4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കുപ്പാടിത്തറ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
text_fieldsകൽപ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. വയനാട് ജില്ലയിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസറായ അഹമ്മദ് നിസാറാണ് 4,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ന് വിജിലൻസിന്റെ പിടിയിലായത്. വയനാട് ജില്ലയിലെ മുണ്ടക്കുറ്റി സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ വസ്തുവിന്റെ ആധാരത്തിൽ സർവേ നമ്പർ തെറ്റായി രേഖപ്പെടുത്തിയിരുന്നത് തിരുത്തുന്നതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കഴിഞ്ഞ മാസം വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകിയിരുന്നു.
തുടർന്ന് ഇക്കഴിഞ്ഞ 23ന് വില്ലേജ് ഓഫീസറെ കണ്ടപ്പോൾ 4,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ വില്ലേജ് ഓഫീസറെ ഫോണിൽ വിളിച്ചപ്പോൾ കൈക്കൂലിയുമായി ഇന്ന് ഓഫീസിലെത്തിയാൽ സർട്ടിഫിക്കറ്റ് തരാം എന്നറിയിച്ചു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് വടക്കൻ മേഖല പൊലീസ് സൂപ്രണ്ട് ബിജു മോനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് വയനാട് യൂനിറ്റ് ഡി.വൈ.എസ്.പി ഷാജി വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി.
ഇന്ന് ഉച്ചക്ക് 01:30 മണിയോടെ വില്ലേജ് അഫീസിൽ വച്ച് 4,000 രൂപ കൈക്കൂലി വാങ്ങവെ അഹമ്മദ് നിസാറിനെ കൈയോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി ഷാജി വർഗീസ്, ഇൻസ്പെക്ടറായ ടി. മനോഹരൻ. അസി. സബ് ഇൻസ്പെക്ടർമാരായ പ്രമോദ്, എസ്. സുരേഷ്, സതീഷ് കുമാർ, ഗോപാലകൃഷ്ണൻ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എസ്. ബാലൻ, അജിത് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ടി.സു. സുബിൻ, ജിനേഷ്, പി.എൻ. സുബിൻ, മുഹമ്മദ് എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

