കൊളത്തൂർ: കെ.എസ്.ആർ.ടി.സി തൃശൂർ ഡിപ്പോയിലെ ഔദ്യോഗിക വാഹനമായ ബൊലേറോയുമായി യുവാവിനെ പടപ്പറമ്പിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് സ്വദേശി ചുള്ളിയിൽ മുനീബാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ പടപ്പറമ്പ് പുളിവെട്ടിയിൽ റോഡരികിൽ നിർത്തിയിട്ട സർക്കാർ ബോർഡുള്ള വാഹനം കണ്ടതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ കൊളത്തൂർ പൊലീസ് ഇൻസ്പെക്ടർ പി.എം. ഷമീറിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ ഓടിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി തൃശൂർ ഡിപ്പോയിലെ പാർക്കിങ്ങിലിട്ട വാഹനം കള്ള താക്കോൽ ഉപയോഗിച്ച് കൊണ്ടുവരുകയായിരുെന്നന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇടക്കുനിന്ന് പോയ വാഹനം സ്റ്റാർട്ടാക്കാൻ കഴിയാതെ വന്നതാണ് പ്രതിക്ക് വിനയായത്. രാവിലെ വാഹനം കാണാതെ വന്നതിനെ തുടർന്ന് തൃശൂർ ഡിപ്പോ അധികൃതർ പൊലീസിൽ പരാതി കൊടുക്കാൻ തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ പോകുന്ന വഴിയിലാണ് കൊളത്തൂരിൽനിന്ന് വാഹനം ലഭിച്ച വിവരം അറിയിക്കുന്നത്.
തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലേക്ക് പ്രതിയെയും വാഹനവും കൈമാറിയതായും സ്ഥലത്തെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലാണ് പ്രതിയെ പിടികൂടാൻ സഹായകരമായതെന്നും പൊലീസ് പറഞ്ഞു. സി.പി.ഒ അയൂബ്, എസ്.സി.പി.ഒ ഡ്രൈവർ സുനിൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. യുവാവിനെതിരെ പരപ്പനങ്ങാടി, നടക്കാവ്, ഫറോക്ക്, കസബ സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിന് കേസുകളുള്ളതായി പൊലീസ് പറഞ്ഞു.