You are here

ന്യായമായ അവകാശങ്ങൾക്കു​വേണ്ടി തെറ്റ് ആവർത്തിക്കും-മന്ത്രി  ജലീൽ

12:31 PM
20/10/2019
kt-jaleel-201019.jpg

മുക്കം​: പൊതുപ്രവർത്തകൻ എന്ന നിലക്ക്​ ന്യായമായ അവകാശങ്ങൾക്കു​വേണ്ടി തെറ്റ് ആവർത്തിക്കാനാണ് ഇഷ്​ടമെന്ന്​ മന്ത്രി കെ.ടി. ജലീൽ. ആകാശം ഇടിഞ്ഞുവീണാലും ഭൂമി പിളർന്നാലും ഈ നിലപാടുമായിത്തന്നെ മുന്നോട്ടുപോകും. ഇത്തരം പ്രശ്നങ്ങളിൽ മനുഷ്യത്വപരമായ വശങ്ങളെ ആശ്രയിച്ചാണ് നിലപാടെടുക്കുക. വിഷയത്തില്‍ അന്യായമായി ഒന്നും ചെയ്തിട്ടില്ല. നിയമത്തിനും ചട്ടത്തിനും ത​​െൻറ മനസ്സിലെ നന്മയെ തടയാനാകില്ല. 

ബി.പി. മൊയ്തീൻ സേവാമന്ദിർ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യവെയാണ്​ വിവാദമായ മാർക്ക്​ ദാന ആരോപണത്തിൽ  മന്ത്രി ജലീൽ നിലപാട്​ വ്യക്​തമാക്കിയത്​.  പ്രശ്നങ്ങൾക്ക് മനുഷ്യത്വസമീപനമുണ്ടാവണം. ജനപ്രതിനിധിയായാലും വ്യക്തിയായാലും ഭരണാധികാരിയായാലും മനുഷ്യത്വത്തോടെ പ്രവർത്തിക്കണം. ചട്ടങ്ങളും വകുപ്പുകളും മനുഷ്യ​​െൻറ നന്മക്കും ക്ഷേമത്തിനുമാണ്. എന്നാല്‍, ചട്ടങ്ങൾ നന്മക്കും ക്ഷേമത്തിനും എതിരാണെങ്കിൽ  ഒരു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ തെറ്റ് ആവര്‍ത്തിക്കാന്‍ തന്നെയാണ്​ തീരുമാനം. 

ജനതാൽപര്യ​ം മാനിച്ചാണ്​ ഒരു വിദ്യാർഥിയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്​ ശ്രമം നടത്തിയത്​. അർഹതയുള്ള ഒരു കാര്യവും മനുഷ്യന് നിഷേധിക്കരുത്. മന്ത്രിയുടെ അടുത്ത് എത്തുന്നത്​ അവസാനഘട്ടത്തിലാണ്​. നിരാലംബരും പാവങ്ങളും കഷ്​ടപ്പെടുന്നവരുമാണ് ഇങ്ങനെ സമീപിക്കുന്നത്. മന്ത്രിയെന്ന നിലയിൽ സാധ്യമാകുന്നത് അർഹരായവർക്ക്​ ഇനിയും ചെയ്തുകൊടുക്കും- ജലീൽ പറഞ്ഞു.


പ്രണയത്തെ ഭീകരവാദത്തിലേക്ക്​ ചേർത്തുവായിക്കുന്ന കാലം -മന്ത്രി കെ.ടി.ജലീൽ

മുക്കം: പ്രണയത്തെ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും ചേർത്ത് വായിക്കുന്ന കാലഘട്ടമാണിതെന്ന്  മന്ത്രി കെ.ടി. ജലീൽ അഭിപ്രായപ്പെട്ടു. മുക്കത്ത് ബി.പി. മൊയ്തീൻ സേവമന്ദിർ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രണയത്തി​​െൻറ വിശുദ്ധി നിശ്ചയിക്കുന്നത് പ്രണയിക്കുന്നവ​​െൻറയും പ്രണയിനിയുടെയും മതവും വിശ്വാസവും നോക്കിയാണ്. ഇത്തരത്തിൽ ശപിക്കപ്പെട്ട കാലത്താണ് നാം ജീവിക്കുന്നത്. ഇൗ ഘട്ടത്തിലാണ്​ വി.പി. മൊയ്തീ​​െൻറ പ്രത്യേകത തിരിച്ചറിയുന്നത്. സാമൂഹിക പ്രവർത്തനരംഗത്ത് ഒരു പാട് പ്രതിസന്ധികളുണ്ടാവും. അറിവും വിദ്യാഭ്യാസവും മനസ്സി​​െൻറ വിശാലതയായിരിക്കണം. വിമർശനങ്ങളും ആക്ഷേപങ്ങളും നമ്മെ പിന്തിരിപ്പിക്കരുത്‌. ഇത്തരം പ്രശ്നങ്ങളിൽ മാനുഷികവശങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത് -മന്ത്രി പറഞ്ഞു. 

നഗരസഭ ചെയർമാൻ വി.കുഞ്ഞൻ അധ്യക്ഷത വഹിച്ചു. കെ.അജിത, ഡോ. എം.എൻ. കാരശ്ശേരി, കെ. രവീന്ദ്രൻ, റഫീഖ് മാളിക, പി.പി. പ്രദീപ് കുമാർ, സി.കെ. കാസിം, മുക്കം വിജയൻ, മുക്കം ഭാസി, കെ. ചന്ദ്രൻ, ഡോ.എം. രവീന്ദ്രൻ, ചേറ്റൂർ ബാലകൃഷ്ണൻ, കെ.സി. നൗഷാദ്, ടി.എം. അശോകൻ എന്നിവർ സംസാരിച്ചു. 

മന്ത്രി കെ.ടി. ജലീലിനെതിരെ കരിങ്കൊടി; പൊലീസ്​ ലാത്തി വീശി
മുക്കം: എം.ജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽപ്പെട്ട മന്ത്രി കെ.ടി. ജലീലിനെതിരെ മുക്കത്ത് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്​, യൂത്ത്​​ ലീഗ്​, എം.എസ്​.എഫ്​ പ്രവർത്തക​ർക്കെതിരെ പൊലീസ്​ ലാത്തിവീശി. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ മുക്കം പൊലീസ്​ അറസ്​റ്റു ചെയ്തു. ഞായറാഴ്ച രാവിലെ 10.30ഓടെ മുക്കം ബൈപാസിന് മുന്നിലാണ് സംഭവം. മുക്കം ബി.പി. മൊയ്തീൻ സേവാ മന്ദിരത്തി​​െൻറ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് മന്ത്രി വരുന്നതിനിടയിലായിരുന്നു കരിങ്കൊടി പ്രതിഷേധം. 

രാവിലെ 10 മണി മുതൽ ബൈപാസ് ജങ്​ഷനിൽ യൂത്ത് കോൺഗ്രസ്​ പ്രവർത്തകർ പ്രതീകാത്മക മാർക്ക് ദാന തട്ടുകടയൊരുക്കിയിരുന്നു. കടക്ക്​ മുന്നിൽ മാർക്ക് ദാനം സ്വന്തക്കാർക്കും പാർട്ടിക്കാർക്ക് ജോലിയും എന്നെഴുതിയ പോസ്​റ്ററും പതിച്ചു. യൂത്ത് കോൺഗ്രസ്​ നേതാവ് അഡ്വ. സൂഫിയാൻ ചെറുവാടി പ്രസംഗിക്കുന്നതിനിടെ മന്ത്രി ജലീൽ അരമണിക്കൂർ നേരത്തേ എത്തുകയായിരുന്നു. ഉടൻ യൂത്ത് കോൺഗ്രസുകാർ മുദ്രാവാക്യവുമായി റോഡിലേക്ക് ചാടി വീണു മാർക്ക് ലിസ്​റ്റ്​ കോപ്പി റോഡിലിട്ട്​ കത്തിച്ച് പ്രതിഷേധിച്ചു. അപ്പോഴേക്കും മന്ത്രി ഉദ്ഘാടന വേദിയിലെത്തിയിരുന്നു. റോഡിലെ പ്രതിഷേധം സംഘർഷത്തിലേക്ക്​ നീങ്ങിയപ്പോൾ പൊലീസ്​ ലാത്തി വീശുകയായിരുന്നു. 11 പേരെ സംഭവസ്​ഥലത്തുനിന്ന്​ പൊലീസ്​ പിടികൂടി. 

മറുവശത്ത് യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകരും പ്രതിഷേധിച്ചു. സേവമന്ദിരത്തി​​െൻറ ഉദ്ഘാടനം നടക്കുന്നതിനിടയിൽ പ്രതിഷേധം കനത്തു. ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി മടങ്ങുന്നതിനിടയിൽ വീണ്ടും പ്രതിഷേധ പ്രകടനം നടത്തിയ മൂന്നു പേരെക്കൂടി പൊലീസ്​ അറസ്​റ്റു ചെയ്​തു. ഇതിനിടയിൽ മുക്കത്ത് ആലിൻ ചുവട്ടിൽ നിന്ന് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനവുമായി വന്നതും സംഘർഷമായി. യൂത്ത് ലീഗ് ജില്ല സെക്രട്ടറി എം.ടി. സയ്യിദ് ഫസൽ, ഷരീഫ് വെണ്ണോക്കോട്, ജിഹാദ് തറോൽ, അൻവർ മുണ്ടുപാറ, ഹനീഫ തെച്ചിയാട്, ഷമീർ മുണ്ടുപാറ, നസീർ കല്ലുരുട്ടി, ഷീനാസ്, ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. 

അറസ്​റ്റുചെയ്​ത 14 പേരെ പിന്നീട്​ ജാമ്യത്തിൽ വിട്ടയച്ചു. യൂത്ത് കോൺഗ്രസ് വയനാട് പാർലമ​െൻറ്​ മണ്ഡലം പ്രസിഡൻറ്​ കെ.ടി. അജ്മൽ, കെ.എസ്.യു കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് ദിശാൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ്​ സജീഷ് മുത്തേരി, സുഫിയാൻ ചെറുവാടി, ജുനൈദ് പാണ്ടികശാല, റഹ്മത്തുള്ള, ഉനൈസ്‌, ഷാലു തോട്ടുമുക്കം, ഫൈസൽ ആനയാംകുന്ന്, ഷാമിൽ, ജലീൽ, ഷുക്കൂർ, സുഭാഷ്, അർജുൻ എന്നിവരെയാണ്​ വിട്ടയച്ചത്.

വിട്ടയച്ച പ്രവർത്തകരെയും ആനയിച്ച്​ പൊലീസ് സ്​റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം മുക്കത്ത് സമാപിച്ചു. ഡി.സി.സി പ്രസിഡൻറ്​ ടി. സിദ്ദീഖ്​ ഉദ്​ഘാടനം ചെയ്​തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ എം.ടി. അഷ്റഫ്, സത്യൻ മുണ്ടയിൽ, കരീം പഴങ്കൽ, ബോസ് ജാക്കോബ് എന്നിവർ സംസാരിച്ചു. ജംഷിദ്, ഫൈസൽ, സുരേഷ്, ജിതിൻ, മുൻഷർ എന്നിവർ നേതൃത്വം നൽകി.


 

Loading...
COMMENTS