കുറ്റ്യാടി: തനിക്ക് സ്ഥാനാർഥി േമാഹമില്ലെന്ന് തെളിയിച്ചും തെൻറ പേരുപറഞ്ഞ് സംസ്ഥാന നേതൃത്വത്തിനെതിരെ കുറ്റ്യാടിയിൽ അണികൾ നടത്തിയ പ്രക്ഷോഭങ്ങളെ തള്ളിപ്പറഞ്ഞും കെ.പി. കുഞ്ഞമ്മദ് കുട്ടി ആദ്യം നേടിയത് നേതൃത്വത്തിെൻറ വിശ്വാസ്യത.
പിന്നീട് സ്ഥാനാർഥിത്വവും. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിനാണെന്ന് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഉടനെ കുറ്റ്യാടിയിൽ പാർട്ടി അനുഭാവികൾ പ്രകടനം നടക്കുകയുണ്ടായി. 'സഖാവ് കെ.പി വന്നേ തീരൂ...' എന്നായിരുന്ന മുദ്രാവ്യം.
ഇതിനോട് കുഞ്ഞമ്മദ് കുട്ടി വിയോജിപ്പാണ് പ്രകടിപ്പിച്ചത്. സ്ഥാനാർഥിയാകാൻ എത്രയോ യോഗ്യർ പാർട്ടിയിലും ഘടക കക്ഷികളിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത് നടന്ന പ്രകടനത്തിൽ ജില്ല നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ മുദ്രാവാക്യമുയർന്നു. പാർട്ടിക്കും നാടിനും അപമാനമുണ്ടാക്കിയ നടപടിയെന്നായിരുന്നു കുഞ്ഞമ്മദ് കുട്ടിയുടെ തുടർന്നുണ്ടായ അതിനോടുള്ള പ്രതികരണം.
ഇതിലൂടെ കുറ്റ്യാടിയിൽ നടന്ന പ്രതിഷേധങ്ങൾക്ക് തനിക്ക് ഒട്ടും പങ്കില്ലെന്ന ബോധ്യം ജില്ല നേതൃത്വത്തിനും ഉണ്ടാക്കി. തിങ്കളാഴ്ച സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായപ്പോൾ കുറ്റ്യടിയിലെ എൽ.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിൽ കുഞ്ഞമ്മദ് കുട്ടിയെ എഴുന്നള്ളിക്കണമെന്ന് ചിലർക്ക് ആഗ്രഹമുണ്ടായിരുന്നു.
എന്നാൽ, അദ്ദേഹം എത്തിയില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കുഞ്ഞമ്മദ് കുട്ടിക്ക് സ്ഥാനാർഥിത്വം ലഭിക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ, സിറ്റിങ് എം.എൽ.എയായ കെ.കെ. ലതികക്ക് മൂന്നാം അവസരം നൽകുകയാണ് പാർട്ടി ചെയ്തത്. എന്നാൽ, ഇതിൽ ഒരു നീരസവും കാണിക്കാതെ കുഞ്ഞമ്മദ് കുട്ടി ലതികയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. ലതിക തോറ്റു. മുസ്ലിം ലീഗിലെ പാറക്കൽ അബ്ദുല്ല ജയിച്ചു.
'താങ്കൾ നിന്നിരുന്നെങ്കിൽ ജയിക്കുമായിരുന്നു' എന്ന് സുഹൃത്തുക്കളും പ്രവർത്തകരും പറഞ്ഞപ്പോൾ അദ്ദേഹം അത് അംഗീകരിച്ചില്ല. പാറക്കൽ അബ്ദുല്ല എം.എൽ.എയായ ശേഷം മണ്ഡലത്തിൽ പ്രതിക്ഷ നേതാവിനെപ്പോലെ അദ്ദേഹവും വിവിധ പരിപാടികളുമായി രംഗത്തുണ്ടായിരുന്നു.