കെ.എസ്.ടി.എം സമരജ്വാല നാളെ
text_fieldsകോഴിക്കോട്: ‘അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അധ്യാപകൻ മാത്രമല്ല വിദ്യാഭ്യാസവും ദുർബലപ്പെടുകയാണ്’ എന്ന പ്രമേയത്തിൽ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) സംസ്ഥാന കമ്മിറ്റി ശനിയാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ സമരജ്വാല നടത്തുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അംഗത്വ കാമ്പയിനിന്റെ സമാപനമായാണ് സമരജ്വാല സംഘടിപ്പിക്കുന്നത്.
ജ. സതീഷ് ബാബു കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്കരണ - ലീവ് സറണ്ടർ കുടിശ്ശിക ഉടൻ നൽകുക, മെഡിസെപ് ഓപ്ഷനലാക്കുക, പൊതു വിദ്യാഭ്യാസം തകർക്കുന്ന ലയനനീക്കം ഉപേക്ഷിക്കുക, പ്രൈമറിക്ക് പ്രത്യേകം ഡയറക്ടറേറ്റ് സ്ഥാപിക്കുക, ഭിന്നശേഷി അധ്യാപക ഉദ്യോഗാർഥികളുടെ ലിസ്റ്റ് പുറത്തിറക്കുക, മുഴുവൻ സ്കൂളിലും കായികാധ്യാപകരുൾപെടെ സ്പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നിർദേശങ്ങൾ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശനിയാഴ്ച രാവിലെ 10ന് കോഴിക്കോട് ഡി.ഡി.ഇ ഓഫിസിനു മുന്നിൽ നടക്കുന്ന സമരജ്വാല കത്തിക്കൽ പരിപാടി വെൽഫെയർ പാർട്ടി അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എം സംസ്ഥാന പ്രസിഡന്റ് സി.പി. രഹന മുഖ്യാതിഥിയാകും. കെ.എസ്.ടി.എം സംസ്ഥാന സെക്രട്ടറിമാരായ വാഹീദ ജാസ്മിൻ, പി. ഹബീബ് മാലിക്, സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. മുഹമ്മദ് ശരീഫ്, ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സഫറുല്ല, ശഫീഖ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

