കുറിഞ്ഞി ഉദ്യാനം: പ്രശ്നമായത് രാഷ്ട്രീയ ഇടപെടൽ
text_fieldsതൊടുപുഴ: കുറിഞ്ഞി ഉദ്യാനം യാഥാർഥ്യമാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാതിരുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലും വിവിധ വകുപ്പുകളുടെ വീഴ്ചയുമെന്ന് റിപ്പോർട്ട്. 2015ൽ അഡീഷനൽ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ നടപടിയൊന്നുമുണ്ടായില്ല. കുറിഞ്ഞിമല സങ്കേതത്തിൽ ഉൾപ്പെട്ട കൊട്ടക്കാമ്പൂർ വില്ലേജിൽ റവന്യൂ,- വനം അധികൃതരെ സ്വാധീനിച്ച് നൂറുകണക്കിന് ഏക്കർ ഭൂമി കൈയേറ്റക്കാർ കൈവശപ്പെടുത്തിയതായി സംശയിക്കുന്നെന്നും പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നും നിവേദിത പി. ഹരെൻറ നേതൃത്വത്തിലുള്ള സമിതിയാണ് ശിപാർശ ചെയ്തത്.
ഭൂമി തിരിച്ചെടുക്കുന്നതിന് സർക്കാർ വ്യക്തമായ മാർഗനിർദേശം നൽകിയില്ല. ഇക്കാര്യത്തിൽ ഇടുക്കി ജില്ല ഭരണകൂടത്തിെൻറയടക്കം കഴിവില്ലായ്മ പ്രകടമാണ്. സർവേ, വനം, റവന്യൂ വകുപ്പുകളാണ് വീഴ്ച വരുത്തിയത്. റവന്യൂ ഭൂമിയും വനവും സംരക്ഷിക്കുന്നതിൽ നഗ്നമായ നിയമ ലംഘനമാണ് നടന്നത്. കൈയേറ്റത്തിെൻറ വ്യാപ്തിയും നിജസ്ഥിതിയും കൃത്യമായ വിവരങ്ങളും ലഭിക്കാൻ ജി.പി.എസ് സർവേ നടത്താൻ കഴിയാത്ത സർവേ വകുപ്പിെൻറ നടപടി ലജ്ജാകരമാണ്. സങ്കേതത്തിൽപെടുന്ന കൈയേറിയതും അല്ലാത്തതുമായ സ്ഥലങ്ങൾ കണ്ടെത്തേണ്ട ചുമതല സെറ്റിൽമെൻറ് ഓഫിസറായ സബ് കലക്ടർക്കായിരുന്നു. എന്നാൽ, രാഷ്ട്രീയക്കാരുടെയും പ്രാദേശിക കക്ഷികളുടെയും താൽപര്യങ്ങൾക്കനുസൃതമായി ഈ ജോലികൾ പൂർത്തിയാക്കിയില്ല- റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജുകളിലെ കലക്ടർ പിടിച്ചെടുത്ത ഭൂമിയിടപാട് സംബന്ധിച്ച രേഖകളുടെ പരിശോധന പൂർത്തിയാക്കിയില്ല. ഇവിടെ വൻതോതിൽ ഭൂമി, മാഫിയ കൈവശപ്പെടുത്തിയിട്ടുണ്ട്. കള്ളപ്രമാണങ്ങളും വ്യാജ പട്ടയങ്ങളുമാണ് ഇതിനായി ഉണ്ടാക്കിയിരിക്കുന്നത്. തമിഴ് തൊഴിലാളി കുടുംബങ്ങളുടെ പേരിൽ ഭൂമിക്ക് രേഖയുണ്ടാക്കി കൈവശപ്പെടുത്തി യൂക്കാലി തോട്ടം വെച്ചുപിടിപ്പിച്ചിരിക്കുകയാണ്. സർക്കാർ ഭൂമി കൈയേറുന്നതിനൊപ്പം ചോലവനവും വ്യാപകമായി നശിപ്പിച്ചു.
അവിടെയാണ് യൂക്കാലി മരങ്ങൾ നട്ടത്. കുറിഞ്ഞിമല സങ്കേതത്തിെൻറ ആവാസ വ്യവസ്ഥയെ ഇത് ബാധിച്ചു. സങ്കേതത്തിെൻറ അതിരുകൾ തിരിക്കുന്നതിന് സർവേ നടപടികൾ വനം വകുപ്പ് പൂർത്തീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വനവും റവന്യൂ ഭൂമിയും സംരക്ഷിക്കാൻ സ്വീകരിക്കേണ്ട നടപടികളും ഇതിൽ വ്യക്തമാക്കിയിരുന്നു. എ.ഡി.ജി.പി പി. വിജയാനന്ദ്, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ സുരേന്ദ്രകുമാർ, ലാൻഡ് റവന്യൂ കമീഷണർ എം.സി. മോഹൻദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
