മുഖ്യമന്ത്രിയുടെ പരിപാടി; കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ
text_fieldsകറുത്ത വസ്ത്രം ധരിച്ച കെ.എസ്.യു പ്രവര്‍ത്തകരെ സര്‍വകലാശാല കാമ്പസില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന ചടങ്ങിനെത്തിയ ശനിയാഴ്ച കറുത്ത വസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. കെ.എസ്.യു ജില്ല ജനറല്‍ സെക്രട്ടറി ഷംലിക്ക് കുരിക്കള്‍, കെ.എസ്.യു സര്‍വകലാശാല കാമ്പസ് യൂനിറ്റ് പ്രസിഡന്റും പൊളിക്കറ്റിക്കല്‍ സയന്‍സ് വിദ്യാർഥിയുമായ അനീറ്റ മരിയ, മുന്‍ യൂനിറ്റ് പ്രസിഡന്റും എം.ഫില്‍ വിദ്യാർഥിയുമായ എം.പി. അഖില, യൂനിറ്റ് ജനറല്‍ സെക്രട്ടറി എസ്. ശരത്, യൂനിറ്റ് നിര്‍വാഹക സമിതി അംഗം സജ്ഞന ഗായത്രി, ഹരിത സംസ്ഥാന കമ്മിറ്റി അംഗം ഫിദ, എം.എസ്.എഫ് മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് റഹീസ്, കാമ്പസ് എം.എസ്.എഫ് സെക്രട്ടറി മറിയം റഷീദ എന്നിവരെയാണ് കറുത്ത വസ്ത്രം ധരിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കെ.എസ്.യു കാമ്പസ് വൈസ് പ്രസിഡന്റ് കെ. ഷിബ്‌നയെ കറുത്ത വസ്ത്രം ധരിച്ചെത്തിയതിനാല്‍ പ്രവേശന കവാടത്തില്‍ പൊലീസ് തടഞ്ഞു. കേരളവിഷന്‍ ചാനല്‍ കാമറമാന്‍ യാസീന്‍ തിരൂരിന്റെ കൂളിങ് ഗ്ലാസ് കണ്ണട പൊലീസ് വാങ്ങിവെച്ചെങ്കിലും പിന്നീട് തിരികെ നല്‍കി. ഉദ്ഘാടന സദസ്സിലേക്ക് കറുത്ത മാസ്‌ക്, കുട, കറുത്ത കണ്ണട എന്നിവ ഉള്‍പ്പെടെ അനുവദിക്കാതെയായിരുന്നു നിയന്ത്രണം.
കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ ഊരി വെപ്പിച്ചാണ് അകത്തേക്ക് കടത്തിവിട്ടത്. സര്‍വകലാശാല സ്റ്റുഡന്റ്‌സ് ട്രാപ്പിലെ ഗോള്‍ഡന്‍ ജൂബിലി ഓപണ്‍ ഓഡിറ്റോറിയം മറച്ചുകെട്ടിയായിരുന്നു ഉദ്ഘാടന ചടങ്ങ്. കറുപ്പിനോട് സാമ്യമുള്ള നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികളെ പൊലീസ് തടഞ്ഞതിനാല്‍ ഹോസ്റ്റലില്‍ പോയി വസ്ത്രം മാറിയാണ് ചിലര്‍ എത്തിയതെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള മൗലികാവകാശത്തെ ലംഘിക്കുന്ന ഏകാധിപത്യ നടപടിയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊലീസ് സ്വീകരിച്ചതെന്നും കെ.എസ്.യു പ്രവര്‍ത്തകര്‍ പറഞ്ഞു.
സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 600 ഓളം പൊലീസുകാരെയാണ് സര്‍വകലാശാല കാമ്പസ്, ദേശീയപാത, കാക്കഞ്ചേരി എന്നിവിടങ്ങളിലായി വിന്യസിച്ചത്. ജില്ല പൊലീസ് മേധാവിയുടെയും ആറ് ഡിവൈ.എസ്.പിമാരുടെയും നേതൃത്വത്തിലായിരുന്നു സുരക്ഷ ക്രമീകരണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

