കുന്ദമംഗലം: കോവിഡ് കാലത്തെ ഈ നോമ്പുവേളയിലും അഷ്റഫ് ഓർക്കുന്നത് ചേവായൂർ ത്വഗ്രോഗ ആശുപത്രിയിലെ അന്തേവാസികളെ. വ്രതമാസത്തിൽ അന്തേവാസികൾക്കുള്ള നോമ്പുതുറ വിഭവങ്ങൾ കഴിഞ്ഞ 10 വർഷമായി എത്തിക്കുന്നത് കുന്ദമംഗലം പന്തീർപാടം സ്വദേശിയായ കായക്കൽ അഷ്റഫാണ്. 25 രോഗികൾക്ക് നോമ്പുതുറക്കാനുള്ള പത്തിരി, വെള്ളയപ്പം, കറി, പലഹാരങ്ങൾ, തരി എന്നിവയുമായി തെൻറ ആക്ടിവ സ്കൂട്ടറിൽ എന്നും വൈകീട്ട് അഞ്ചിന് ആശുപത്രിയിലെത്തും. അധികാരികളുടെ അനുവാദത്തോടെ ഭക്ഷണസാധനങ്ങൾ അവിടെ ഏൽപിച്ച് മടങ്ങും.
നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താൽ തുടർച്ചയായി പത്താം വർഷവും ഈ സേവനപ്രവൃത്തി തുടരുന്നു. നോമ്പെടുക്കുന്ന അന്തേവാസികൾ മുമ്പ് ഉച്ചക്ക് ലഭിച്ചിരുന്ന ഭക്ഷണം മാറ്റിവെച്ചായിരുന്നു നോമ്പ് തുറന്നിരുന്നത്. കഷ്ടപ്പാടുകൾ ഏറെ സഹിച്ച ഭൂതകാലമുള്ള സാമൂഹിക പ്രവർത്തകനായ അഷ്റഫ് സുഹൃത്തിനോടൊപ്പം ഇവിടം സന്ദർശിച്ച വേളയിലാണ് രോഗികളുടെ നോമ്പു തുറക്കാനുള്ള പ്രയാസം മനസ്സിലാക്കിയത്. അന്ന് സ്വയം ഏറ്റെടുത്ത ദൗത്യമാണ് അന്തേവാസികൾക്ക് നോമ്പുതുറ വിഭവങ്ങൾ എത്തിക്കുകയെന്നത്.
ഒരിക്കൽപോലും നിന്നുപോവാതെ 10ാം വർഷത്തിലും സൗജന്യമായി തുടരുന്ന ഈ സേവന പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചാൽ, ഇപ്പോൾ പാലക്കൽ വ്യവസായ ഗ്രൂപ്പിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന അഷ്റഫ് വിനയത്തോടെ പറയുന്നത് വീട്ടുകാരുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തെക്കുറിച്ചാണ്. നാട്ടിലെ നിർധന രോഗികൾക്ക് മരുന്ന് എത്തിക്കുന്നത് ഉൾപ്പെടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന അഷ്റഫ് ഫോർവേഡ് ബ്ലോക്ക് പാർട്ടിയുടെ കോഴിക്കോട് ജില്ല സെക്രട്ടറിയാണ്.