വ്യാജ സ്വർണം പണയംവെച്ച് 17 ലക്ഷം രൂപ തട്ടി; ദുരൂഹത
text_fieldsകുറ്റിപ്പുറം: കേരള ഗ്രാമീൺ ബാങ്ക് തവനൂർ മറവഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് 17 ലക്ഷം രൂപ തട്ടിയ കേസിൽ തിങ്കളാഴ്ച പൊലീസ് ബാങ്കിലെത്തി ഉൽപന്നം കസ്റ്റഡിയിലെടുക്കും. 32 പാക്കറ്റുകളിലെ ആഭരണങ്ങളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. മാസങ്ങൾക്ക് മുൻപ് ചുമതലയേറ്റ മാനേജർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ഡിസംബർ നാലിന് നടത്തിയ പരിശോധനയിൽ രണ്ട് പാക്കറ്റിൽ വ്യാജ ആഭരണം കണ്ടെത്തിയതോടെ മാനേജർ പൊലീസിലും ഹെഡ് ഓഫിസിലും പരാതി നൽകി. തുടർന്ന് അഞ്ചാം തീയതി ഹെഡ് ഓഫിസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 32 പാക്കറ്റുകളിൽ വ്യാജ സ്വർണമാണെന്ന് ബോധ്യമായി. നാല് പേരുടെ രേഖയിലാണ് ഈ ആഭരണങ്ങൾ വെച്ചിരിക്കുന്നത്. നാല് പേരും ഗോൾഡ് അപ്രൈസറുടെ (തട്ടാൻ) അയൽവാസികളാണ്. ഒരു കൊല്ലമായി വിവിധ മാസങ്ങളിൽവെച്ച വ്യാജ ആഭരണങ്ങളാണ് ഇവ. വീടും സ്ഥലവും വിൽപ്പന നടത്തി പണം തിരിച്ചടക്കുമെന്ന് അപ്രൈസർ ബാങ്ക് അധികൃതരോട് പറഞ്ഞിട്ടുണ്ട്. വീട്ടിലെ സാമ്പത്തിക പരാധീനതയാണ് കൃത്രിമം നടത്തിയതിന് പിന്നിലെന്നാണ് അപ്രൈസറുടെ വാദം.
അതേസമയം, സംഭവത്തിൽ ദുരൂഹതയുള്ളതായി പ്രദേശവാസികൾ പറയുന്നു. ഡിസംബർ നാലിന് പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ഇത്ര വലിയ തട്ടിപ്പ് നടന്നിട്ടും ഇതുവരെ മുക്കുപണ്ടം പൊലീസ് പരിശോധിക്കുകയോ കസ്റ്റഡിയിലെടുക്കകയോ ചെയ്തിട്ടില്ല. ഒരു കൊല്ലത്തിനിടെ നടന്ന പരിശോധനയിൽ വ്യാജ ആഭരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ ബാങ്ക് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തട്ടിപ്പെന്നാണ് ആരോപണം. സംഭവത്തിൽ ഉന്നത ലോബി പ്രവർത്തിച്ചെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
