500ഓളം പേർക്ക് കൂട്ട പിഴ; ഇടപെട്ട് ഗണേഷ് കുമാർ, ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
text_fieldsകുമ്പള: കുമ്പളയിൽ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ പതിഞ്ഞ 2023 മുതൽക്കുള്ള നിയമലംഘനങ്ങൾക്ക് പിഴയടക്കാൻ നിർദേശിച്ച് നൂറുകണക്കിന് വാഹന ഉടമകൾക്ക് നോട്ടീസ് നൽകിയ സംഭവത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇടപെട്ടു. സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ഗതാഗത കമീഷണർക്ക് നിർദേശം നൽകി.
കുമ്പള- ബദിയടുക്ക റോഡിൽ സ്ഥാപിച്ച കാമറയാണ് വാഹന ഉടമകൾക്ക് മുട്ടൻപണി കൊടുത്തത്. കാമറ കേടുവന്നതായി കരുതി ഗതാഗത നിയമം ലംഘിച്ച് തലങ്ങും വിലങ്ങും പാഞ്ഞവർക്ക് ലക്ഷങ്ങളുടെ പിഴ നോട്ടീസാണ് കഴിഞ്ഞ രണ്ടാഴ്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം 500ഓളം പേർക്ക് നോട്ടീസ് ലഭിച്ചതായാണ് കണക്ക്. ഇതിൽ രണ്ടു ലക്ഷത്തോളം രൂപ പിഴ അടക്കേണ്ട വാഹന ഉടമകളും ഉണ്ട്.
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ നോട്ടീസ് 15 ദിവസത്തിനകംതന്നെ നൽകണമെന്ന ചട്ടം മറികടന്നാണ് ഗതാഗത വകുപ്പ് വാഹന ഉടമകൾക്ക് നോട്ടീസ് നൽകിയതെന്നാണ് പരാതി. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ കൂട്ടായ്മ ഉണ്ടാക്കി ശക്തമായ പ്രതിഷേധം നടത്തിവരികയാണ് നോട്ടീസ് ലഭിച്ചവർ. ഈ കൂട്ടായ്മ കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിനിടെയാണ് മന്ത്രിയുടെ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

