Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പിതാവ്’ നഷ്ടപ്പെട്ട...

‘പിതാവ്’ നഷ്ടപ്പെട്ട വേദനയില്‍ കുട്ടിശങ്കരന്‍; ഡേവീസിന് പൂരനഗരിയുടെ യാത്രയയപ്പ് VIDEO

text_fields
bookmark_border
‘പിതാവ്’ നഷ്ടപ്പെട്ട വേദനയില്‍ കുട്ടിശങ്കരന്‍; ഡേവീസിന് പൂരനഗരിയുടെ യാത്രയയപ്പ് VIDEO
cancel

തൃശൂര്‍: അനക്കമറ്റ ഡേവീസിനെ ചേര്‍ത്തുപിടിച്ച് കുട്ടിശങ്കരന്‍ നിന്നു. കണ്ടുനിന്നവര്‍ വിതുമ്പലടക്കാന്‍ പാടുപെട്ടു. ആനകളെ മക്കളെപ്പോലെ സ്നേഹിക്കുകയും ഉത്സവങ്ങള്‍ക്കായി ജീവിതം സമര്‍പ്പിക്കുകയുംചെയ്ത ചിറ്റിലപ്പിള്ളി ഡേവീസ് എന്ന ആന ഡേവിസിന് പൂരനഗരിയുടെ അന്ത്യാഞ്ജലി. ഗജവീരന്മാരും പൂരക്കാരും പൗരസമൂഹവും പൂരം നിറയുന്ന പ്രദക്ഷിണവഴിയില്‍ നടുവിലാലില്‍ പ്രത്യേകമൊരുക്കിയ പന്തലിലേക്ക് ഒഴുകിയത്തെി. 

മനുഷ്യനും ആനയും തമ്മിലെ അപൂര്‍വ സ്നേഹത്തിന്‍െറ നേര്‍ക്കാഴ്ച കൂടിയായി ഡേവീസിന്‍െറ ഭൗതികശരീരത്തിന്‍െറ പൊതുദര്‍ശനം. നടുവിലാലില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നിരവധി ആനകള്‍ അന്ത്യോപചാരമര്‍പ്പിക്കാനത്തെി. മോനേയെന്ന നീട്ടിവിളിയില്‍ എവിടെയാണെങ്കിലും അരികിലത്തെി മുട്ടിയുരുമ്മി നില്‍ക്കുന്ന തിരുവമ്പാടി കുട്ടിശങ്കരന്‍ എന്ന സ്വന്തം ആന ഭൗതികശരീരത്തിനരികത്തുനിന്ന് മാറാന്‍ വിസമ്മതിച്ചു.

അക്കാവിള വിഷ്ണുനാരായണന്‍ തുമ്പിക്കൈയില്‍ കോരിയെടുത്ത ഒരു പിടി പൂക്കള്‍ ഡേവീസിന്‍െറ ഭൗതികശരീരം കിടത്തിയ ചില്ലുപേടകത്തിന് മുകളില്‍ സമര്‍പ്പിച്ച് വണങ്ങിയപ്പോള്‍ കണ്ണുനീര്‍ പൊടിഞ്ഞതുപോലെ... വൈലാശ്ശേരി കേശവന്‍, പുത്തൂര്‍ ദേവിനന്ദന്‍, പുത്തൂര്‍ ദേവിസുതനുമെല്ലാം ഡേവീസിനെ വണങ്ങാനത്തെി. തിരുവമ്പാടിയുടെ മറ്റ് ആനകളുമത്തെിയിരുന്നുവെങ്കിലും പന്തലിന് പുറത്തുനിന്നാണ് അന്ത്യാഞ്ജലിയര്‍പ്പിച്ചത്. ഡേവീസിനെ ഒരുനോക്ക് അവസാനമായി കാണാന്‍ കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ആനകളെയുംകൊണ്ട് വരട്ടെയെന്ന് പലരും അനുമതി തേടിയെങ്കിലും സ്ഥലപരിമിതിയും മറ്റും കാരണം അവരെ പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് എലിഫെന്‍റ് ഓണേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 

മന്ത്രി വി.എസ്. സുനില്‍കുമാര്‍, എം.എല്‍.എമാരായ കെ. രാജന്‍, അനില്‍ അക്കര, കെ.ബി. ഗണേഷ്കുമാര്‍, മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍, മുന്‍ എം.എല്‍.എ തേറമ്പില്‍ രാമകൃഷ്ണന്‍, ബി.ജെ.പി ജില്ല പ്രസിഡന്‍റ് എ. നാഗേഷ്, മുന്‍ മേയര്‍ ഐ.പി. പോള്‍, കെ. രാധാകൃഷ്ണന്‍, വ്യവസായി ഡോ. ടി.എ. സുന്ദര്‍മേനോന്‍, ഡോ. കെ.സി. പണിക്കര്‍, പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങിയവര്‍ നടുവിലാലിലത്തെി അന്ത്യോപചാരമര്‍പ്പിച്ചു. വന്‍ ജനാവലിയോടെ വിലാപയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. വൈകീട്ട് കിഴക്കേക്കോട്ട മംദാന പള്ളിയില്‍ സംസ്കരിക്കുന്നതുള്‍പ്പെടെയുള്ള ചടങ്ങുകളെല്ലാം തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികളും പൂരം സംഘാടകരും ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചിന് തൃശൂര്‍ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ അനുസ്മരണം നടക്കും.

Show Full Article
TAGS:kuttisankaran elephant davis 
News Summary - kuttisankaran elephant
Next Story