കുടുംബശ്രീ ഉടച്ചുവാർക്കലിന് സർക്കാർ
text_fieldsതൊടുപുഴ: ഭരണ മാറ്റത്തിന് പിന്നാലെ സംസ്ഥാന കുടുംബശ്രീ മിഷനിൽ ഉടച്ചുവാർക്കലിനൊരുങ്ങി സർക്കാർ. അടിമുടി ഇടത് ആധിപത്യമുളള മിഷനിലാണ് സമ്പൂർണ പൊളിച്ചെഴുത്ത് സർക്കാർ ലക്ഷ്യമിടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് യു.ഡി.എഫിലെ ജനപ്രതിനിധികളടക്കം രംഗത്തുണ്ട്.
പത്ത് വർഷത്തെ ഭരണത്തോടെ കുടുംബശ്രീ നിയന്ത്രണം സമ്പൂർണമായും ഇടത് അനുകൂലികളുടെ കൈകളിലാണെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനതലം തൊട്ട് ജില്ല തലങ്ങളിൽ വരെ വിവിധ ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥരെല്ലാം ഇടത് യൂനിയൻ പ്രതിനിധികളോ സി.പി.എം സഹയാത്രികരോ ആണെന്നതാണ് അഴിച്ചുപണിക്ക് സർക്കാർ നീക്കത്തിന് കാരണം. രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ സ്ത്രീകൂട്ടായ്മയെന്ന നിലക്ക് കുടുംബ ശ്രീയിൽ ഇടതുപക്ഷം പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ സി.ഡി.എസ് തലം മുതൽ ഇടത് ആഭിമുഖ്യമുള്ളവരെയാണ് തലപ്പത്തേക്ക് എത്തിച്ചത്.
സംസ്ഥാന തലത്തിലും ജില്ലതലത്തിലും സ്ഥിരം-താൽകാലിക ജീവനക്കാരായി നൂറുകണക്കിന് പേരുമുണ്ട്. ഇതിൽ 14 ജില്ലകളിലെയും ജില്ല മിഷൻ കോഓഡിനേറ്റർമാർ ഇടതുപക്ഷക്കാരോ കടുത്ത ഇടത് അനുഭാവികളോ ആണ്. ഡെപ്യൂട്ടേഷനിലെത്തിയ ഇവരിൽ ചിലരെല്ലാം ഭരണമാറ്റത്തോടെ ചുമതല വിട്ടെണ്ടെങ്കിലും ചില ജില്ലകളിൽ കസേര നിലനിർത്താന നെട്ടോട്ടമുണ്ട്.
ഇവർക്ക് താഴെയുള്ള അസി. മിഷൻ കോഓഡിനേറ്റർമാർ ഡെപ്യൂട്ടേഷനിലെത്തുന്നവരാണെങ്കിലും കാര്യമായ പാർട്ടി ആഭിമുഖ്യമുള്ളവരല്ല. എന്നാൽ ജില്ലതലങ്ങളിലെ പ്രോഗ്രാം മാനേജർ തസ്തികകളിൽ കടുത്ത പാർട്ടി ആഭിമുഖ്യമുള്ളവരുണ്ട്. ബ്ലോക്ക് തലങ്ങളിലും താൽകാലികാടിസ്ഥാനത്തിൽ നിരവധി പേർ ജോലി ചെയ്യുന്നു. അതേസമയം, കടുത്ത രാഷ്ട്രീയ നിലപാട് പ്രകടിപ്പിച്ചവരെ മാത്രം ചുമതലകളിൽനിന്ന് മാറ്റിയാൽ മതിയെന്ന നിർദേശവും ഭരണ തലത്തിൽ ഉയർന്നതായി സൂചനയുണ്ട്. തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജിക്കാണ് കുടുംബശ്രീയുടെയും ചുമതല. അധികം താമസിയാതെ ഇതുസംബന്ധിച്ച നിലപാട് സർക്കാർ സ്വീകരിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

