പച്ചക്കറി വില കുറഞ്ഞു; കുമാരേട്ടൻ ഊണിന് 10 രൂപ കുറച്ചു
text_fieldsപാലക്കാട്: പാലക്കാട് നഗരത്തിലെ ‘ദേവീകൃപ’ ഹോട്ടലിലേക്ക് കയറുമ്പോൾ ചുവരിൽ എഴുതിവെച്ചത് കണ്ട് അമ്പരക്കേണ്ട. പച്ചക്കറി വില കുറഞ്ഞതിനാൽ ഊണിന് 10 രൂപ കുറച്ചിരിക്കുന്നെന്നാണതിൽ എഴുതിയിരിക്കുന്നത്. ജി.എസ്.ടിയും നോട്ടുനിരോധനവും കാരണം വിലകൂട്ടണമെന്ന് ചില കച്ചവടക്കാർ മുറവിളി കൂട്ടുമ്പോഴാണ് പാലക്കാട് സ്വദേശിയായ കുമാരേട്ടൻ (66) വ്യത്യസ്തനാകുന്നത്. പച്ചക്കറിവില പ്രതീക്ഷിച്ചതിലും താഴെയായതോടെ ചെലവ് കുറഞ്ഞെന്നും അമ്പത് രൂപക്ക് ഊൺ നൽകുന്നത് നീതിയല്ലെന്നുമാണ് കുമാരേട്ടെൻറ പക്ഷം. അതിനാൽ 40 രൂപയാക്കി. വില കുറഞ്ഞാൽ നഷ്ടമാകില്ലേ എന്ന ചോദ്യത്തിന് ലാഭത്തിൽ കുറച്ച് കുറവുണ്ടാകുമെന്നായിരുന്നു മറുപടി. ലാഭം കുറഞ്ഞാലും ഉപഭോക്താക്കളെ പറ്റിക്കരുതെന്നാണ് കുമാരേട്ടെൻറ നിലപാട്.
പല സ്ഥാപനങ്ങളിലെയും വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ മിക്ക ഭക്ഷണയിനങ്ങളുടെയും വില കുറവാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വില കുറച്ച് നൽകാൻ തുടങ്ങിയത്. തലമുറകളായി നഗരത്തിൽ ഹോട്ടൽ വ്യാപാരം നടത്തുന്ന കുടുംബമാണ്. ഇദ്ദേഹം 20 വർഷമായി ഹോട്ടൽ നടത്തുന്നു. സ്ഥാപനത്തിൽ എട്ട് ജോലിക്കാരുണ്ട്. മുമ്പ് സഹായത്തിന് ഭാര്യയുണ്ടായിരുന്നു. അവർ കിടപ്പിലായതോടെ ഒറ്റക്കാണ് നടത്തിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
