മത്സരമല്ല, സഹകരണം; സ്വകാര്യ ബസുകളെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സിയുടെ സമയ ക്രമീകരണം
text_fieldsസംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കി പ്രിയദർശിനി എത്തിയപ്പോൾ വെല്ലുവിളിയായത് സ്വകാര്യ ബസുകൾക്കാണ്. പല ഇടങ്ങളിലും സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തേണ്ടിവന്നു. എന്നാൽ ഇവർക്ക് ആശ്വാസമായി ഓർഡിനറി ബസുകളുടെ സമയം പുനഃക്രമീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കെ.എസ്.ആർ.ടി.സി.
സ്വകാര്യ ബസുകളുമായി മത്സരിച്ച് ഓടിയിരുന്ന പാതകളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ഓർഡിനറി ബസുകളുടെ ഷെഡ്യൂൾ പുനഃക്രമീകരിക്കാനാണ് നീക്കം. സ്വകാര്യബസുകാർക്കും യാത്രക്കാരെ കിട്ടുന്ന വിധത്തിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ യാത്രാ സമയത്തിൽ അഞ്ചുമുതൽ 10 മിനിറ്റുവരെ മാറ്റംവരുത്താനാണ് തീരുമാനം. 3125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ഇതിൽ 40 ശതമാനം ഷെഡ്യൂളുകൾ സ്വകാര്യബസുകാരെ ബാധിക്കുന്ന വിധത്തിലാണെന്നാണ് പ്രാഥമിക നിഗമനം.
വരുമാനം പരമാവധി ഉയർത്താനുള്ള നിർദേശപ്രകാരം തയാറാക്കിയ ഷെഡ്യൂളുകളാണ് ഇപ്പോഴുമുള്ളത്. ചില പാതകളിൽ യാത്രക്കാരെ കിട്ടാൻ സ്വകാര്യബസുകളുമായി മത്സരിച്ച് ഓടിയിരുന്നു. റൂട്ട് കോൺഫറൻസുകളിൽ സ്വകാര്യബസുകാരുമായി തർക്കിച്ച് കൂടുതൽ യാത്രക്കാരെ കിട്ടുന്ന സമയവും സ്വന്തമാക്കിയിട്ടുണ്ട്. യാത്രക്കാരുള്ള സ്വകാര്യ ബസുകൾക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ഓടിക്കുന്ന പ്രവണതയുമുണ്ടായിരുന്നു. പരമാവധി വരുമാനമുണ്ടാക്കണമെന്ന സമ്മർദമാണ് ഡിപ്പോ മേധാവികളെ ഇതിലേക്ക് നയിച്ചത്.
വരുമാനത്തിൽ വലിയ ഇടിവുണ്ടായതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ എത്തിയിരുന്നു. സർവീസുകൾ ലാഭകരമല്ലാത്ത സാഹചര്യത്തിൽ ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്. കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന സൗജന്യ യാത്രാ ആനുകൂല്യങ്ങളും മറ്റും സ്വകാര്യ ബസുകളുടെ ദൈനംദിന കലക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്. വരുമാനം കുത്തനെ കുറഞ്ഞതോടെ അതിന്റെ ആഘാതം നേരിട്ട് അനുഭവിക്കുന്നത് ജീവനക്കാരാണ്.
പാലക്കാട് ഉൾപ്പെടെയുള്ള പലയിടങ്ങളിലും ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും വേതനം ഗണ്യമായി വെട്ടിക്കുറച്ചു. നേരത്തെ 1200 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ പലർക്കും 600 രൂപ മാത്രമാണ് ദിവസവേതനമായി ലഭിക്കുന്നത്. ഈ സാമ്പത്തിക പ്രതിസന്ധിക്കെതിരെ തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ഇത് മുൻനിർത്തി സ്വകാര്യ ബസ് ഉടമകളുടെ ആശങ്ക സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്ന് മന്ത്രി സി.പി. ജോൺ നിയമസഭയിൽ പറഞ്ഞിരുന്നു. ബസുടമകൾക്ക് ആശ്വാസമായി ഇതിനോടകം നികുതിയിൽ 59 ശതമാനം കുറവ് വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എസ്.ആർ.ടി.സിക്ക് സമാനമായി ബസുകളിൽ പരസ്യം പതിച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള സാധ്യതകൾ ഉടമകൾ പരിശോധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

