കോട്ടയം: യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെടുത്തിയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതികരണവുമായി കെ.എസ്.യു നേതാവ് സച്ചിൻ മാത്യൂ. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സരിതിന് ഉമ്മൻചാണ്ടിയുമായി ബന്ധമുണ്ടെന്ന തരത്തിൽ സച്ചിൻ മാത്യൂവിൻെറ വിവാഹത്തിനായി ഉമ്മൻ ചാണ്ടി എത്തിയപ്പോഴുള്ള ചിത്രം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി സച്ചിൻ മാത്യൂ എത്തിയിരിക്കുന്നത്.
സച്ചിൻ മാത്യൂ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൻെറ പൂർണരൂപം:
തിങ്കളാഴ്ച ഇടവകപ്പള്ളിയിൽവച്ച് ഞാൻ വിവാഹിതനായി. ഇന്നലെ നാട്ടിലുണ്ടായിരിക്കില്ല എന്നതിനാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ വിവാഹത്തലേന്ന് (05.07.2020) കുടുംബത്തോടൊപ്പം എന്റെ വീട് സന്ദർശിക്കുകയുണ്ടായി. അന്നേ ദിവസം എടുത്ത ഫോട്ടോകൾ ഞാൻ തന്നെ എന്റെ ഫേസ്ബുക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ ഇന്ന് രാവിലെ സുഹൃത്തുക്കൾ വിളിച്ചപ്പോളാണ് അറിഞ്ഞത് സഖാക്കന്മാർ എന്റെ പേര് സരിത്ത് എന്നാക്കി മാറ്റി എന്നത്. മുഖ്യൻെറ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്ന് പല കോണുകളിൽനിന്നും ആരോപണം ഉയർന്നിരിക്കുന്ന ഒരു സ്വർണക്കടത്ത് കേസിൽ എന്റെ വിവാഹഫോട്ടോ വലിച്ചിട്ടത് ഉമ്മൻചാണ്ടി സാറിനെ പ്രതിയുമായി ചേർത്തുവെച്ച് അപമാനിക്കുവാൻ ആണെങ്കിൽ അത് സമ്മതിച്ച് തരില്ല സഖാക്കളേ. ഏതായാലും എന്നോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ എന്റെ പ്രൊഫൈലിൽ നിന്ന് ഫോട്ടോ പൊക്കിയ സഖാവിനും നന്ദി.
LATEST VIDEO
രാഷ്ട്രീയ എതിരാളികളെ അപമാനിക്കുവാൻ ഏത് വഴിയും സ്വീകരിക്കുന്നവരാണ് നിങ്ങളെന്നു വീണ്ടും തെളിയിച്ചതിന്. കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി കോട്ടയം ജില്ലയിൽ യൂത്ത് കോൺഗ്രസിനും കെ.എസ്.യുവിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ നിങ്ങൾ ഇനിയും എന്റെ ഫോട്ടോ പ്രചരിപ്പിക്കേണ്ടി വരും. കാരണം ഇതുകൊണ്ടൊന്നും ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഞാൻ തയ്യാറല്ല. ഞാൻ കണ്ട് വളർന്നത്, പിന്തുടരുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയാണ്.
ഒരു മുന്നണി മുഴുവനായി ആ മനുഷ്യന്റെ ചോരക്കായി നിലവിളിച്ചിട്ടും തളരാത്ത എന്റെ നേതാവ്. അദ്ദേഹത്ത കണ്ട് വളർന്ന എന്നെ തളർത്താൻ ഇതൊന്നും പോരാതെവരും. നിങ്ങൾ നിങ്ങളുടെ നിലവാരം കാണിച്ചുകൊള്ളുക. ഞാൻ എന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് തന്നെ പോകും. ഏതായാലും ഇതിനെ നിയമപരമായി നേരിടുവാനാണ് തീരുമാനം. ബാക്കി ഇനി കോടതി തീരുമാനിക്കട്ടെ.