കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങൾ രണ്ടാഴ്ചക്കകം –പി.കെ. കുഞ്ഞാലിക്കുട്ടി എം.പി
text_fieldsമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് രണ്ടാഴ്ചക്കകം വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്താൻ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.എസ്. ബുല്ലാറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു.റണ്‍വേ വികസനത്തിെൻറ പേരില്‍ 2015 മേയ് ഒന്ന് മുതലാണ് കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് നിര്‍ത്തിയത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന വിമാനത്താവള ഉപദേശക സമിതി യോഗം വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിെൻറ ഭാഗമായാണ് ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്കൊപ്പം കുഞ്ഞാലിക്കുട്ടി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനെ കണ്ടത്. വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റിയും അനുകൂലമാണ്. ഇതിനുള്ള സൗകര്യങ്ങളും റണ്‍വേയില്‍ ആയിട്ടുണ്ട്. റണ്‍വേ ആന്‍ഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം 90 മീറ്ററില്‍നിന്ന് 240 മീറ്ററാക്കി വര്‍ധിപ്പിച്ച് സുരക്ഷ കൂട്ടാനുള്ള പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്.
