കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് ആർ.എസ്.എസ് പ്രവർത്തകർക്ക് ജീവപര്യന്തം
text_fieldsതൃശൂർ: സി.പി.എം പ്രവർത്തകൻ കുമ്പളങ്ങാട് ബിജുവിനെ കൊലപ്പെടുത്തുകയും സുഹൃത്ത് ജിനീഷിനെ മാരകമായി വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്ത കേസിൽ എട്ട് ആർ.എസ്.എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും 1.44 ലക്ഷം രൂപ വീതം പിഴയും ശിക്ഷ.
കുമ്പളങ്ങാട് മൂരായില്‍ ജയേഷ് (43), ഇരവുകുളങ്ങര സുമേഷ് (42), കുറ്റിക്കാടന്‍ സെബാസ്റ്റ്യന്‍ (46), തൈക്കാടന്‍ ജോണ്‍സണ്‍ (51), കിഴക്കോട്ടില്‍ ബിജു എന്ന കുചേലന്‍ ബിജു (46), കരിമ്പന വളപ്പില്‍ സജീഷ് എന്ന സതീഷ് (39), കരിമ്പനവളപ്പില്‍ സുനീഷ് (34), കരിമ്പനവളപ്പില്‍ സനീഷ് (37) എന്നിവരെയാണ് തൃശൂര്‍ മൂന്നാം അഡീഷനല്‍ ജില്ല ആൻഡ് സെഷന്‍സ് ജഡ്ജി കെ.എം. രതീഷ് കുമാര്‍ ശിക്ഷിച്ചത്. ആകെ ഒമ്പതു പ്രതികളിൽ ആറാം പ്രതി രവി വിചാരണക്കിടെ മരിച്ചിരുന്നു.
വടക്കാഞ്ചേരി വില്ലേജ് കുമ്പളങ്ങാട് ദേശത്ത് ചാലയ്ക്കല്‍ വീട്ടില്‍ തോമസിന്‍റെ മകന്‍ ബിജു (31), സുഹൃത്തും ചുമട്ടുതൊഴിലാളിയും സി.ഐ.ടി.യു പ്രവർത്തകനുമായ കുമ്പളങ്ങാട് ദേശത്ത് പന്തലങ്ങാട്ട് രാജന്‍റെ മകന്‍ ജിനീഷ് (39) എന്നിവരെ 2010 മേയ് 16നാണ് ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ജിനീഷ് അടക്കം 24 സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും വിസ്തരിച്ചു. 82 രേഖകളും വാളുകള്‍ ഉള്‍പ്പെടെ 23 തൊണ്ടിമുതലുകളും ഹാജരാക്കി.
വിവിധ വകുപ്പുകളിലായി ആറുമാസം മുതൽ രണ്ടുവർഷം വരെ തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. പ്രതികൾ പിഴ അടക്കുന്നപക്ഷം അഞ്ചു ലക്ഷം രൂപ കൊല്ലപ്പെട്ട ബിജുവിന്‍റെ കുടുംബത്തിനും രണ്ടു ലക്ഷം രൂപ ആക്രമണത്തില്‍ പരിക്കേറ്റ ജിനീഷിനും നൽകണമെന്ന് കോടതി നിർദേശിച്ചു. പിഴയടക്കാത്തപക്ഷം രണ്ടു വര്‍ഷം വീതം കൂടുതല്‍ തടവ് അനുഭവിക്കണം.
വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ഇപ്പോഴത്തെ ഗുരുവായൂര്‍ അസി. കമീഷണര്‍ ടി.എസ്. സിനോജാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ഡി. ബാബു, അഡ്വ. ശരത് ബാബു കോട്ടയ്ക്കല്‍, അഡ്വ. രേഷ്മ പി.വി എന്നിവര്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

