ്റിക്കാർ ഇളക്കിവിട്ട കുറേ മുട്ടാളന്മാർ എെൻറ വീട്ടിലേക്ക് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. ഓഫിസിലായിരുന്ന എന്നോട് സൂക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് തന്നു. രാത്രി വീടുവരെ പൊലീസിന് എനിക്ക് എസ്കോർട്ട് വരേണ്ടിവന്നു. വീടിനു ചുറ്റുപാടും ഞാനും കുടുംബവും വീടൊഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് അമ്പലക്കാർ പോസ്റ്ററുകൾ ഒട്ടിച്ചു. എെൻറ കുട്ടികൾ അമ്പലക്കാരെ പേടിച്ച് കുറച്ചു ദിവസത്തേക്ക് വീടിനു പുറത്തിറങ്ങിയില്ല. ഇന്നലെ വരെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളായിരുന്നു. ഈ പ്രദേശത്തുള്ള കുട്ടികളുടെ കാര്യം അതിലും കഷ്ടം. അമ്പല കമ്മിറ്റിക്കാരെ നാട്ടുകാർക്ക് പേടിയാണ്.
ഈ പോസ്റ്റിെൻറ പേരിൽ എെൻറ നേർക്കും പക വീട്ടിയേക്കാം. കൽബുർഗിയെയും ഗൗരി ലങ്കേഷിനെയും ഗോവിന്ദ് പൻസാരയെയും വക വരുത്തിയവരുടെ ഗണത്തിൽപെട്ടവരാണ് ഇക്കൂട്ടർ. സ്വൈരമായി ജീവിക്കാനുള്ള മനുഷ്യെൻറ അവകാശത്തെ വെല്ലുവിളിക്കുന്നതാണോ ഹിന്ദുത്വം? ഈ ചുറ്റുപാടിൽ ഹൃദ്രോഗികളും കാൻസർ രോഗികളുമായി എത്ര പേരുണ്ടാവും? എത്രയോ വൃദ്ധജനങ്ങളുണ്ടാവും? അവരോടൊക്കെ വേണോ ഭക്തിയുടെ മറവിലുള്ള ഈ കൊടും ക്രൂരത? കോളാമ്പികളും ഉച്ചഭാഷിണികളുമില്ലാതെ ഉത്സവം നടന്ന കാലമില്ലേ? ജനങ്ങളെ ദ്രോഹിക്കാൻ ഇവർക്ക് ആർ അധികാരം കൊടുത്തു? ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മൈക്കുകൾ മുഖേനയുള്ള ശബ്ദ മലിനീകരണത്തിന് നിയന്ത്രണം കൊണ്ടുവന്നതായി പത്രങ്ങളിൽ കണ്ടു. അത് നടപ്പാക്കാൻ പൊലീസ് എന്തിന് മടിക്കുന്നു? നിയമം നടപ്പാക്കുന്നതിൽ ആരെയാണ് നമ്മൾ ഭയപ്പെടുന്നത്? പ്രതികരിക്കാൻ ആരും തയാറാവാതെ വരുന്നതാണ് ഈ അഴിഞ്ഞാട്ടങ്ങൾക്ക് കാരണം. ഇപ്പോഴും അമ്പലപ്പറമ്പിൽ ഡപ്പാംകൂത്തിെൻറ കൂട്ടക്കലാശം തുടരുകയാണ്. ഇതും മത ഭീകരത തന്നെ!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.