അന്തസില്ലാത്ത വർത്തമാനം ലീഗിന്റെ രീതിയല്ല; പി.എം.എ സലാമിനെ തള്ളി കുഞ്ഞാലിക്കുട്ടി
text_fieldsപി.എം.എ സലാം, പി.കെ കുഞ്ഞാലികുട്ടി
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ അധിക്ഷേപ പരാമർശം തള്ളി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ലീഗിന് ഒരു രീതിയുണ്ടെന്നും അന്തസില്ലാത്ത വർത്തമാനങ്ങൾ പാർട്ടിയുടെ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പി.എം.എ സലാമിനെ സംസ്ഥാന പ്രസിഡന്റ് തന്നെ തിരുത്തിയിട്ടുണ്ട്. പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. തെറ്റ് പറ്റിയാൽ തിരുത്തും. നാക്കുപിഴ ആർക്കും സംഭവിക്കാം. എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവർക്കും നാക്കുപിഴ സംഭവിക്കും. നാളെ എനിക്ക് വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം മലപ്പുറം വാഴക്കാട്ട് നടന്ന മുസ്ലിം ലീഗ് സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പി.എം.എ സലാം അധിക്ഷേപ പരാമർശം നടത്തിയത്. ആണും പെണ്ണും കെട്ടവനായതിനാലാണ് മുഖ്യമന്ത്രി പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്ന പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പി.എം ശ്രീയിൽ ഒപ്പിട്ടതെന്ന് പി.എം സലാം പറഞ്ഞു. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
പരാമർശം പിൻവലിച്ച് സലാം മാപ്പ് പറയണമെന്ന് സി.പി.എം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

