ചരക്കുകപ്പൽ കൊച്ചി പുറംകടലിൽ അപകടത്തിൽപെട്ട സംഭവത്തിൽ സമഗ്രപഠനവുമായി കുഫോസ്
text_fieldsകൊച്ചി: എം.എസ്.സി എൽസ-3 ചരക്കുകപ്പൽ കൊച്ചി പുറംകടലിൽ അപകടത്തിൽപെട്ട സംഭവത്തിൽ കൊച്ചി ആസ്ഥാനമായ കേരള മത്സ്യ, സമുദ്രപഠന സർവകലാശാല (കുഫോസ്) പഠനം തുടങ്ങി. അപകടം കടലിലെ വെള്ളത്തിന്റെ സ്വഭാവത്തെയും മത്സ്യസമ്പത്തിനെയും അതിന്റെ ആവാസ വ്യവസ്ഥയെയും ഏതെല്ലാം തരത്തിൽ ബാധിച്ചെന്നറിയാനുള്ള പഠനം ആറുമാസം നീളും.
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നിർദേശപ്രകാരം കുഫോസിലെ സെന്റർ ഫോർ അക്വാട്ടിക് റിസോഴ്സ് മാനേജ്മെന്റ് ആൻഡ് കൺസർവേഷനാണ് (സി.എ.ആർ.എം.സി) പഠനം നടത്തുന്നത്.
അപകടത്തെത്തുടർന്ന് ഹാനികരമായ പദാർഥങ്ങൾ വെള്ളത്തിൽ കലർന്നെന്നും ഇത് പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഭീഷണിയാകുമെന്നും ചില കോണുകളിൽനിന്ന് ആശങ്ക ഉയർന്നിരുന്നു. ഇത്തരം ആശങ്കകൾ നീക്കുകയും കപ്പലപകടം സൃഷ്ടിച്ച യഥാർഥ ആഘാതം ശാസ്ത്രീയമായി മനസ്സിലാക്കുകയുമാണ് പഠനത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചുവരുകയാണ്.
സംഭവത്തിന്റെ റഫറൽ സ്റ്റേഷനായി പരിഗണിക്കപ്പെടുന്ന കൊച്ചി, അപകടത്തിൽപെട്ട കപ്പലിന്റെ പരിസരം, ആലപ്പുഴ തോട്ടപ്പിള്ളി, കൊല്ലം എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും സാമ്പിളുകൾ ശേഖരിക്കുന്നത്. പ്രധാന സ്റ്റേഷനായ കൊല്ലത്ത് 10 മീ., 30 മീ., 50 മീ. എന്നിങ്ങനെ മൂന്ന് ഡെപ്ത് സോണുകളായി തിരിച്ചാകും ജലോപരിതലത്തിൽനിന്ന് സാമ്പിൾ ശേഖരിക്കുക.
അപകടകരമായ രാസപദാർഥങ്ങൾ വെള്ളത്തിൽ കലർന്നിട്ടുണ്ടോ, ഉണ്ടെങ്കിൽ ജലത്തിന്റെ പി.എച്ച് മൂല്യം അടക്കം ഘടകങ്ങളെ അത് എങ്ങനെ ബാധിച്ചു, മത്സ്യങ്ങളുടെ പ്രജനന നിരക്ക്, ഓരോ മേഖലയിലും വെള്ളത്തിലെ ലവണാംശവും താപനിലയും, മത്സ്യക്കുഞ്ഞുങ്ങളുടെയും മുട്ടകളുടെയും അളവ്, മുട്ടയിൽ അസാധാരണമായ എന്തെങ്കിലും ഉണ്ടോ, മത്സ്യങ്ങളുടെ പ്രത്യുൽപാദനം, വളർച്ച തുടങ്ങിയ കാര്യങ്ങളെല്ലാം സമഗ്ര പരിശോധനക്ക് വിധേയമാക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകുന്ന സി.എ.ആർ.എം.സി ഡയറക്ടർ ഡോ. വി.എൻ. സഞ്ജീവൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളോട് മത്സ്യങ്ങളുടെയും മറ്റ് ജീവികളുടെയും പ്രതികരണം വ്യത്യസ്തമായിരിക്കും. ഇതുസംബന്ധിച്ചും ആഴത്തിലുള്ള പഠനം ആവശ്യമാണ്. ആറുമാസത്തെ പഠനത്തിലൂടെ കപ്പലപകടം ഏതെല്ലാം പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചിട്ടുണ്ടെന്ന് കൃത്യമായി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

