വോട്ടർ പട്ടികയിൽ കൃത്രിമം: കെ.ടി.യു യൂനിയൻ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ് മാറ്റി
text_fieldsതിരുവനന്തപുരം: വോട്ടർ പട്ടികയിൽ വ്യാപക കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് ശനിയാഴ്ച നടക്കാനിരുന്ന സാങ്കേതിക സർവകലാശാല (കെ.ടി.യു) യൂനിയൻ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. അയോഗ്യരായ നിരവധിപേർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടതിനാൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കണമെന്ന സിൻഡിക്കേറ്റ് സ്റ്റുഡന്‍റ് അഫേഴ്സ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശിപാർശ അംഗീകരിച്ചാണ് വി.സിയുടെ നടപടി. ലിങ്ദോ കമ്മിറ്റി നിർദേശത്തിന് വിരുദ്ധമായി പരീക്ഷയിൽ തോറ്റ വിദ്യാർഥികളെ ഉൾപ്പെടെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതായി കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്.
പല കോളജുകളിലും നടന്ന യൂനിയൻ തെരഞ്ഞെടുപ്പുകളിൽ പരീക്ഷയിൽ തോറ്റ വിദ്യാർഥികളെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ലിങ്ദോ കമ്മിറ്റി നിർദേശപ്രകാരം പരീക്ഷയിൽ തോറ്റ് സപ്ലിമെന്‍ററി പരീക്ഷ എഴുതാനുള്ള വിദ്യാർഥികൾക്ക് കോളജ് യൂനിയൻ, സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ല. ചില കോളജ് പ്രിൻസിപ്പൽമാർ സമർപ്പിച്ച യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർമാരുടെ പട്ടികയിൽ യൂനിവേഴ്സിറ്റി യൂനിയൻ ചട്ടങ്ങളുടെയും ലിങ്ദോ കമീഷൻ ശിപാർശകളുടെയും ലംഘനം നടന്നതായും കണ്ടെത്തി.
കോളജുകളിൽ തെരഞ്ഞെടുപ്പ് നടത്താതെ ചില പ്രിൻസിപ്പൽമാർ സ്വന്തം നിലക്ക് കൗൺസിലർമാരെ തെരഞ്ഞെടുത്തെന്ന പരാതികളും ലഭിച്ചിട്ടുണ്ട്. ഈ പരാതികളിൽ സമഗ്ര അന്വേഷണം നടത്താനും സർവകലാശാല തീരുമാനിച്ചു. സപ്ലിമെന്‍ററി പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

