ഖാഇദെ മില്ലത്തിന്റെ 'ഈമാൻ' വേണമെന്ന് പറയുന്നില്ല, വി.എം. സുധീരന്റെ 'ഈമാനെങ്കിലും' ലീഗ് നേതാക്കൾക്ക് വേണ്ടേ? -കെ.ടി. ജലീൽ
text_fieldsകെ.ടി. ജലീൽ
കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ പി.എം.എ.വൈ ഭവന പദ്ധതിയിൽ മന്ത്രി കെ.എം ഷാജിയും പി.എം. ശ്രീയിൽ മന്ത്രി ഷംസുദ്ദീനും നടത്തിയ പ്രസ്താവനകളെ രൂക്ഷമായി വിമർശിച്ച് മുൻ തവനൂർ എം.എൽ.എയും മന്ത്രിയുമായ കെ.ടി. ജലീൽ. സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് ഇരുവരെയും വിമർശിച്ച് കെ.ടി. ജലീൽ രംഗത്തെത്തിയത്. തന്റെ പഴയ സഹപ്രവർത്തകരായ ഇരുവരും നടത്തിയ പ്രസ്താവനകൾ അഭിമാന ബോധമുള്ളവരെയും മതേതരവാദികളെയും വല്ലാതെ വേദനിപ്പിച്ചെന്ന് ജലീൽ കുറിച്ചു.
ഡോ. എം.കെ. മുനീർ പ്രസിഡന്റും ഞാൻ ജനറൽ സെക്രട്ടറിയുമായ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ ഷാജി ട്രഷററും, ഷംസുദ്ദീൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന വർക്കിങ് കമ്മിറ്റി മെമ്പറുമായിരുന്നു. ഞങ്ങളുടെ കമ്മിറ്റിയിൽ ആദ്യം മുനീറും രണ്ടാമത് ഞാനും മൂന്നാമത് ഷാജിയും ഷംസുവും സംസ്ഥാന മന്ത്രിസഭയിൽ അംഗങ്ങളായി. ഏറെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്. എന്നാൽ, കേന്ദ്ര സർക്കാർ പദ്ധതിയായ പി.എം.എ.വൈ പ്രകാരം നിർമിക്കുന്ന വീടുകൾക്ക് മുമ്പിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കണമെന്ന ഷാജിയുടെ പ്രസ്താവന പ്രതിഷേധാർഹമാണ്. കടമെടുത്ത് സർക്കാറും തദ്ദേശ വകുപ്പും നിർമിച്ച് നൽകിയ അഞ്ച് ലക്ഷം വീടുകളിൽ ഒരു ഭരണകർത്താവിന്റെയും ചിത്രം പതിപ്പിക്കാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടില്ലെന്നും ജലീൽ ചൂണ്ടിക്കാട്ടി.
മന്ത്രിക്കെന്ന പോലെ എല്ലാവർക്കും അഭിമാനമുണ്ട്. സർക്കാർ നിർമിച്ച വീടുകൾക്ക് മുമ്പിൽ മോദിയുടെ ഫോട്ടോ വെക്കണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ മാത്രം ഗതികെട്ടവരല്ല മലയാളികളെന്നും, ലീഗ് ജനങ്ങളിൽ നിന്ന് പണം പിരിച്ചു നൽകുന്ന വീടിന് പച്ച നിറം അടിക്കുന്ന പോലെയോ 'ബൈത്തുറഹ്മ' ബോർഡ് തൂക്കുന്നത് പോലെയോ അല്ല വീടിന് കാവി നിറം അടിക്കലും മോദിയുടെ ഫോട്ടോ സഹിതമുള്ള സ്റ്റിക്കർ ഒട്ടിക്കുന്നതെന്നും ജലീൽ വിമർശിച്ചു.
ഇ.ഡി പേടിയാണ് ലീഗിനെ ഇത് പറയിപ്പിക്കുന്നതെങ്കിൽ 'ചന്ദ്രിക' പത്രത്തിൻ്റെ ബോർഡിന് മുകളിലും കള്ളപ്പണ ഇടപാടിൽ അന്വേഷണം നേരിടുന്ന ലീഗ് നേതാക്കളുടെ വീടിന് മുന്നിലും മോദിയുടെ ഫോട്ടോ പതിക്കട്ടെയെന്നും ജലീൽ പോസ്റ്റിലൂടെ പറഞ്ഞു. പി.എം. ശ്രീ നടപ്പിലാക്കുന്നതിൽ നിന്നും പഴയ സഹപ്രവർത്തകൻ ഷംസുദ്ദീൻ പിന്തിരിയണം. എൽ.ഡി.എഫ് മരവിപ്പിച്ച പി.എം ശ്രീ ലീഗിൻ്റെ മന്ത്രിയെ കൊണ്ട് ഒപ്പ് വെപ്പിച്ച് നടപ്പിലാക്കും എന്ന് വെല്ലുവിളിച്ചത് ബി.ജെ.പി പ്രസിഡണ്ട് സുരേന്ദ്രനാണ്. സുരേന്ദ്രൻ മുഖേന ലീഗ് ഏതെങ്കിലും തരത്തിലുള്ള 'ഡീൽ' ഉണ്ടാക്കിയിട്ടുണ്ടോ എന്നും പഴയ സഹപ്രവർത്തകർ വ്യക്തമാക്കണം.
വീര്യംകുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച് മദ്യപാനം സാർവത്രികമാക്കാൻ ലീഗ് മന്ത്രിമാർ തീരുമാനിച്ചതിനെതിരെ സാദിഖലി തങ്ങൾ ചന്ദ്രിക പത്രത്തിൽ ലേഖനമെഴുതുകയല്ല ചെയ്യേണ്ടത്. മറിച്ച്, മുഖ്യമന്ത്രിയെ വിളിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് പിൻവലിക്കണമെന്ന് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിന്റെ നികുതി കുറക്കുന്ന നയത്തിൽ ലീഗ് നേതാക്കൾക്ക് വി.എം. സുധീരൻ്റെ വിശ്വാസമെങ്കിലും വേണമെന്നും കെ.ടി. ജലീൽ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

