‘കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ എന്ന് വച്ചാൽ എന്ത് ചെയ്യും...’; ഹൈകോടതി പ്ലീഡർ നിയമനത്തിൽ സർക്കാറിനെതിരെ കെ.എസ്.യു
text_fieldsതിരുവനന്തപുരം: ഹൈകോടതി പ്ലീഡർ നിയമനത്തിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കെ.എസ്.യു. തിരുവനന്തപുരം ലോ കോളജിൽ എസ്.എഫ്.ഐ പ്രവർത്തകയായിരുന്ന അഡ്വ. ജയോണ ജെയിംസിനെ പ്ലീഡറാക്കിയതിനെതിരെയാണ് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വിമർശിച്ച് രംഗത്തുവന്നത്.
വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ല. വഴിയിൽ കൂടി പോകുന്ന എസ്.എഫ്.ഐക്കാരെയൊക്കെ ചുമക്കേണ്ട ബാധ്യത യു.ഡി.എഫ് സർക്കാറിനില്ല. തിരുവനന്തപുരം നിയമ കലാലയത്തിൽ കെ.എസ്.യുക്കാരെ നിരന്തരം മർദിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘത്തിലുള്ളവരെ ഗവൺമെന്റ് പ്ലീഡറാക്കിയ നടപടി തിരുത്തപ്പെടേണ്ടതാണെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
എന്തുകൊണ്ട് പരസ്യമായി പ്രതികരിക്കുന്നു എന്ന ചോദ്യം പാർട്ടിയേ സ്നേഹിക്കുന്ന സഹപ്രവർത്തകർക്ക് ഉണ്ടാകുമെന്നതിനാൽ അതിനുള്ള മറുപടി കൂടി കുറിക്കാതിരിക്കാൻ വയ്യ. കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ എന്ന് വച്ചാൽ എന്ത് ചെയ്യുമെന്നും കുറിപ്പിലുണ്ട്.
ജയോണ തോമസ് 2015 മുതൽ 2019 വരെ ലോ കോളജിൽ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.യു മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. യു.ഡി.എഫുകാരല്ലാത്തവരെ പ്ലീഡര്‍മാരാക്കിയത് പിന്‍വലിക്കണമെന്ന് ലോയേഴ്സ് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;
വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ല.
ഇക്കാലമത്രയും വാദിച്ചതും ശബ്ദമുയർത്തിയതും KSU ആയി തെരുവിൽ ചോരയൊഴുക്കിയവർക്കും കേസുകളിൽ പ്രതിയായവർക്കും വേണ്ടിയാണ്. വ്യക്തിപരമായ ഒരു സർക്കാർ ആനുകൂല്യത്തിന് വേണ്ടിയും വാദിക്കാൻ ഉദ്ദേശമില്ല. എന്നാൽ KSU ക്കാരായ സഹപ്രവർത്തകരെ കണ്ടില്ല എന്ന് നടിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല.
കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയർത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കന്മാരുടെ ഫോണുകൾ ഇപ്പോൾ KSU സഹപ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഇൻകമിങ് സ്വീകരിക്കാത്തത് തെറ്റായ പ്രവണതയാണ്.
വഴിയിൽ കൂടി പോകുന്ന SFI ക്കാരെയൊക്കെ ചുമക്കേണ്ട ബാധ്യത UDF സർക്കാരിനില്ല. തിരുവനന്തപുരം നിയമ കലാലയത്തിൽ KSU ക്കാരെ നിരന്തരം മർദിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘത്തിലുള്ളവരെ ഗവൺമെന്റ് പ്ലീഡറാക്കിയ നടപടി തിരുത്തപ്പെടേണ്ടതാണ്.
എന്ത് കൊണ്ട് പരസ്യമായി പ്രതികരിക്കുന്നു എന്ന ചോദ്യം പാർട്ടിയേ സ്നേഹിക്കുന്ന സഹപ്രവർത്തകർക്ക് ഉണ്ടാകുമെന്നതിനാൽ അതിനുള്ള മറുപടി കൂടി കുറിക്കാതിരിക്കാൻ വയ്യ.
കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ എന്ന് വച്ചാൽ എന്ത് ചെയ്യും.
~അലോഷ്യസ് സേവ്യർ
KSU സംസ്ഥാന പ്രസിഡന്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

