Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബന്ധു നിയമനം:...

ബന്ധു നിയമനം: അപേക്ഷകർക്ക്​ യോഗ്യയില്ലത്തതിനാൽ ബന്ധുവിനെ നിയമിച്ചെന്ന്​ ജലീൽ

text_fields
bookmark_border
ബന്ധു നിയമനം: അപേക്ഷകർക്ക്​ യോഗ്യയില്ലത്തതിനാൽ ബന്ധുവിനെ നിയമിച്ചെന്ന്​ ജലീൽ
cancel

മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജറായി ബന്ധുവിനെ നിയമിച്ചെന്ന യൂത്ത്​ ലീഗി​​​െൻറ ആരോപണങ്ങൾക്ക്​ മറുപടിയുമായി മന്ത്രി കെ.ടി ജലീൽ. തസ്​തികയിലേക്ക്​ ഏഴുപേർ അപേക്ഷ നൽകിയിരുന്നു. എന്നാൽ അഭിമുഖത്തിനെത്തിയ മൂന്നുപേരും നിശ്ചിത യോഗ്യത ഇല്ലാത്തവരായിരുന്നു. അതിനാൽ ആരെയും നിയമിച്ചില്ല. പരിചയസമ്പന്നനായ ഒരാളുടെ സേവനം ന്യൂനപക്ഷ കോർപ്പറേഷന് ആവശ്യമായി വന്നതിനാൽ നേരത്തെ നൽകിയ ഏഴു അപേക്ഷകൾ പരിശോധിച്ച സ്ഥാപനത്തി​​​െൻറ ചെയർമാൻ പ്രൊഫ. എ.പി. അബ്ദുൽ വഹാബും എം.ഡി റിട്ടയേഡ് എസ്.പി അക്ബറും അവരിൽ യോഗ്യതയുണ്ടായിരുന്ന ഒരേ ഒരാളായ അദീപിനെ ബന്ധപ്പെടുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. ധനകാര്യ സ്ഥാപനങ്ങളിൽ പരിചയ സമ്പത്തുള്ള ഒരാളുടെ സേവനം അത്യാവശ്യമാണെന്നതിനാൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴിക്കോട് ഓഫീസിൽ സീനിയർ മാനേജരായി ജോലി ചെയ്യുകയായിരുന്ന അദീപിനെ തൽസ്ഥാനത്തേക്ക്​ നിയമിക്കുകയായിരുന്നുവെന്നും ജലീൽ ഫേസ്​ബുക്ക്​ കുറിപ്പിലൂടെ വ്യക്തമാക്കി.

കാര്യ ബാങ്കിലെ മാനേജർ ജോലിയേക്കാൾ താഴ്ന്ന ജോലിയാണിതെന്നും ന്യൂനപക്ഷ കോർപ്പറേഷനിലേക്ക് വരാൻ താൽപര്യമില്ലെന്ന്​ അദീപ്​ അറിയിച്ചതാണെന്നും ജലീൽ പറഞ്ഞു.​

കെ. ടി ജലീലി​​​െൻറ ഫേസ്​ബുക്ക്​ കുറിപ്പി​​​െൻറ പൂർണരൂപം

ബന്ധു നിയമനമെന്ന യൂത്ത് ലീഗിന്റെ ഉണ്ടയില്ലാ വെടി
----------------------------------------
എന്റെ ബന്ധുവിനെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മോനേജരായി നിയമിച്ചുവെന്ന യൂത്ത് ലീഗിന്റെ ആരോപണം വസ്തുതക്കൾക്ക് നിരക്കാത്തതാണ്. ഒരു ധനകാര്യ സ്ഥാപനമെന്ന നിലയിൽ മറേറതെങ്കിലും മെച്ചപ്പെട്ടൊരു ധനകാര്യ സ്ഥാപനത്തിൽ പ്രവൃത്തി പരിചയവും നിലവിൽ ജോലി ചെയ്ത് വരുന്നതുമായ ഒരാളെ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ വേണ്ടിയാണ് 2016 സെപ്തംബർ 17 ന് ശനിയാഴ്ച കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ കോർപ്പറേഷൻ പരസ്യം നൽകി അപേക്ഷ ക്ഷണിച്ചത്. യോഗ്യതയായി പറഞ്ഞത് MBA അല്ലെങ്കിൽ BTech with PGDBA/ CS/ CA/ ICWAI യും മൂന്നുവർഷ പരിചയവുമായിരുന്നു. അതനുസരിച്ച് ഏഴു പേരാണ് അപേക്ഷിച്ചത്.

ഇതടിസ്ഥാനത്തിൽ 26.10.2016 ന് നടന്ന ഇൻറർവ്യൂവിൽ മൂന്നു പേർ ഹാജരായി. നിശ്ചിത യോഗ്യത ഇല്ലാത്തവരായിരുന്നു മൂന്നു പേരുമെന്നതിനാൽ ആരെയും നിയമിച്ചില്ല. പരിചയസമ്പന്നനായ ഒരാളുടെ സേവനം ന്യൂനപക്ഷ കോർപ്പറേഷന് ആവശ്യമായി വന്നതിനാൽ നേരത്തെ നൽകിയ ഏഴു അപേക്ഷകൾ പരിശോധിച്ച സ്ഥാപനത്തിന്റെ ചെയർമാൻ പ്രൊഫ. എ.പി. അബ്ദുൽ വഹാബും എം.ഡി റിട്ടയേഡ് എസ്.പി അക്ബറും അവരിൽ യോഗ്യതയുണ്ടായിരുന്ന ഒരേ ഒരാളെ ബന്ധപ്പെടുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.

കഥാപുരുഷനായ അദീപ് നിലവിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴിക്കോട് ഓഫീസിൽ സീനിയർ മാനേജരായി ജോലി ചെയ്യുകയാണെന്നും തനിക്ക് ന്യൂനപക്ഷ കോർപ്പറേഷനിലേക്ക് വരാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് ഇന്റർവ്യൂവിന് വരാതിരുന്നതെന്നും അറിയിച്ചു. മൈനോറിറ്റി ധനകാര്യ കോർപ്പറേഷന് ധനകാര്യ സ്ഥാപനങ്ങളിൽ പരിചയ സമ്പത്തുള്ള ഒരാളുടെ സേവനം അത്യാവശ്യമാണെന്നും കേന്ദ്ര ധനകാര്യ കോർപ്പറേഷനിൽ നിന്ന് പുതിയ പ്രൊജക്ടുകൾ സമർപ്പിച്ച് ഫണ്ട് വാങ്ങിയെടുക്കുന്നതിന് വേറെ ഒരാളെ കിട്ടുന്നത് വരെ തൽക്കാലത്തേക്കെങ്കിലും ഡപ്യൂട്ടേഷനിൽ വരണമെന്നും അഭ്യർത്ഥിച്ചതനുസരിച്ചാണ് അദീപ് സൗത്ത് ഇൻഡ്യൻ ബാങ്കിൽ നിന്നുള്ള NOC ഉൾപ്പടെ അനുബന്ധമായി ചേർത്ത് അപേക്ഷ നൽകുന്നത്. പ്രസ്തുത അപേക്ഷ എം.ഡി 11.9. 2018 ന് സർക്കാരിലേക്ക് ശുപാർശ ചെയ്തയച്ചു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് KS & SSR 1958 ലെ റൂൾ 9B പ്രകാരം ഇദ്ദേഹത്തിന് സൗത്ത് ഇന്ത്യൻ ബാങ്കിലെ സീനിയർ മാനേജർ എന്ന തസ്തികയിൽ ലഭ്യമാകുന്ന അതേ ശമ്പളവും അലവൻസും അടിസ്ഥാനത്തിൽ കോർപ്പറേഷനിൽ ഒരു വർഷത്തേക്ക് നിയമനം നൽകി ഉത്തരവാവുകയും ചെയ്തു. മേൽ നിയമപ്രകാരം സർക്കാരിന് യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനിൽ നിയമിക്കാൻ അധികാരമുണ്ട് താനും.

നല്ലൊരു ജോലിയിൽ നിന്ന് അനാകർഷണീയമായ മറ്റൊരു പദവിയിലേക്ക്, മൈനോരിറ്റി ധനകാര്യ കോർപ്പറേഷന്റെ മെച്ചപ്പെട്ട പ്രവർത്തനം മാത്രം ലാക്കാക്കി യോഗ്യതയും പരിചയ സമ്പത്തുമുള്ള ഒരാൾക്ക് ഡപ്യൂട്ടേഷനിൽ നിയമനം നൽകിയതിനെയാണ് മഹാപരാധമായി ഫിറോസ് അവതരിപ്പിക്കുന്നത്. മുമ്പ് കുടുംബശ്രീ നിയമനത്തിൽ ഞാൻ അഴിമതി കാണിച്ചു എന്നും പറഞ്ഞ് കൊടിയും വടിയുമെടുത്ത് ഇങ്ങേരും സിൽബന്തികളും അരയും തലയും മുറുക്കി ഇറങ്ങിയിരുന്നു. വാർത്താ സമ്മേളനം നടത്തി മാലോകരെ അറിയിക്കുകയും ചെയ്തു. അരിശം തീരാഞ്ഞ് വിജിലൻസ് കോടതിയിൽ കേസും കൊടുത്തു. അതിന്റെയൊക്കെ പരിണിതി എന്തായി എന്ന് പിന്നീടാരും അറിഞ്ഞില്ല. അതുകൂടെ ഇതോട് ചേർത്തൊന്ന് പറഞ്ഞാൽ നന്നായിരിക്കും. എന്നെക്കൊണ്ട് ലീഗിൽ ജീവിച്ചു പോകുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്. അതിൽ ഒരാളാണ് എന്റെ അനുജ സഹോദരൻ ഫിറോസ്. ജലീൽ വിരോധം കൊണ്ട് മാത്രം രക്ഷപ്പെടുന്ന കാലം ലീഗിൽ കഴിഞ്ഞുവെന്നത് ഇനിയെങ്കിലും മനസ്സിലാക്കിയാൽ ഫിറോസിന് നന്നു. അപവാദങ്ങൾക്കും കുപ്രചരണങ്ങൾക്കും അൽപായുസ്സേ ഉണ്ടാകൂ. സത്യമേ ശാശ്വതമായി ജയിക്കൂ. ആ വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാവണം ഇതിലൊന്നും ഒരു ഭയവും തോന്നുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskt jaleelappointmentMinority Finance Cooperation
News Summary - KT Jaleel - Appointment - Kerala news
Next Story