Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ കൊടും വഞ്ചനക്ക്...

ഈ കൊടും വഞ്ചനക്ക് യൂത്ത് ലീഗിന് കൊടുക്കേണ്ടി വരുന്ന വിലയാണ് ബി.ജെ.പിയോടും ആർ.എസ്.എസിനോടും പുലർത്തുന്ന മൗനം -കെ.ടി. ജലീൽ

text_fields
bookmark_border
ഈ കൊടും വഞ്ചനക്ക് യൂത്ത് ലീഗിന് കൊടുക്കേണ്ടി വരുന്ന വിലയാണ് ബി.ജെ.പിയോടും ആർ.എസ്.എസിനോടും പുലർത്തുന്ന മൗനം -കെ.ടി. ജലീൽ
cancel

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് പല യുവജന സംഘടനകളും തെരുവുകളിൽ പ്രതിഷേധപർവം തീർത്തപ്പോൾ മുസ്‍ലിം ലീഗും യൂത്ത് ലീഗും പ്രതികരിക്കാതിരുന്നത് ഇ.ഡി കേസ് പേടിച്ചാണെന്ന് കെ.ടി ജലീൽ എം.എൽ.എ. കത്വ, ഉന്നാവോ എന്നിവിടങ്ങളിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടികളുടെ കുടുംബങ്ങളെ സഹായിക്കാനും നിയമസഹായം നൽകാനുമെന്ന പേരിൽ പിരിച്ചെടുത്ത തുക മുക്കിയതുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ മുന്നിൽ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈറിനും സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനുമെതിരെ കേസുകൾ നിലവിലുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഏകദിന പിരിവിൽ 39.91 ലക്ഷം പിരിഞ്ഞുകിട്ടിയതായുള്ള നേതാക്കളുടെ പ്രസ്താവന ‘ചന്ദ്രിക’യിൽ അച്ചടിച്ച് വന്നിരുന്നു. എന്നാൽ, അതിൽനിന്ന് ഒരു രൂപ പോലും ദേശീയ യൂത്ത് ലീഗിന്റെ കത്വ-ഉന്നാവോ ഫണ്ടിനായി മാത്രം തുടങ്ങിയ കോഴിക്കോട്ടെ പഞ്ചാബ് നാഷനൽ ബാങ്കിലെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ വ്യക്തമാക്കുന്നു. പ്രസ്തുത അക്കൗണ്ടിൽ വന്ന ഒരു കോടിയിലധികം വരുന്ന തുക വിദേശത്തും സ്വദേശത്തുമുള്ള ഉദാരമതികളായ വ്യക്തികൾ അയച്ച പണമാണ്. ഇതുമായി ബന്ധപ്പെട്ട് യൂത്ത്‍ലീഗ് മുൻ ദേശീയ കമ്മിറ്റി അംഗം യൂസുഫ് പടനിലം ഇ.ഡിക്ക് മൊഴി കൊടുത്തിട്ടുണ്ട്.

കത്വ, ഉന്നാവോ പെൺകുട്ടികളുടെ കണ്ണുനീരും നിലവിളികളും ജനഹൃദയങ്ങളിലേക്ക് എറിഞ്ഞ് പണം ശേഖരിച്ച് അത് മുക്കിയതിന് നേതൃത്വം നൽകിയവരുടെ കുന്ദമംഗലത്തെ മണിമാളികയും ആർഭാട ജീവിതവും കുടുംബസമേതം ഇടക്കിടെ നടത്തുന്ന വിദേശയാത്രകളുടെ ഉറവിടവും പരിശോധിച്ചാൽ പിരിച്ച പണം പോയ വഴി കണ്ടെത്താനാകും. ഈ കൊടും വഞ്ചനക്ക് യൂത്ത് ലീഗിന് കൊടുക്കേണ്ടി വരുന്ന വിലയാണ് ബി.ജെ.പിയോടും ആർ.എസ്.എസിനോടും പുലർത്തുന്ന മാപ്പർഹിക്കാത്ത മൗനമെന്ന് ആരോപിച്ച ജലീൽ, യൂത്ത്‍ലീഗ് നേതൃത്വത്തെ കത്വ-ഉന്നാവോ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.

‘ചന്ദ്രിക’ യുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ ഇ.ഡി കേസ് മുസ്‍ലിംലീഗിന്റെയും കൈകാലുകൾക്ക് വിലങ്ങിട്ടിരിക്കുകയാണ്. ലീഗ് നേതാക്കളിൽ പലരുടെയും അവിഹിത പണപ്പെട്ടികൾക്കു മുകളിൽ ഇ.ഡി കൈവെച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ മുസ്‍ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ അസ്തിത്വ പ്രതിസന്ധി നേരിടുമ്പോൾ മുസ്‍ലിംലീഗിനും യൂത്ത് ലീഗിനും ഒരു ഇലയനക്കമായിപ്പോലും മാറാനാകാത്ത നിസ്സഹായാവസ്ഥ ആരിലും സഹതാപമുണർത്തുന്നതാണ്. ആർ.എസ്.എസിന്റെ ഹിന്ദുത്വ രാഷ്ട്ര നിർമിതിയെ മതനിരപേക്ഷ ശക്തികളുടെ കൂടെച്ചേർന്ന് നിഷ്കരുണം തുറന്നുകാട്ടട്ടെ. അല്ലെങ്കിൽ മിർജാഫറിന്റെയും മിർസാദിഖിന്റെയും ആമു സൂപ്രണ്ടിന്റെയും പിന്മുറക്കാരുടെ പട്ടികയിൽ മുസ്‍ലിംലീഗെന്ന പേരും രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്ത്യയിൽ മുസ്‍ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ അസ്തിത്വ പ്രതിസന്ധിയാണ് നേരിടുന്നത്. മുൻ എം.പി അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും പൊലീസ് നോക്കിനിൽക്കെ കൈയാമത്തിൽ കാമറക്കണ്ണുകൾക്ക് മുന്നിൽ വെച്ച് വെടിവെച്ച് കൊന്ന യു.പിയിലെ ജംഗിൾ രാജ്, രാമനവമി ആഘോഷത്തിന്റെ മറവിൽ അരങ്ങേറിയ അതിക്രമങ്ങളും കൊലപാതകങ്ങളും, യഥാർഥ ചരിത്രം തമസ്കരിച്ചും വെട്ടിമാറ്റിയും കേന്ദ്ര സർക്കാർ നടത്തിയ നീക്കങ്ങൾ, കർണാടകയിൽ നാല് ശതമാനം മുസ്‍ലിം സംവരണം അവസാനിപ്പിച്ച നടപടി, തെലങ്കാനയിൽ മുസ്‍ലിം സംവരണത്തിന് അന്ത്യം കുറിക്കുമെന്ന അമിത്ഷായുടെ പ്രഖ്യാപനം, പശുവുമായി ബന്ധപ്പെട്ട് തുടരുന്ന മുസ്‍ലിം വേട്ട, ഏക സിവിൽകോഡിലേക്കുള്ള പ്രയാണം, ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെട്ട അനേകം സംഭവങ്ങൾ, ക്രൈസ്തവ വിശ്വാസികൾ അക്രമിക്കപ്പെട്ട നിരവധി പരാതികൾ, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നരമേധങ്ങളാണ് മോദി സർക്കാരിന് കീഴിൽ രാജ്യമൊട്ടുക്കും തിമർത്താടുന്നത്.

മുസ്‍ലിംലീഗും യൂത്ത് ലീഗും ഒരു കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കേണ്ട സമയമാണിത്. പക്ഷെ ഒരു ഇലയനക്കമായിപ്പോലും അവർക്ക് മാറാനാകാത്ത നിസ്സഹായാവസ്ഥ ആരിലും സഹതാപമുണർത്തും. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ ഉൾപ്പടെ പല യുവജന സംഘടനകളും തെരുവുകളിൽ പ്രതിഷേധപർവം തീർത്തു. ലീഗിനും യൂത്ത് ലീഗിനും മാത്രം ഒരനക്കവുമില്ല.

യൂത്ത്‍ലീഗിന്റെ കുറ്റകരമായ നിസ്സംഗതയുടെ കാരണം തേടി പഴയ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എന്ന നിലയിൽ ഞാനൊരു അന്വേഷണം നടത്തി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് എനിക്ക് ലഭിച്ചത്. കത്വ, ഉന്നാവോ എന്നിവിടങ്ങളിൽ ബലാത്സംഗത്തിനിരയായി പിച്ചിച്ചീന്തപ്പെട്ട പെൺകുട്ടികളുടെ കുടുംബങ്ങളെ സഹായിക്കാനും നിയമ സഹായം നൽകാനും എന്ന പേരിൽ പിരിച്ചെടുത്ത സംഖ്യ മുക്കിയതുമായി ബന്ധപ്പെട്ട് ഇഡിയുടെ മുന്നിൽ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈറിനും സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനുമെതിരായി കേസുകൾ നിലവിലുണ്ട്.

ഒരു വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ പള്ളികളിലും ഈ ആവശ്യത്തിലേക്ക് പണം സമാഹരിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. ഏകദിന പിരിവിൽ 39.91 ലക്ഷം പിരിഞ്ഞു കിട്ടിയതായി നേതാക്കളുടെ പ്രസ്താവന "ചന്ദ്രിക"യിൽ അച്ചടിച്ച് വന്നു (കട്ടിംഗ് ഇമേജായി കൊടുക്കുന്നു). എന്നാൽ അതിൽനിന്ന് ഒരു രൂപ പോലും ദേശീയ യൂത്ത് ലീഗിന്റെ കത്വ-ഉന്നാവോ ഫണ്ടിനായി മാത്രം തുടങ്ങിയ കോഴിക്കോട്ടെ പഞ്ചാബ് നാഷനൽ ബാങ്കിലെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ വ്യക്തമാക്കുന്നു. പ്രസ്തുത അക്കൗണ്ടിൽ വന്ന ഒരു കോടിയിലധികം വരുന്ന സംഖ്യ വിദേശത്തും സ്വദേശത്തുമുള്ള ഉദാരമതികളായ വ്യക്തികൾ അയച്ച പണമാണ്. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് യൂത്ത്‍ലീഗ് മുൻ ദേശീയ കമ്മിറ്റി അംഗം യൂസുഫ് പടനിലത്തെ ഇ.ഡി 21.2.2023ന് വിളിപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ അന്ന് ഹാജരായില്ല. 24.2.2023ന് നേരിൽചെന്ന് മൊഴി കൊടുത്തു (ഇ.ഡിയുടെ സമൻസ് ലറ്ററിന്റെ കോപ്പി ഇമേജിലുണ്ട്).

കത്വ, ഉന്നാവോ പെൺകുട്ടികളുടെ കണ്ണുനീരും നിലവിളികളും ജനഹൃദയങ്ങളിലേക്ക് എറിഞ്ഞ് പണം ശേഖരിച്ച് അത് മുക്കിയതിന് നേതൃത്വം നൽകിയവരുടെ കുന്ദമംഗലത്തെ മണിമാളികയും ആർഭാട ജീവിതവും കുടുംബസമേതം ഇടക്കിടെ നടത്തുന്ന വിദേശയാത്രകളുടെ ഉറവിടവും പരിശോധിച്ചാൽ പിരിച്ച പണം പോയ വഴി കണ്ടെത്താനാകും. ഈ കൊടും വഞ്ചനക്ക് യൂത്ത് ലീഗിന് കൊടുക്കേണ്ടി വരുന്ന വിലയാണ് ബി.ജെ.പിയോടും ആർ.എസ്.എസ്സിനോടും പുലർത്തുന്ന മാപ്പർഹിക്കാത്ത മൗനം.

യൂത്ത് ലീഗിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇപ്പോഴത്തെ യൂത്ത്‍ലീഗ് നേതൃത്വത്തെ കത്വ-ഉന്നാവോ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഒരു പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നു. അവർ ഒരു പത്രസമ്മേളനത്തിന് മുന്നോട്ടുവന്നാൽ തൊട്ടടുത്ത ദിവസം എല്ലാ തെളിവുകളും പുറത്തുവിട്ട് പത്രസമ്മേളനം നടത്താൻ ഞാനൊരുക്കമാണ്. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് സി.കെ സുബൈറിനെ യൂത്ത്‍ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി. ആറുമാസം കഴിഞ്ഞപ്പോൾ സുബൈറിനെ മുസ്‍ലിംലീഗിന്റെ അഖിലേന്ത്യാ അസിസ്റ്റന്റ് സെക്രട്ടറിയാക്കിയ വാർത്ത കേട്ട് സാധാരണ ലീഗ് പ്രവർത്തകർ മൂക്കത്ത് കൈവിരൽ വെച്ചത് ആർക്കും പെട്ടെന്ന് മറക്കാനാവില്ല.

"ചന്ദ്രിക"യുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ ഇ.ഡി കേസ് മുസ്‍ലിംലീഗിന്റെയും കൈകാലുകൾക്ക് വിലങ്ങിട്ടിരിക്കുകയാണ്. ഫാഷിസ്റ്റുകൾക്കെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ഇ.ഡി "ചന്ദ്രിക" കണ്ടുകെട്ടിയാൽ ദേശാഭിമാനിയുടെ പ്രസിൽനിന്ന് ചന്ദ്രിക അച്ചടിക്കാൻ കമ്യൂണിസ്റ്റുകാർ തയാറാകുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. ലീഗ് നേതാക്കളിൽ പലരുടെയും അവിഹിത പണപ്പെട്ടികൾക്കു മുകളിൽ ഇ.ഡി കൈവെച്ചതായാണ് റിപ്പോർട്ട്.

ഫാഷിസ്ററുകൾ വരിഞ്ഞ് മുറുക്കിയ ചങ്ങലക്കെട്ടുകൾ പൊട്ടിച്ച് ലീഗ് നേതാക്കൾ പുറത്ത് വരട്ടെ. ജംഗിൾരാജിലേക്ക് ഇന്ത്യയെ നയിക്കുന്ന ബി.ജെ.പിക്കെതിരായ ജനാധിപത്യ പോരാട്ടത്തിൽ പങ്കാളികളാവട്ടെ. ആർ.എസ്.എസിന്റെ ഹിന്ദുത്വ രാഷ്ട്ര നിർമിതിയെ മതനിരപേക്ഷ ശക്തികളുടെ കൂടെച്ചേർന്ന് "നിഷ്കരുണം" തുറന്നുകാട്ടട്ടെ. അല്ലെങ്കിൽ മിർജാഫറിന്റെയും മിർസാദിഖിന്റെയും ആമു സൂപ്രണ്ടിന്റെയും പിൻമുറക്കാരുടെ പട്ടികയിൽ മുസ്‍ലിംലീഗെന്ന പേരും രേഖപ്പെടുത്തപ്പെടും. തീർച്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelmuslim leagueyouth league
News Summary - KT. Jaleel's attack on Youth league's Silence on BJP and RSS
Next Story