കെ.ടി.യു പുനർനിയമനം:സർക്കാർ നിർദേശം വി.സി തള്ളി
text_fieldsതിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെ.ടി.യു) രജിസ്ട്രാർ ഡോ. എ. പ്രവീണിനും പരീക്ഷാ കൺട്രോളർ ഡോ. അനന്ത രശ്മിക്കും പുനർനിയമം നൽകണമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം വൈസ് ചാൻസലർ ഡോ.കെ. ശിവപ്രസാദ് തള്ളി. സർക്കാർ നിർദേശം നിയമപരമായി നടപ്പാക്കാൻ കഴിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ വി.സി ഉത്തരവിട്ടു. പരീക്ഷ കൺട്രോളറുടെ കാലാവധി ജനുവരി 24നും രജിസ്ട്രാറുടേത് ചൊവ്വാഴ്ചയും അവസാനിച്ചു.
സർവകലാശാല ആവശ്യപ്പെടുകയാണെങ്കിൽ സർക്കാർ അനുമതിയോടെ, സ്റ്റാറ്റ്യൂട്ടറി ഓഫിസർ തസ്തികയിലുള്ളവർക്ക് ഒരുതവണ പുനർനിയമനം നൽകാൻ വ്യവസ്ഥയുണ്ട്. കഴിഞ്ഞ 16ന് ചേർന്ന സിൻഡിക്കേറ്റ് യോഗം വി.സി പിരിച്ചുവിട്ട ശേഷം, സിൻഡിക്കേറ്റ് അംഗങ്ങൾ സമാന്തരയോഗം ചേർന്ന് പരീക്ഷ കൺട്രോളർക്കും രജിസ്ട്രാർക്കും പുനർ നിയമനം നൽകണമെന്ന് സർക്കാറിനോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചെങ്കിലും യോഗതീരുമാനങ്ങൾ വി.സി റദ്ദാക്കിയിരുന്നു. വി.സിയുടെ ഉത്തരവ് തടയണമെന്നാവശ്യപ്പെട്ട് സിൻഡിക്കേറ്റ് ഹൈകോടതിയെ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. രജിസ്ട്രാർക്കും പരീക്ഷ കൺട്രോളർക്കും പുനർനിയമനം നൽകണമെന്ന സിൻഡിക്കേറ്റിന്റെ റദ്ദാക്കിയ തീരുമാനം രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ രണ്ടുപേർക്കും പുനർനിയമനത്തിനുള്ള അനുമതി നൽകിയത്. രജിസ്ട്രാറുടെ ചുമതല ജോയന്‍റ് രജിസ്ട്രാർ കെ.കെ. ബിന്ദുകുമാരിക്ക് നൽകി വി.സി ഉത്തരവിട്ടു. പരീക്ഷ കൺട്രോളറുടെ ചുമതല നേരത്തെ അക്കാദമിക് ഡീൻ വിനു തോമസിന് നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.