Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'വടകരയിൽ കളിച്ചത്...

'വടകരയിൽ കളിച്ചത് തീക്കളി; തോൽക്കുമെന്ന് വരുമ്പോൾ മതായുധം പുറത്തെടുക്കാൻ ലീഗിലെ തീവ്രൻമാർക്ക് മടിയില്ല'

text_fields
bookmark_border
kt jaleel 09879878
cancel

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് കളിച്ചത് തീക്കളിയാണെന്ന് കെടി ജലീൽ എം.എൽ.എ. ലീഗും കോൺഗ്രസിലെ ഒരുവിഭാഗവും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ജനാധിപത്യ ഉൽസവത്തെ ഒരുതരം "മതോൽസവ"മാക്കി മാറ്റി. മതവികാരം ഇളക്കിവിട്ട് കൃത്രിമമായ ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ചുവെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ യൂത്ത് ലീഗ് പ്രവർത്തകർ ആവേശം കാട്ടി. അവിടെ തെരഞ്ഞെടുപ്പ് നടത്തിയത് കോടികൾ പ്രതിഫലം പറ്റിയ ഇവൻറ് മാനേജ്മെന്റ് ടീമായിരുന്നുവെന്നും ജലീൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വടകരയിൽ ലീഗ് കളിച്ച തീക്കളി

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് മൂന്നാം സീറ്റ് കിട്ടിയില്ല. അവർ ചോദിച്ച വടകര സീറ്റിൽ ലീഗിന് കൂടി സമ്മതനായ ഒരാളെ കോൺഗ്രസ് മൽസരിപ്പിച്ചു. ലീഗിൻ്റെ വിഭവശേഷി ആളായും അർത്ഥമായും പരമാവധി ഉപയോഗിച്ചു. വടകരയിൽ കോൺഗ്രസ് ആദ്യമായിട്ടല്ല മൽസരിക്കുന്നത്. മുലപ്പള്ളിയും മുരളീധരനുമൊക്കെ അവിടെ മൽസരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ രാഷ്ട്രീയമായാണ് ലീഗ് തെരഞ്ഞെടുപ്പിനെ കണ്ടത്.
മുൻതെരഞ്ഞെടുപ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായ കാഴ്ചയാണ് ഇത്തവണ വടകരയിൽ കണ്ടത്. ഒരുതരം വന്യമായ ആവേശത്തോടെ കോടികൾ പൊടിച്ച് നടത്തിയ ആറാട്ടാണ് അവിടെ നടന്നത്. ലീഗും കോൺഗ്രസ്സിലെ ഒരുവിഭാഗവും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ജനാധിപത്യ ഉൽസവത്തെ ഒരുതരം "മതോൽസവ"മാക്കി മാറ്റി. മതവികാരം ഇളക്കിവിട്ട് കൃത്രിമമായ ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ചു. വടകരയിൽ തെരഞ്ഞെടുപ്പ് നടത്തിയത് കമ്മിറ്റികളല്ല. കോടികൾ പ്രതിഫലം പറ്റിയ "ഇവൻറ് മാനേജ്മെൻ്റ്" ടീമായിരുന്നു.
ഷൈലജ ടീച്ചറെപ്പോലെ ക്രൂരമായ വ്യക്തിഹത്യക്ക് ഇരയായ ഒരു സ്ഥാനാർത്ഥി കേരളത്തിൽ വേറെ ഉണ്ടാവില്ല. "കോവിഡ് കള്ളി", "പെരുംകള്ളി" എന്നെല്ലാമുള്ള പച്ചക്കള്ളങ്ങൾക്കൊപ്പം അശ്ളീല ചുവയുള്ള നിരവധി വാക്കുകളും വീഡിയോ ക്ലിപ്പിംഗുകളും അവർക്കെതിരെ യൂത്ത്ലീഗ്-യൂത്ത്കോൺഗ്രസ്സ് സൈബർ തെമ്മാടികൾ ഉപയോഗിച്ചു. നിപ്പയും കോവിഡും തിമർത്താടിയപ്പോൾ ഉലയാത്ത ടീച്ചറുടെ മനസ്സ് ഇന്നോളം കേൾക്കാത്ത അപവാദങ്ങൾ കേൾക്കേണ്ടി വന്നപ്പോൾ ആടിഉലഞ്ഞ് കാണും. സി.പി.ഐ.എമ്മിനെതിരെ വാർത്ത ചമക്കാൻ ടീച്ചറെ ഒരുഘട്ടത്തിൽ പാടിപ്പുകഴ്ത്തിയിരുന്ന മാധ്യമങ്ങൾ അവരുടെ തനിസ്വരൂപം കാണിച്ച് ''ടീച്ചർവധത്തിന്" എരുവും പുളിയും പകർന്നു.
ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് ഒരു മതനിറം കൊടുക്കാൻ യൂത്ത്ലീഗ് പ്രവർത്തകർ കാണിച്ച അമിതാവേശം തീർത്തും അരോചകമായി തോന്നി. നോമ്പും പെരുന്നാളും പെരുന്നാൾ നമസ്കാരവും വെള്ളിയാഴ്ച ജുമഅയും തെരഞ്ഞെടുപ്പു കമ്പോളത്തിൽ നല്ല വിൽപ്പനച്ചരക്കാക്കി യു.ഡി.എഫ് മാറ്റി. വടകര മണ്ഡലത്തിന് പുറത്തുള്ള യൂത്ത്ലീഗ് പ്രവർത്തകരുടെ ഒരുതരം കുത്തൊഴുക്കായിരുന്നു വടകരയിലേക്ക്. തെരഞ്ഞെടുപ്പ് ജയിക്കാൻ ഭൂരിപക്ഷ വർഗ്ഗീയതക്ക് തീപിടിപ്പിച്ച ബി.ജെ.പിയുടെ മറുവശമായി ലീഗ് മാറി. ന്യൂനപക്ഷ വർഗ്ഗീയതയുടെ മാലപ്പടക്കത്തിന് അവർ തീകൊളുത്തി. ചെകിടടിപ്പിക്കുന്ന ശബ്ദത്തോടെ അത് വടകര പാർലമെൻ്റ് മണ്ഡലത്തിൻ്റെ മുക്കിലുംമൂലയിലും പൊട്ടിത്തെറിച്ചു. പലപ്പോഴും വടകരയിലെ തെരഞ്ഞെടുപ്പ് രംഗം വർഗ്ഗീയ ചേരിതിരിവിൽ വീർപ്പുമുട്ടി. ബഹുസ്വരമാകേണ്ട പ്രചരണ സദസ്സുകളെല്ലാം ബി.ജെ.പിയുടേത് പോലെ ഏകമാനസ്വഭാവമുള്ളതായി മാറി. തെരഞ്ഞെടുപ്പിനെ സംഘ്പരിവാർ കാവിയൽക്കരിച്ച പോലെ വടകരയിൽ ലീഗുപ്രവർത്തകർ ലോകസഭാ ഇലക്ഷൻ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു.
ഇന്ത്യൻ കറൻസിയുടെ പേമാരി പെയ്യിക്കാനുള്ള ശക്തി തങ്ങൾക്കുണ്ടെന്ന ഭാവത്തിലാണ് യു.ഡി.എഫിൻ്റെ പ്രചരണ കോലാഹലങ്ങൾ അരങ്ങു തകർത്തത്. മാന്യതയും ലാളിത്യവും അരികെപ്പോലും വരാതെ നോക്കാൻ അവർ പ്രത്യേകം ജാഗ്രത കാട്ടി. രാത്രി പത്തുമണി കഴിഞ്ഞും "സ്ഥാനാർത്ഥി"യെ കാണാൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നവരുടെ ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ ചില പ്രത്യേക കേന്ദ്രങ്ങൾ തെരഞ്ഞെടുത്തു. മതേതര മനസ്സുള്ളവർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത രീതിയും ശീലവുമാണ് വടകരയിലെ ലീഗ് കേന്ദ്രങ്ങളിൽ അവർ പുറത്തെടുത്തത്.
തവനൂരിൽ ഒരു മില്യണിലധികം എഫ്.ബി ഫോളോവേഴ്സുള്ള ലീഗുകാരനായ "ചാരിറ്റി ബിസിനസുകാരനെ" നിർത്തി പയറ്റിയ എല്ലാ തന്ത്രങ്ങളും വടകരയിലും അതേ ടീമിനെക്കൊണ്ട് നടത്തിച്ചു. പുറത്ത് നിന്ന് ആളുകളെയിറക്കി പ്രചരണ സമ്മേളനങ്ങൾ കൊഴുപ്പിച്ചു. കൊച്ചുകുട്ടികളെപ്പോലും "അഭിനയത്തിൻ്റെ" ഭാഗമാക്കി. കുട്ടികളെക്കൊണ്ട് ക്യാമറക്ക് മുന്നിൽ സ്ഥാനാർത്ഥിയുടെ പേര് പറയിപ്പിക്കുക. തുടർന്ന് സ്ഥാനാർത്ഥി മിഠായിപ്പൊതികളുമായി രംഗപ്രവേശം ചെയ്യുക. സ്ഥാനാർത്ഥിയുടെ ഇരിപ്പും നടപ്പും എല്ലാം ഇടവേളയില്ലാതെ പകർത്താൻ ക്യാമറക്കണ്ണുകൾ കാട്ടിയ കരുതലിന് "ഓസ്കാർ" ലഭിച്ചാലും അൽഭുതപ്പെടേണ്ടതില്ല. സിനിമാനടൻമാരെപ്പോലും പിന്നിലാക്കും വിധമായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ "നടനവൈഭവം". എല്ലാം ചെയ്ത്കൂട്ടിയിട്ട് "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ" എന്ന മട്ടിൽ പുരപ്പുറത്ത് കയറി കൂവുന്നത് കേട്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല.
തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് വരുമ്പോൾ "മതായുധം" പുറത്തെടുക്കാൻ ലീഗിലെ തീവ്രൻമാർക്ക് യാതൊരു മടിയുമില്ല. അഴീക്കോട്ട് ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ച നികേഷ് കുമാറിനെതിരെ ''സിറാത്ത് പാലം കടക്കാത്ത കാഫിർ" എന്ന് അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് പിടികൂടിയതിൻ്റെ പേരിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ്ഫലം ഹൈക്കോടതി രണ്ടുപ്രാവശ്യം റദ്ദ് ചെയ്തത്. ആ കേസ് ഇപ്പോഴും സുപ്രീം കോടതിയിൽ നടക്കുകയാണ്. വടകരയിലും അതേ കാർഡാണ് ടീച്ചർക്കെതിരെ ലീഗ് പുറത്തെടുത്തത്. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്തെ ഇസ്ലാമിനെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ച കൊടിയ ശത്രുക്കളെയാണ് "കാഫിർ" എന്ന അറബി പദം കൊണ്ട് വിവക്ഷിക്കുന്നത്. അതേ വാക്കാണ് ശൈലജ ടീച്ചർക്കെതിരെയും വ്യാപകമായി വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും കൂട്ടരും ഉപയോഗിച്ചത്.
2021-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്കെതിരെ ലീഗും ജമാഅത്തെ ഇസ്ലാമിയും ഇറക്കിയതും മത കാർഡാണ്. ഞാൻ ഇസ്ലാമിക വിശ്വാസത്തെ തള്ളിപ്പറഞ്ഞുവെന്ന് കൃത്രിമമായ fb സ്ക്രീൻഷോട്ടുണ്ടാക്കി പ്രചരിപ്പിച്ചു. ലീഗ് എം.എൽ.എയായിരുന്ന ഷാജിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് ചില ഭാഗങ്ങൾ അടർത്തിയെടുത്ത് വീഡിയോ ക്ലിപ്പിംഗാക്കി പ്രചരിപ്പിച്ചു. ബി.ജെ.പിയുടെ വോട്ട് വിലകൊടുത്ത് വാങ്ങി. എന്നിട്ടും പക്ഷെ സത്യത്തെ തോൽപ്പിക്കാനായില്ല.
2024-ൽ വടകര പാർലമെൻ്റ് മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ്, യു.ഡി.എഫ് മുച്ചൂടും വർഗ്ഗീയവൽക്കരിച്ചു എന്നതിൻ്റെ പേരിലാകും ചരിത്രത്തിൽ ഇടംനേടുക.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KT JaleelShafi parambilKK shailajaVatakara election
News Summary - KT Jaleel Communalize Vatakara Parliament Election
Next Story