കെ.ടി.യു: ഒമ്പത് മാസത്തിന് ശേഷം ബജറ്റ് പാസാക്കി; പുതിയ വി.സി വന്നശേഷം ചേർന്ന ആദ്യ യോഗത്തിലാണ് നടപടി
text_fieldsതിരുവനന്തപുരം: സർക്കാർ -ഗവർണർ സമവായത്തിനൊടുവിൽ പുതിയ വൈസ്ചാൻസലർ വന്നതോടെ സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) ഒമ്പത് മാസമായി മുടങ്ങിക്കിടന്ന വാർഷിക ബജറ്റ് പാസാക്കി. ചാൻസലറായ ഗവർണർ രാജേന്ദ്ര അർലെക്കറുടെ അധ്യക്ഷതയിൽ ചേർന്ന സർവകലാശാല ബോർഡ് ഓഫ് ഗവേണേഴ്സ് യോഗത്തിലാണ് മാർച്ചിൽ പാസാക്കേണ്ട ബജറ്റ് പാസാക്കിയത്. ഡോ. സിസ തോമസ് പുതിയ വി.സിയായി ചുമതലയേറ്റതിന് പിന്നാലെയാണ് അംഗങ്ങളുടെ ബഹിഷ്കരണം കാരണം ക്വാറം തികയാതെ പിരിഞ്ഞ ബോർഡ് ഓഫ് ഗവേണേഴ്സ് യോഗം ചേർന്നതും 373.52 കോടി രൂപയുടെ ബജറ്റ് പാസാക്കിയതും. സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സജി ഗോപിനാഥിനെയും വി.സിമാരായി നിയമിക്കാൻ ഗവർണർ, മുഖ്യമന്ത്രി കൂടിക്കാഴ്ചയിലൂടെയാണ് ധാരണയായത്. ഗവർണറുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഡോ. സിസ തോമസിനെ കെ.ടി.യുവിൽ വി.സിയായി നിയമിച്ചത്.
നിയമനം നടന്ന് ഒരാഴ്ച പൂർത്തിയാകുന്ന ദിവസമാണ് സർവകലാശാലയിൽ ഗവർണറുടെ അധ്യക്ഷതയിൽ ബോർഡ് ഓഫ് ഗവേണേഴ്സ് യോഗം ചേർന്ന് ബജറ്റ് പാസാക്കിയത്. ബജറ്റ് പാസാകാത്തത് കാരണം സർവകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. സർക്കാർ പാനൽ തള്ളി ഡോ. ശിവപ്രസാദിനെ താൽക്കാലിക വി.സിയായി ഗവർണർ നിയമിച്ചതോടെയാണ് കെ.ടി.യുവിൽ പ്രതിസന്ധി രൂപപ്പെട്ടത്. താൽക്കാലിക വി.സി വിളിച്ച ബോർഡ് ഓഫ് ഗവേണേഴ്സ്, സിൻഡിക്കേറ്റ് യോഗങ്ങൾ ഭൂരിപക്ഷം വരുന്ന ഇടത് അംഗങ്ങൾ ബഹിഷ്ക്കരിച്ചതോടെ ക്വാറം തികയാതെ പിരിച്ചുവിട്ടു. ബജറ്റ് പാസാക്കാനായി വിളിച്ച യോഗവും ബഹിഷ്ക്കരണത്തിൽ കലാശിച്ചിരുന്നു. ഇന്നലെ നടന്ന യോഗത്തിൽ ഐ.ബി സതീഷ് എം.എൽ.എ ഉൾപ്പെടെ സി.പി.എം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് അംഗം എൽദോസ് കുന്നപ്പള്ളി എം.എൽ.എ ഓൺലൈനായും സി.പി.ഐ അംഗം വി. ശശി എം.എൽ.എ നേരിട്ടും പങ്കെടുത്തു. എം.എൽ.എമാരായ കെ.എം സച്ചിൻ ദേവ്, ദലിമ, എന്നിവർ വിട്ടുനിന്നു. പി.എച്ച്ഡി ഉൾപ്പെടെ ബിരുദങ്ങൾ അംഗീകരിക്കാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

