മീഡിയവൺ ചാനൽ വിലക്ക് ഭരണഘടനയോടുള്ള വെല്ലുവിളി -കെ.യു.ഡബ്ല്യു.ജെ
text_fieldsതിരുവനന്തപുരം: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സർക്കാർ നടപടി എത്രയും വേഗം തിരുത്തണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ ആവശ്യപ്പെട്ടു. ചാനലിന്‍റെ വിലക്ക് അടിയന്തമായി നീക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനും അയച്ച നിവേദനത്തിൽ യൂനിയൻ പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും ആവശ്യപ്പെട്ടു. മാധ്യമങ്ങൾക്കു പൂട്ടിടുന്ന ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരമ്പര സൃഷ്ടിക്കുമെന്ന് അവർ അറിയിച്ചു.
രാജ്യത്തു കുറച്ചുകാലമായി മാധ്യമങ്ങൾക്കു നേരെ നിലനിൽക്കുന്ന അസഹിഷ്ണുതയുടെയും ഭരണകൂട വിദ്വേഷത്തിന്‍റെയും ഏറ്റവും ഒടുവിലത്തെ ഇരയാണ് മീഡിയവൺ. ജനാധിപത്യം ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെയും കടയ്ക്കൽ കത്തി വെക്കുന്നതാണു കേന്ദ്ര നടപടി. മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള ഭരണകൂടത്തിന്‍റെ ശ്രമം ഇന്ത്യൻ ഭരണഘടനയോടു തന്നെയുള്ള വെല്ലുവിളിയാണ്. ജനപക്ഷ നിലപാട് എടുക്കുന്ന മാധ്യമങ്ങളെ കൂച്ചുവിലങ്ങ് ഇടാൻ ശ്രമിക്കുന്നതിലൂടെ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുകയാണ്.
മീഡിയവൺ ചാനലിന് വീണ്ടും ഏർപ്പെടുത്തിയ വിലക്ക് കേന്ദ്ര ഭരണകൂടത്തിന്‍റെ മാധ്യമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിലപാട് ഒരിക്കൽക്കൂടി പുറത്തുകൊണ്ടുവന്നിരിക്കുന്നു. പ്രത്യേകിച്ച് ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ സുരക്ഷാപ്രശ്നങ്ങൾ എന്നു മാത്രം പറഞ്ഞാണ് ചാനലിനെ വിലക്കിയിരിക്കുന്നത്. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടാൻ പോന്ന എന്തു സുരക്ഷാ പ്രതിസന്ധിയാണ് രാജ്യത്ത് നിലനിൽക്കുന്നത്? സുരക്ഷാ വിഷയത്തിൽ എന്തു ഭീഷണിയാണ് മീഡിയവൺ സൃഷ്ടിച്ചത് എന്നീ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെയാണ് ഈ വിലക്ക്. അപ്രഖ്യാപിത അടിയന്തരാവസ്‌ഥയ്ക്കും മാധ്യമ വേട്ടയ്ക്കുമെതിരെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ പൗരസമൂഹവും ഒന്നിച്ച് അണിനിരക്കേണ്ടതുണ്ടെന്നും കെ.യു.ഡബ്ല്യു.ജെ പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

