തനിക്കെതിരായ ആരോപണത്തിന് പിന്നിൽ ചിലരുണ്ട്, നിയമപരമായി നേരിടും -കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി പി. ജയരാജനെ രക്ഷിക്കാനായി ഇടപെട്ടെന്ന ആരോപണം തള്ളി പി.കെ. കുഞ്ഞാലിക്കുട്ടി. കണ്ണൂരിലെ അഭിഭാഷകന്‍റെ ആരോപണം വിചിത്രമാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിഷയം പാർട്ടി ചർച്ച ചെയ്തു. ഒർക്കാപ്പുറത്ത് ഇത്തരത്തിലെ വെളിപാട് ഇറങ്ങിയത് എന്തുകൊണ്ട് എന്ന കാര്യം മനസ്സിലായിട്ടുണ്ട്. ഇതിനു പിന്നിൽ ചിലരുണ്ട്. കേട്ടുകേൾവിയായതിനാൽ പേരുകൾ വെളിപ്പെടുത്തുന്നില്ല. എന്നാൽ, ആരോപണത്തെ നിയമപരമായി നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ കേസ് വിടുന്ന പ്രശ്നമില്ലെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.പി.സി.സി പ്രസിഡന്‍റിനെ ഇതിലേക്ക് വലിച്ചിഴക്കുന്നില്ല. അദ്ദേഹത്തിന്‍റെ പ്രതികരണത്തിലെ പ്രശ്നം അദ്ദേഹം തന്നെ വിശദീകരിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എം.എസ്.എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി കണ്ണൂരിലെ അഭിഭാഷകൻ ടി.പി ഹരീന്ദ്രൻ രംഗത്തെത്തുകയായിരുന്നു. പി. ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നായിരുന്നു ആരോപണം. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയെന്നും ഹരീന്ദ്രൻ ആരോപിച്ചിരുന്നു.
എന്നാൽ, അഡ്വ. ഹരീന്ദ്രൻ പറഞ്ഞത് പച്ചക്കള്ളമാണെന്നാണ് അന്ന് അന്വേഷണ ചുമതലയുണ്ടായിരുന്ന ഡി.വൈ.എസ്.പി പി. സുകുമാരൻ പ്രതികരിച്ചത്. കേസുമായി ബന്ധപ്പെട്ട് ഒരിക്കലും ഹരീന്ദ്രനെ ബന്ധപ്പെട്ടിട്ടില്ലന്നും ഹരീന്ദ്രന്‍റെ ആരോപണത്തിന് പിന്നിൽ ആരാണെന്ന് അറിയില്ലെന്നും സുകുമാരൻ പറയുന്നു.