കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ കെ.എസ്.യു -എം.എസ്.എഫ് തർക്കം രൂക്ഷം; ചെയർമാൻ സ്ഥാനത്തേക്ക് ഇരുസംഘടനകളും; പരിഹരിക്കാൻ യു.ഡി.എഫ്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ യൂനിയൻ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി എം.എസ്.എഫ്-കെ.എസ്.യു തർക്കം രൂക്ഷം. പത്രിക സമർപ്പിക്കാനുള്ള സമയം കഴിഞ്ഞിട്ടും ചെയർമാൻ സ്ഥാനത്തേക്ക് ഇരുസംഘടനകളും മത്സരരംഗത്തുണ്ട്. തർക്കം പരിഹരിക്കാൻ സംസ്ഥാന യു.ഡി.എഫ് നേതൃത്വം ഇടപെട്ടു.
കെ.എസ്.യു നേതാക്കളുമായി കെ.പി.സി.സി നേതൃത്വം വ്യാഴാഴ്ച ചർച്ച നടത്തും. ചെയർമാൻ സ്ഥാനം ഇത്തവണ എം.എസ്.എഫിന് നൽകാമെന്ന മുൻധാരണ കെ.എസ്.യു നേതൃത്വം ലംഘിച്ചെന്നാണ് എം.എസ്.എഫ് നേതാക്കൾ ആരോപിക്കുന്നത്. എന്നാൽ, കാലിക്കറ്റിൽ ചെയർമാൻ പദവി കെ.എസ്.യുവിനെന്ന സ്റ്റാറ്റസ്കോ നിലനിർത്തണമെന്നാണ് കെ.എസ്.യു നേതാക്കളുടെ വാദം.
കാലിക്കറ്റിൽ കഴിഞ്ഞ തവണ യു.ഡി.എസ്.എഫ് യൂനിയൻ തിരിച്ചുപിടിച്ചപ്പോൾ 262 യു.യു.സിമാരില്‍ 41 യു.യു.സിമാര്‍ മാത്രമാണ് കെ.എസ്.യുവിന് ഉണ്ടായിരുന്നതെന്നും കഴിഞ്ഞ തവണയുണ്ടാക്കിയ ധാരണപ്രകാരം ഇത്തവണ ചെയര്‍മാന്‍ സ്ഥാനം എം.എസ്.എഫിനാണ് ലഭിക്കേണ്ടതെന്നും എം.എസ്.എഫ് സംസ്ഥാന നേതാക്കൾ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനുമുമ്പ് ഷാഫി പറമ്പിലും പി.കെ. ഫിറോസും തമ്മിൽ നടത്തിയ ചർച്ചയിലാണ് ചെയർമാൻ പദം പങ്കുവെക്കാമെന്ന ധാരണ ഉരുത്തിരിഞ്ഞിരുന്നത്. കുസാറ്റിൽ എം.എസ്.എഫിന് ഒരു പോസ്റ്റ് നൽകാമെന്നും ഇരു സംഘടനകളും തമ്മിൽ ധാരണയുണ്ടായിരുന്നു. എന്നാൽ, കെ.എസ്.യു ഈ ധാരണ തെറ്റിച്ചു. 12 യു.യു.സിമാർ ഉണ്ടായിട്ടും കുസാറ്റിൽ എം.എസ്.എഫിനെ പരിഗണിച്ചില്ല. ഒരു മുന്നണി എന്ന നിലയില്‍ എം.എസ്.എഫിന് ലഭിക്കേണ്ട പരിഗണന കെ.എസ്.യു നിരന്തരമായി തിരസ്‌കരിക്കുന്ന അനുഭവങ്ങളാണ് നിലവിലുള്ളതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
ജൂലൈ 22ന് കാലിക്കറ്റ് സർവകലാശാലയിൽ യൂനിയൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എം.എസ്.എഫിന് മുസ്‍ലിം ലീഗ് അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ലീഗ് സംസ്ഥാന നേതൃയോഗത്തിൽ എം.എസ്.എഫ് നേതാക്കൾ കാലിക്കറ്റിലെ പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തിൽ വൈകാതെ അനുരഞ്ജനം ഉണ്ടാകുമെന്നും യു.ഡി.എസ്.എഫ് ചേരിതിരിഞ്ഞ് മത്സരിക്കുന്ന പ്രശ്നമില്ലെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ എം.എൽ.എ പറഞ്ഞു. അതേസമയം, യു.ഡി.എസ്.എഫിലെ പ്രശ്നങ്ങൾ എങ്ങനെ തങ്ങൾക്ക് നേട്ടമുണ്ടാക്കാനായി ഉപയോഗിക്കാമെന്ന കണക്കുകൂട്ടലിലാണ് എസ്.എഫ്.ഐ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

