കുടുംബശ്രീ പേരിൽ കോടികളുടെ വായ്പ തട്ടിപ്പ്: പൊലീസ് അന്വേഷണം ഇഴയുന്നു
text_fieldsമട്ടാഞ്ചേരി: കുടുംബശ്രീയുടെ പേരിൽ വ്യാജരേഖ ചമച്ച് കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയ സംഭവം രണ്ടുമാസം പിന്നിടുമ്പോൾ പൊലീസ് അന്വേഷണം നിലച്ച അവസ്ഥയിലെന്ന് ആക്ഷേപം. കേസുമായി ബന്ധപ്പെട്ട് എട്ട് കേസാണ് മട്ടാഞ്ചേരി സബ് ഡിവിഷനിൽ രജിസ്റ്റർ ചെയ്തത്. പള്ളുരുത്തിയിൽ മാത്രം ആറ് കേസും ഫോർട്ട്കൊച്ചി, മ ട്ടാഞ്ചേരി സ്റ്റേഷൻ പരിധികളിൽ ഓരോ കേസുമാണ് കുടുംബശ്രീ ലിങ്കേജ് ലോണുമായി ബന്ധപ്പെട്ട തട്ടിപ്പിൽ എടുത്തത്. എന്നാൽ, പള്ളുരുത്തിയിലെ കേസിൽ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്ത ശേഷം അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പിടിയിലായ സ്ത്രീകൾ തട്ടിപ്പിലെ കണ്ണികൾ മാത്രമാണെന്നും വമ്പന്മാർ പിന്നിലുണ്ടെന്നും അന്നേ ആരോപണം ഉയർന്നിരുന്നു.
ഉന്നതരും രാഷ്ട്രീയ ബന്ധമുള്ളവരും ഉണ്ടെന്നാണ് പറയപ്പെടുന്നത്.ഇതാണ് വീട്ടമ്മമാരായ രണ്ട് സ്ത്രീകളുടെ അറസ്റ്റിൽ മാത്രം കേസ് അവസാനിപ്പിക്കാൻ ശ്രമിക്കാൻ കാരണം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രാദേശിക നേതൃത്വം രംഗത്ത് വന്നിരുന്നു. തുടക്കത്തിൽ പൊലീസ് കാണിച്ച ശുഷ്കാന്തി പിന്നീട് ഉണ്ടായില്ല. സാമൂഹിക പ്രവർത്തകൻ ഹാരിസ് അബു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉടൻ നടപടിയുണ്ടാകുമെന്ന് മറുപടി കിട്ടിയെങ്കിലും ജലരേഖ പോലെയായി ആ മറുപടി കുറിപ്പും.
കേസിൽ പിടിയിലായ പള്ളുരുത്തി സ്വദേശികളായ ദീപ, നിശ എന്നിവരെ ചോദ്യം ചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നുവെന്ന് പൊലീസ് ആദ്യം പറഞ്ഞെങ്കിലും തുടരന്വേഷണം ചില പരിശോധനകളിലും മറ്റും ഒതുക്കി. തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വീട്ടമ്മമാർ പരാതിയുമായി രംഗത്ത് വന്നെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ല.അന്വേഷണം മന്ദഗതിയിലായത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മട്ടാഞ്ചേരി അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബാങ്ക് നോട്ടീസുകൾ വന്നു തുടങ്ങിയതോടെ വഞ്ചിക്കപ്പെട്ടവർ നെട്ടോട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

