കുളത്തൂപ്പുഴ പീഡനക്കേസ്: പരസ്പര സമ്മതത്തോടെയെന്ന് യുവതി, പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം
text_fieldsകൊച്ചി: കുളത്തൂപ്പുഴയിൽ ക്വാറന്‍റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്ന് പരാതിക്കാരിയായ യുവതി ഹൈകോടതിയിൽ സത്യവാങ്മൂലം നൽതി. ഇതേത്തുടർന്ന് കേസിലെ പ്രതിയായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് കോടതി ജാമ്യം അനുവദിച്ചു.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നതെന്നാണ് യുവതി കോടതിയെ അറിയിച്ചത്. അതേസമയം, ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണം നടത്താൻ ഡി.ജി.പിയോട് കോടതി നിർദേശിച്ചു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
മലപ്പുറത്ത് വീട്ടുജോലിക്കാരിയായിരുന്ന യുവതി ക്വാറന്‍റീനിൽ കഴിഞ്ഞതിന് ശേഷം കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പരിശോധനയില്‍ കോവിഡില്ലെന്ന് സ്ഥിരീകരിച്ചു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിനെ വിളിച്ചപ്പോള്‍ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സെപ്റ്റംബർ മൂന്നാം തിയ്യതി ഭരതന്നൂരിലെ വീട്ടിലെത്തി. അന്ന് രാത്രി മുഴുവന്‍ കെട്ടിയിട്ട് വായില്‍ തുണിതിരുകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ക്വാറന്‍റീൻ ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രതി യുവതിയെ മർദ്ദിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.
സംഭവത്തെ തുടർന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.