Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'വർഗീയത മാത്രം...

'വർഗീയത മാത്രം പറയുകയും വെറുപ്പിന്‍റെ സന്ദേശ വാഹകനാവുകയും ചെയ്ത ഗോൾവാൾക്കറുടെ നാമം സ്വീകരിക്കരുത്'

text_fields
bookmark_border
kunjalikkutty baout golwalkar
cancel

മലപ്പുറം: വർഗീയത മാത്രം പറയുകയും വെറുപ്പിന്റെ സന്ദേശ വാഹകനാവുകയും ചെയ്ത ഗോൾവാൾക്കറുടെ നാമം സ്വീകരിക്കുന്നത് നമ്മുടെ മതേതര പൈതൃകത്തിന് വെല്ലുവിളിയാണെന്ന് മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യ മഹത്തുക്കളായ ഒട്ടേറെ വ്യക്തികളെകൊണ്ട് സമ്പന്നമാണ്. ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിക്കാൻ ഇന്ത്യ ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്. അവരെല്ലാം കറകളഞ്ഞ മതേതരത്വം മുറുകെ പിടിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.

മുഴുവൻ ജനതയുടെയും പ്രതിനിധികളായിട്ടാണ് അവരെ ലോകം അടയാളപ്പെടുത്തിയിട്ടുള്ളത്. അങ്ങനെയുള്ള ഒട്ടേറെ മഹാന്മാർ ജീവിച്ചുപോയ നമ്മുടെ നാട്ടിൽ ഒരു ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുമ്പോൾ വർഗീയത മാത്രം പറയുകയും വെറുപ്പിന്റെ സന്ദേശ വാഹകനാവുകയും ചെയ്ത ഗോൾവാൾക്കറുടെ നാമം സ്വീകരിക്കുന്നത് നമ്മുടെ മതേതര പൈതൃകത്തിന് വെല്ലുവിളിയാണ്. അത്യധികം പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഇന്ത്യ ഇൻറര്‍നാഷനല്‍ സയന്‍സ് ഫെസ്റ്റിവലി‍ന്‍റെ (ഐ.ഐ.എസ്.എഫ്) ആതിഥേയ സ്ഥാപനമായ ആർ.‌ജി‌.സി‌.ബിയില്‍ നടന്ന ആമുഖ സമ്മേളനത്തില്‍ നല്‍കിയ വിഡിയോ സന്ദേശത്തിലാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹർഷ് വർധൻ ഇക്കാര്യമറിയിച്ചത്. അന്തരിച്ച എം.എസ്. ഗോൾവാൾക്കർ ആർ.‌എസ്‌.എസിൻെറ രണ്ടാമത്തെ സർസംഘചാലക് ആയിരുന്നു. 'ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷനല്‍ സെന്‍റർ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍' എന്നാണ് ഇത് അറിയപ്പെടുക.

പേരിടാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്. ഗോൾവാൾക്കറുടെ പേര് നൽകരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന് കത്തയച്ചു. അന്താരാഷ്ട്രതലത്തിൽ പ്രശസ്തനാ‍യ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പേര് നൽകാമെന്ന അഭിപ്രായമാണ് സംസ്ഥാനത്തിന് ഉള്ളതെന്നും നിലവിലെ തീരുമാനം പുന:പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ഗോൾവാൾക്കറെപ്പോലെ വർഗീയതയുടെ പ്രത്യയശാസ്ത്രം ചമച്ച ഒരു വ്യക്തിയുടെ പേര് ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് നൽകുന്നത് അനുചിതമാണെന്ന് മുഖ്യമന്ത്രി പിന്നീട് ഫേസ്ബുക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. വർഗീയതയിൽ ഊന്നിയ വെറുപ്പിന്‍റെ വിചാരധാരയല്ല, മറിച്ച് സ്വതന്ത്രചിന്തയുടെ മാതൃകയായി മാറിയ വ്യക്തികളുടെ ചരിത്രമായിരിക്കണം അത്തരമൊരു സ്ഥാപനത്തിനു പ്രചോദനമാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയത പ്രോത്സാഹിപ്പിച്ചതല്ലാതെ ഗോൾവാൾക്കറിന് ശാസ്‍ത്രവുമായി എന്താണ് ബന്ധമുള്ളതെന്ന് ശശി തരൂർ എം.പി ചോദിച്ചു. മതത്തിന് ശാസ്ത്രത്തിന് മേൽ മേധാവിത്വം വേണമെന്ന പരാമർശത്തിന്‍റെ പേരിലാണ് ഗോൾവാൾക്കർ ഓർമിക്കപ്പെടേണ്ടതെന്നും ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:golwalkarKunjalikkutty
News Summary - kunjalikkutty baout golwalkar
Next Story