അന്ന് പഞ്ചായത്ത് പ്രസിഡന്റ്, ഇപ്പോൾ തൂപ്പുകാരി
text_fieldsകാട്ടാക്കട: 15 വര്‍ഷം മുമ്പ് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഇന്ന് കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലെ തൂപ്പുജോലി. കുറ്റിച്ചല്‍ മലവിള റോഡരികത്ത് വീട്ടില്‍ സുഗന്ധി (49) ആണ് കോട്ടൂര്‍ ആന പുനരധിവാസകേന്ദ്രത്തിലെ ശുചീകരണജോലി ചെയ്യുന്നത്. ആന പുനരധിവാസകേന്ദ്രത്തില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അടക്കം ജനപ്രതിനിധികള്‍ എത്തുമ്പോള്‍ പാര്‍ക്ക് തൂത്തുവാരുന്ന സുഗന്ധിയെ കാണാറുണ്ട്.
എന്നാൽ, പലരും കണ്ടതായി ഭാവിക്കാറില്ല. 1999മുതല്‍ രണ്ടരവര്‍ഷത്തോളം കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിെൻറ അധ്യക്ഷയായിരുന്ന സുഗന്ധി ജനപ്രതിനിധിയായി വിരമിച്ചശേഷം കുടുംബത്തിെൻറ പട്ടിണിമാറ്റാൻ വനത്തില്‍നിന്ന് വിറക് ശേഖരിച്ച് വിറ്റാണ് പണം കണ്ടെത്തിയിരുന്നത്. ഇതിനിടെ മലവിള ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റിയില്‍ അംഗമായി. തുടര്‍ന്നാണ് കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലെ ശുചീകരണ തൊഴിലാളിയായി എത്തിയത്.
സുഗന്ധി ഗ്രാമപഞ്ചായത്തിെൻറ പ്രസിഡൻറ് കസേരയില്‍ നിന്നിറങ്ങിയതോടെ നിർമാണതൊഴിലാളിയായ ഭര്‍ത്താവ് ശശികുമാർ രോഗബാധിതനായി. തുടര്‍ന്ന് കുടുംബം പോറ്റേണ്ട ബാധ്യത സുഗന്ധിയുടെ ചുമലിലായി.
ചോരുന്ന കൂരയിലായിരുന്നു താമസം. ഇതിനിടെ ഗ്രാമപഞ്ചായത്തില്‍നിന്ന് വീട് അനുവദിച്ചു. വീട് പണി തുടങ്ങിയെങ്കിലും അനുവദിച്ച പണം തീര്‍ന്നതോടെ പാതിവഴിയില്‍ നിലച്ചു. തുടര്‍ന്ന് സുമനസ്സുകളുടെ സഹായത്തോടെയാണ് രണ്ട് മുറി വീടിെൻറ പണി ഏകദേശം പൂര്‍ത്തിയാക്കാനായത്. സുഗന്ധി പഞ്ചായത്തിെൻറ പ്രസിഡൻറായിരിക്കെ പ്രദേശത്തെ വ്യാജചാരായ നിർമാണകേന്ദ്രങ്ങളില് തുടര്‍ച്ചയായി റെയ്ഡുകള്‍ നടന്നു. ഇതിന് പിന്നില്‍ സുഗന്ധിയായിരുന്നെന്ന് ആരോപിച്ച് എതിര് രാഷ്ട്രീയകക്ഷികൾ ഒറ്റപ്പെടുത്തിയതോടെ സുഗന്ധിയുടെ പൊതുപ്രവര്‍ത്തനത്തിന് കരിനിഴല്‍ വീണു.
വനത്തില്‍ വിറകുശേഖരിക്കാന്‍ പോകുമ്പോള്‍ ദിവസവും 100മുതല്‍ 150രൂപ വരെ കിട്ടും. പിന്നെ വീട്ടിലെ അടുക്കളയില്‍ തീകത്തിക്കാനും വിറക് കിട്ടും. മക്കളെ പഠിപ്പിക്കാനും കുടുംബം പോറ്റാനും വിറക് ശേഖരണത്തിലൂടെ കഴിയാതായതോടെയാണ് പുതിയ ജോലിക്കായി എത്തിയത്. ഇപ്പോള്‍ 340രൂപ കൂലി കിട്ടും. മാസം ഇരുപത്തിയഞ്ചോളം ദിവസം ജോലികിട്ടുമെന്ന് സുഗന്ധി പറഞ്ഞു. പ്രാരബ്ധങ്ങള്‍ക്കിടെ മകൾ അരുണിമ മികച്ച നിലയിൽ പ്ലസ് ടു വിജയിച്ചു. തുടര്‍പഠനത്തിന് പണമില്ലാതായതോടെ പഠനം ഉപേക്ഷിച്ചു. മകന് അരുണ്‍ജിത്ത് പ്ലസ് ടു വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
280198_1564633477.jpg)