കെ.എസ്.ടി.പി ഇടപാടിൽ കൈക്കൂലി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി
text_fieldsതിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അനുമതി. കരാറുകാരൻ സാജന്റെ വെളിപ്പെടുത്തലിലും വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയ കാര്യങ്ങളിലുമാണ് അന്വേഷണം.
വിജിലൻസ് അന്വേഷണം ശിപാർശ ചെയ്തുകൊണ്ടുള്ള ഡി.ജി.പിയുടെ റിപ്പോർട്ട് പരിശോധിച്ച ആഭ്യന്തര മന്ത്രി, അതിന് അനുമതി നൽകി ഫയൽ മുഖ്യമന്ത്രിക്ക് കൈമാറി. ഇതോടെ, ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്നപ്പോൾ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് തുടരന്വേഷണത്തിന് സാധ്യത തെളിഞ്ഞു.
നേരത്തെ സർക്കാർ നൽകിയ നിർദേശപ്രകാരം ഗ്യാനേഷ് കുമാറിനെതിരെ കേസെടുക്കുന്നത് വിജിലൻസ് പരിശോധിച്ചുവരികയാണ്. ഇതിനിടയിലാണ് കെ.എസ്.ടി.പി ഇടപാടുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത സ്വകാര്യ കമ്പനിയുടെ പ്രോജക്ട് ചീഫ് മാനേജർ ലീ സി ബിന്നിനോട് രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന വെളിപ്പെടുത്തൽ ഇപ്പോൾ കേസിലേക്ക് നയിക്കുന്നത്. ലീ സി ബിൻ പ്രോജക്ട് മാനേജറായ പതിബെൽ കമ്പനിയുടെ ഉപകരാറുകാരനായിരുന്നു സാജൻ. മലേഷ്യൻ എൻജിനീയർ ലീ സീ ബിന്നിന്റെ ആത്മഹത്യയ്ക്ക് കാരണം ഗ്യാനേഷ് കുമാറാണെന്ന് സാജൻ വ്യക്തമാക്കിയിരുന്നു. പതിബെൽ കമ്പനിയിൽനിന്ന് താൻ മെറ്റീരിയൽ വിതരണ കരാർ എടുത്തിരുന്നു.
കെ.എസ്.ടി.പി കരാർ ഏറ്റെടുത്ത പതിബെല്ലിന് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ ബില്ലുകൾ മാറിനൽകിയില്ല. അതിന്റെ കടുത്ത മനോവിഷമത്തിലായിരുന്നു ലീ സീ ബിൻ. ബില്ല് പാസാക്കാൻ ഗ്യാനേഷ് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇക്കാര്യം ലീ പറഞ്ഞിരുന്നു. ചടയമംഗലത്ത് തന്റെ വീടിന് സമീപമാണ് ലീ താമസിച്ചിരുന്നത്-സാജൻ പറഞ്ഞു. വിജിലൻസിന്റെ ആദ്യ അന്വേഷണം ഗ്യാനേഷ് കുമാറിനെ വെള്ളപൂശാനായിരുന്നുവെന്നും സാജൻ പറഞ്ഞു.
നേരത്തെ, കേസ് അന്വേഷണ സാധ്യത പുനഃപരിശോധിച്ച വിജിലൻസിന് മുന്നിൽ മൊഴി നൽകാൻ ആരും എത്താത്തത് തുടരന്വേഷണത്തിൽ വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് മൊഴി നൽകാൻ സന്നദ്ധത അറിയിച്ച് സുഹൃത്ത് രംഗത്തെത്തിയത്. സാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തിന് വിജിലൻസ് അനുമതി തേടിയത്.

