കുതിരാനിലെ ആദ്യതുരങ്കം അടുത്ത ആഴ്ച തുറക്കും
text_fieldsതൃശൂർ: തൃശൂർ - വടക്കുഞ്ചേരി ദേശീയപാതയിലെ കുതിരാനിലെ ഇരട്ട തുരങ്കപാതയിലെ ആദ്യ തുരങ്കം അടുത്ത ആഴ്ച തുറക്കും. തുരങ്കത്തിൽ വെളിച്ചമെത്തിക്കാനുള്ള പണികൾ അവസാനഘട്ടത്തിലാണ്.
കൈവരികൾക്കുള്ള പെയിൻറിങാണ് തീരാനുള്ളത്. ഒപ്പം ഫയർ ആൻഡ് സേഫ്റ്റിയുടെ ഭാഗമായ പൈപ്പ്ലൈൻ ഒരുക്കലും ദിവസങ്ങൾക്കകം തീരും. ഇതോടെ മുംബൈ പ്രഗതി എന്‍ജിനീയറിങ്ങ് കമ്പനിയുടെ പ്രവർത്തനം പൂർത്തിയാവും. ഫയർ ആൻഡ് സേഫ്റ്റിയുടെ ഭാഗമായി എക്സ്ഹോസ്റ്റ്ഫാനുകൾ ഒരുക്കിക്കഴിഞ്ഞു. ഇതിലേക്ക് വൈദ്യുതി ലഭ്യമാക്കുന്നത് നിർമാണ കമ്പനിയായ കെ.എം.സിയാണ്.
തുരങ്കപാതയുടെ ഇരു മുഖത്തും നില്ക്കുന്ന പാറക്കെട്ടുകള്‍ പൊട്ടിക്കാനുള്ള നടപടി ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തില്‍ നടന്നുവരികയാണ്. അടുത്ത ആഴ്ച ആദ്യം തുരങ്കം കെ.എം.സിക്ക് കൈമാറുമെന്ന് പ്രഗതി കമ്പനി വക്താക്കള്‍ അറിയിച്ചു. പാലക്കാട് ഭാഗത്തുള്ള തുരങ്കമാണ് പണി കഴിഞ്ഞത്. തൃശൂർ ഭാഗത്തുള്ള തുരങ്കത്തിെൻറ കോൺക്രീറ്റിങ്, ഡ്രൈനേജ്, കൈവരി സ്ഥാപിക്കൽ അടക്കം പ്രവർത്തനം പുരോഗമിക്കുകയാണ്.
തുരങ്കത്തിെൻറ രണ്ടു കവാടത്തിലേയും പാറക്കെട്ടുകള്‍ പൊട്ടിച്ച് നീക്കുന്നതിന് കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതിക്കായി കഴിഞ്ഞ ഏപ്രിലില്‍ കത്ത് നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മൂന്ന്മാസമായി നിലച്ച തുരങ്ക നിർമാണം ജൂണ്‍ ആദ്യ വാരമാണ് പുനരാരംഭിച്ചത്. 48 കോടി രൂപയുടെ കുടിശ്ശികയെ തുടര്‍ന്നാണ് നിർമാണം നേരത്തെ തടസ്സപ്പെട്ടത്.
2016 മേയിൽ നിർമാണം ആരംഭിച്ച തുരങ്കത്തിന് 962 മീറ്റര്‍ നീളവും 14 മീറ്റര്‍ വീതിയും 10 മീറ്റര്‍ ഉയരവുമുണ്ട്. ഒരു വർഷത്തിനകം പൂർത്തിയാവേണ്ട നിർമാണം ഫണ്ടുപ്രശ്നം, ജനകീയ പ്രതിഷേധം എന്നിവ മൂലമാണ് നീണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
