ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കുന്ദമംഗലം
text_fieldsകുന്ദമംഗലത്ത് ദേശീയ പാതയിൽ വയനാട് റോഡിലുണ്ടായ ഗതാഗതക്കുരുക്ക്
കുന്ദമംഗലം: മുമ്പെങ്ങുമില്ലാത്ത രീതിയിൽ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കുന്ദമംഗലം ടൗൺ. കഴിഞ്ഞ കുറെ ദിവസങ്ങളായി കുന്ദമംഗലം അങ്ങാടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഓണത്തിരക്കിലേക്ക് എത്തിയതോടെ കിലോമീറ്ററുകൾ നീണ്ട വാഹനങ്ങളുടെ നിര ദേശീയപാതയിൽ നിത്യ കാഴ്ചയാണ്. സ്കൂളുകളിലേക്കും ഓഫിസുകളിലേക്കും മറ്റും പോകുന്നവർ ദുരിതത്തിലായി. സ്കൂളുകൾ ഓണാവധിക്ക് വെള്ളിയാഴ്ച അടച്ചതിനാൽ അടുത്ത ദിവസങ്ങളിൽ ഓണ വിപണിയിലേക്ക് ആളുകൾ കുടുംബ സമേതം വരുമ്പോൾ വീണ്ടും വലിയ ഗതാഗതകുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ഓണവിപണി കൂടുതൽ സജീവമാകും.
മുക്കം റോഡ് ജങ്ഷൻ, എം.എൽ.എ റോഡ് (പെരിങ്ങൊളം റോഡ്) ജങ്ഷൻ, കോരങ്കണ്ടി റോഡ് ജങ്ഷൻ തുടങ്ങിയ ഇടങ്ങളിൽ ഒരേ സമയത്ത് കൃത്യമായ ട്രാഫിക് സംവിധാനം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. നേരത്തെ സി.ഡബ്ല്യു.ആർ.ഡി.എം-വരിയട്ട്യാക്ക്-താമരശ്ശേരി റോഡ് നവീകരിച്ചതിന് ശേഷം ഗതാഗതക്കുരുക്കിന് നേരിയ ശമനം ഉണ്ടായിരുന്നുവെങ്കിലും വീണ്ടും വലിയ ഗതാഗതകുരുക്ക് ആണ് ഉണ്ടാകുന്നത്. സി.ഡബ്ല്യു.ആർ.ഡി.എം-വരിയട്ട്യാക്ക്-താമരശ്ശേരി റോഡിൽ ഉൾപ്പെടുന്ന പെരിങ്ങൊളം അങ്ങാടിയിലും മിക്ക ദിവസങ്ങളിലും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്.
ദേശീയപാതയിൽ കോഴിക്കോട് ഭാഗത്തേക്ക് വരുന്ന റോഡിലാണ് വലിയ ബ്ലോക്ക് ഉണ്ടാകുന്നത്. പന്തീർപ്പാടം അങ്ങാടി വരെ ചില സമയങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാകാറുണ്ട്. നിത്യേന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വയനാട്ടിൽ നിന്നും മറ്റുമായി വരുന്ന നിരവധി ആംബുലൻസുകളാണ് ഗതാഗതകുരുക്കിൽ കുടുങ്ങികിടക്കുന്നത്. അതേസമയം വാഹനങ്ങൾ ഒരുഭാഗത്ത് നിന്ന് വരികൾ തെറ്റിച്ച് മൂന്നും നാലും ലൈനുകളായി പോകുന്നതും വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.
കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകൾ റോഡ് മുറിച്ചു കടന്ന് പുതിയ ബസ് സ്റ്റാൻഡിലേക്ക് കയറുന്നതും തിരിച്ച് ഇറങ്ങുന്നതും ബ്ലോക്കിന് കാരണമാകുന്നുണ്ട് എന്ന് നാട്ടുകാർ പറഞ്ഞു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകൾ പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ റോഡിൽ നിർത്തുന്നതും ബ്ലോക്ക് ഉണ്ടാക്കുന്നു. അങ്ങാടിയിലൂടെ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാനോ യാത്ര ചെയ്യാനോ കഴിയാത്ത അവസ്ഥയുമുണ്ട്. അങ്ങാടിയിൽ പലയിടത്തും സീബ്ര ലൈനുകൾ മാഞ്ഞുപോയിട്ടുണ്ട്. കുന്ദമംഗലത്ത് കാരന്തൂർ-പടനിലം തീരദേശ ബൈപാസ് റോഡ് ഉണ്ടാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഗതാഗതകുരുക്ക് രൂക്ഷമാകുന്നത് വ്യാപാരികളെയും ബാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

