ഡീസല്‍ വില: കെ.എസ്.ആര്‍.ടി.സിയും നിരക്ക് വര്‍ധന ആവശ്യപ്പെടും
text_fieldsകോട്ടയം: ഡീസല്‍ വില അടിക്കടി വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജില്‍ നേരിയ വര്‍ധന വേണമെന്നും ഓര്‍ഡിനറി ബസുകളിലെ നിരക്ക് ആറു രൂപയില്‍നിന്ന് ഏഴാക്കണമെന്നും കെ.എസ്.ആര്‍.ടി.സിയും സര്‍ക്കാറിനോട് ആവശ്യപ്പെടും. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസ് ഉടമകളും ആവശ്യപ്പെട്ടു കഴിഞ്ഞു.
തിങ്കളാഴ്ച സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നല്‍കും. എന്നാല്‍, കെ.എസ്.ആര്‍.ടി.സി കൂടി ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാല്‍ നേരിയ വര്‍ധനക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്നാണ് സൂചന. ഓര്‍ഡിനറി നിരക്കില്‍ കുറച്ച ഒരു രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി പലതവണ സര്‍ക്കാറിനെ സമീപിച്ചിരുന്നു. മുന്‍സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരുവേള തീരുമാനം എടുത്തെങ്കിലും പിന്നീട് മാറ്റി.
ഡീസലിനും പെട്രോളിനും അഞ്ചു മാസത്തിനിടെ ഉണ്ടാവുന്ന ഏഴാമത്തെ വില വര്‍ധനയാണിത്. അടുത്തുതന്നെ വീണ്ടും ഒരുവര്‍ധന കൂടി ഉണ്ടാകുമെന്നതിനാല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം.
അതേസമയം, ശമ്പളത്തിനും പെന്‍ഷനുമായി മാസം തോറും 100 കോടിക്കായി നെട്ടോട്ടമോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് അടിക്കടിയുള്ള ഡീസല്‍ വില വര്‍ധന വീണ്ടും ഇരുട്ടടിയായി. പ്രതിദിനം 4.25 ലക്ഷം ലിറ്റര്‍ ഡീസല്‍ ആവശ്യമുള്ള കെ.എസ്.ആര്‍.ടി.സിക്ക് നികുതിയടക്കം ലിറ്ററിന് രണ്ടു രൂപയിലധികം വരുന്ന വിലവര്‍ധനയിലൂടെ അധിക ചെലവ് 10 ലക്ഷത്തോളം രൂപയാണ്. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് യാത്രക്കാരുടെ കുറവുമൂലം പ്രതിദിന വരുമാനത്തില്‍ 80-90 ലക്ഷം രൂപയുടെ കുറവുണ്ടാവുന്നതിനു പുറമെ അധികമായി 10 ലക്ഷം കൂടി എണ്ണക്ക് മാത്രമായി നല്‍കേണ്ടി വരുന്നതോടെ നിലനില്‍പുപോലും അസാധ്യമാകും.
പ്രതിദിന വരുമാനം ആറു കോടിയില്‍നിന്ന് ഇപ്പോള്‍ 5.20 കോടിയായി കുറഞ്ഞു. എന്നാല്‍, ശബരിമല സ്പെഷല്‍ സര്‍വിസില്‍നിന്നുള്ള അധികവരുമാനമാണ് നിലവിലെ ആശ്രയം. എണ്ണക്കമ്പനികള്‍ക്കുള്ള കുടിശ്ശികയും കുമിഞ്ഞുകൂടുന്നു. കുടിശ്ശിക 100 കോടി കവിഞ്ഞാല്‍ എണ്ണവിതരണം നിര്‍ത്തുമെന്നാണ് കമ്പനികളുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധന മാത്രമാണ് കെ.എസ്.ആര്‍.ടി.സിക്ക് മുന്നിലുള്ള പോംവഴി. എന്നാല്‍, സര്‍ക്കാര്‍ നിലപാട് ഇനിയും വ്യക്തമല്ല. ഇടതു മുന്നണിയാകും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
