പോരിൽ തിളച്ച് കുന്നത്തുനാട്
text_fieldsകോലഞ്ചേരി: കാർഷിക-വ്യാവസായിക മേഖലകളുടെ സംഗമ ഭൂമിയായ കുന്നത്തുനാട്ടിൽ ത്രികോണപ്പോരിന്റെ ആവേശമാണ്. കോർപറേറ്റ് സംഘടനയായ ട്വന്റി-20യുടെ സാന്നിധ്യമാണ് ഇതിന് കാരണം. 2021ൽ ട്വന്റി-20 ഒറ്റക്കാണ് മത്സരിച്ചതെങ്കിൽ ഇത്തവണ എൻ.ഡി.എ സഖ്യത്തിലാണ്. ഇടത് മുന്നണിക്ക് വേണ്ടി സിറ്റിങ് എം.എൽ.എ പി.വി. ശ്രീനിജിനും യു.ഡി.എഫിന് വേണ്ടി മുൻ എം.എൽ.എ വി.പി. സജീന്ദ്രനും എൻ.ഡി.എക്കുവേണ്ടി ബാബു ദിവാകരനുമാണ് രംഗത്ത്. പൊതുവേ വലത് ചായ്‍വാണ് മണ്ഡലത്തിനുള്ളത്. മൂന്ന് വട്ടമൊഴികെ മണ്ഡലം യു.ഡി.എഫിനൊപ്പമായിരുന്നു. 1996, 2006, 2021 തെരഞ്ഞെടുപ്പുകളിലാണ് എൽ.ഡി.എഫിനൊപ്പം നിന്നത്. കഴിഞ്ഞ തവണ പി.വി. ശ്രീനിജിനാണ് വിജയി. കോൺഗ്രസിലെ വി.പി. സജീന്ദ്രനെ 2715 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
എന്നാൽ, ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് ശക്തമായ തിരിച്ചുവരവ് നടത്തി. മണ്ഡലത്തിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിൽ നാലെണ്ണം യു.ഡി.എഫും മൂന്നെണ്ണം ട്വന്റി-20യും നേടി. ഒരെണ്ണത്തിൽ ഭരണം ത്രിശങ്കുവിലാണ്. എൽ.ഡി.എഫിനാകട്ടെ ഒരു പഞ്ചായത്തിലും ഭരണമില്ല. നേരത്തെ ക്രൈസ്തവ സഭാ തർക്കം സജീവമായിരുന്ന വേളയിൽ സഭാ വോട്ടുകൾ പെട്ടിയിലാക്കാനായിരുന്നു മുന്നണികൾ മത്സരിച്ചത്. എന്നാൽ, ഇത്തവണ സഭാതർക്കം വിഷയമല്ല. ട്വന്റി-20-എൻ.ഡി.എ സഖ്യത്തിലെത്തിയതോടെ മണ്ഡലം അവരുടെ എ ക്ലാസ് ഗണത്തിലായി.
ട്വന്റി-20യിൽ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗക്കാരായിരുന്നതിനാൽ എൻ.ഡി.എ സഖ്യത്തോടെ ആ വിഭാഗങ്ങൾ കൂടൊഴിഞ്ഞെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. ഈ കൂടൊഴിഞ്ഞ വോട്ടുകളാകും വിജയിയെ തീരുമാനിക്കുന്നത്. മുന്നണികളിലെ ആഭ്യന്തര തർക്കങ്ങളും സ്ഥാനാർഥികളോടുള്ള താൽപര്യക്കുറവും അടിയൊഴുക്കുകളാകും. ട്വന്റി-20 സജീവമായതോടെ കോൺഗ്രസിനാണ് തിരിച്ചടിയായത്.
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി-20 ദുർബലമായിടത്ത് ശക്തമായ തിരിച്ചുവരവ് നടത്തിയതും യു.ഡി.എഫാണ്. തെരഞ്ഞെടുപ്പ് ട്വന്റി-20ക്കും നിർണായകമാണ്. എൻ.ഡി.എ സഖ്യത്തിലെത്തി ആദ്യ തെരഞ്ഞെടുപ്പ് എന്നതിന് പുറമേ പാർട്ടി ലീഡർ സാബു ജേക്കബിന്റെ തട്ടകം കൂടിയാണ് മണ്ഡലം. പ്രകടനം മോശമായാൽ സഖ്യത്തിന്റെ ഭാവിയെ വരെ ദോഷകരമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

