കുംഭമേള വൈറൽതാര കല്യാണം: സി.പി.എമ്മിനും പൊലീസിനും ‘പുലിവാലായി’!
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പടിവാതിൽക്കെ നിൽക്കെ മന്ത്രി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ നടത്തിയ വൈറൽതാര വിവാഹം സി.പി.എമ്മിനും പൊലീസിനും പുലിവാലായി. കുംഭമേളയിലെ വൈറൽ താരത്തിന്റെ ഭർത്താവ് ഫർമാൻഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസെടുത്തതാണ് ഇവരെ ‘വെട്ടിലാക്കിയത്’. ദേശീയ പട്ടികവർഗ കമീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്നാണ് കമീഷൻ കണ്ടെത്തിയത്. കേരളത്തിലെയും മധ്യപ്രദേശിലെയും ഡി.ജി.പിമാർക്ക് ഏപ്രിൽ 22ന് ഡൽഹിയിൽ ഹാജരാകാൻ കമീഷൻ നിർദേശം നൽകി. വിവാഹത്തിന് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചെന്ന് കമീഷൻ കണ്ടെത്തി.
ശിവൻകുട്ടിക്ക് പുറമെ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹിം എം.പി എന്നിവരുൾപ്പെടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇതാണ് റിയൽ കേരള സ്റ്റോറിയെന്നും നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. ആ കല്യാണമാണ് വിവാദമായത്.
പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞെന്ന രേഖ കാണിച്ചാണ് കേരളത്തിൽ കഴിഞ്ഞമാസം 11ന് വിവാഹം നടന്നത്. പക്ഷെ, പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30നാണെന്നാണ് യഥാർഥ രേഖകൾ. അതുപ്രകാരം വിവാഹസമയത്ത് വയസ്സ് 16 മാത്രമാണ്. എന്നാൽ, പെൺകുട്ടിയുടെയും കാമുകന് ഫര്മാന് ഖാന്റെയും വിവാഹം നിയമപരമാണെന്നായിരുന്നു പൊലീസ് വാദം. പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹം നിയമപരമല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം പോക്സോ കേസിൽ കുടുങ്ങുമെന്നും അന്ന് പ്രചാരണമുണ്ടായിരുന്നു. അതിലാണ് പൊലീസിന്റെ സ്ഥിരീകരണം. താരത്തിന്റെ പ്രായം 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹ തീരുമാനമെടുത്തതെന്നും തമ്പാനൂർ പൊലീസ് അന്ന് പറഞ്ഞത്. എന്നാൽ, മകൾക്ക് പ്രായപൂർത്തിയായില്ലെന്നും മകളെ തിരിച്ചയക്കണമെന്നും പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും സംസ്ഥാനം കൈക്കൊണ്ടില്ല.
നിർബന്ധിച്ച് നാട്ടിൽ കൊണ്ടുപോകാൻ പിതാവ് ശ്രമിക്കുന്നെന്ന പരാതിയുമായി പെൺകുട്ടി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയതാണ് വിവാഹത്തിലേക്ക് നയിച്ചത്. പൂവാറിലെ ഷൂട്ടിങ്സ്ഥലത്ത് നിന്നാണ് താരവും ആൺസുഹൃത്തും മഹാരാഷ്ട്ര സ്വദേശിയുമായ മുഹമ്മദ് ഫർമാനെന്ന ഫർമാൻ ഖാനും എത്തിയത്. തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നെന്നും അവർ പറഞ്ഞു. വിശദാംശങ്ങൾ തേടിയ പൊലീസ് പെൺകുട്ടിയെ ഫർമാനൊപ്പം അയച്ചു. തുടർന്ന് വൈകുന്നേരം തിരുവനന്തപുരം പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ ഇരുവരുടെയും വിവാഹം നടത്തി. രേഖകൾ പരിശോധിച്ചതിൽ സംശയം തോന്നിയില്ലെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും വിവാഹം നടന്ന ക്ഷേത്രത്തിലെ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

