പുനഃസ്ഥാപിച്ച ബംഗളൂരു-ബത്തേരി-കോഴിക്കോട് സർവിസ് വീണ്ടും റദ്ദാക്കി
text_fieldsകോഴിക്കോട്: ഗതാഗത മന്ത്രിയുടെ മാറ്റത്തിന് പിന്നാലെ ലാഭകരവും ജനപ്രിയവുമായ സർവിസ് റദ്ദാക്കി മലബാർ യാത്രക്കാരോട് കെ.എസ്.ആർ.ടി.സിയുടെ കടുംകൈ. ബംഗളൂരു-ബത്തേരി-കോഴിക്കോട് ഡീലക്സ് സർവിസ് റദ്ദാക്കിയാണ് മാനേജിങ് ഡയറക്ടർ ഉത്തരവിറക്കിയത്. ഇതോടെ ബന്ദിപ്പൂർ വനം വഴി ബംഗളൂരുവിലേക്ക് കോഴിക്കോട്ടുനിന്ന് രാത്രി പാസുള്ള ഏക സർവിസും ഇല്ലാതായി. തിരുവനന്തപുരം-ആലപ്പുഴ-ബംഗളൂരു സ്കാനിയ ബസിന് വേണ്ടിയാണ് മികച്ച സർവിസിനെ ബലികൊടുക്കുന്നത്. സ്കാനിയക്ക് വേണ്ടി ഡിലക്സ് ബസ് മേയ് രണ്ടുമുതൽ മാനന്തവാടി കുട്ട വഴി റൂട്ട് മാറി ഒാടണമെന്നാണ് ഉത്തരവ്.
2016 മേയിൽ സ്കാനിയ സർവിസിന് വേണ്ടി സൂപ്പർ എക്സ്പ്രസ് ബസിെൻറ ബംഗളൂരുവിൽനിന്നുള്ള വന പെർമിറ്റ് റദ്ദാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ കോഴിക്കോട്ടുനിന്നുള്ള ഏക പെർമിറ്റും റദ്ദാക്കുന്നത്. കഴിഞ്ഞ മാർച്ച് അഞ്ചിന് സർവിസ് റദ്ദാക്കാനുള്ള നീക്കം കടുത്ത പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് ഉച്ചക്ക് രണ്ടിന് പുറപ്പെടുന്ന സ്കാനിയ ബസ് കോഴിക്കോട്ട് എത്താൻ രാത്രി ഒരു മണിയാകും. ഇതുകാരണം കോഴിക്കോട്ടുനിന്നുള്ള ബംഗളൂരു യാത്രികർക്ക് സർവിസ് ഉപകാരപ്പെടില്ല. സർവിസ് ബന്ദിപ്പൂർ വനത്തിൽ എത്തുേമ്പാൾ പുലർച്ചെ അഞ്ച് കഴിയും. മിനിറ്റുകൾ കഴിഞ്ഞ് ആറിന് രാത്രിനിരോധം പിൻവലിക്കുമെന്നതിനാൽ യാത്രാ പാസിനെ ദുരുപയോഗം ചെയ്യലാണെന്നും ആക്ഷേപം ഉയർന്നു.
നിലവിൽ തിരുവനന്തപുരം-എറണാകുളം റൂട്ടിൽ കാലിയായും എറണാകുളത്തുനിന്ന് പകുതി സീറ്റിലും യാത്രക്കാരുമായി ഒാടുന്ന സർവിസിനെ ഇത് കൂടുതൽ നഷ്ടത്തിലേക്ക് നയിക്കുമെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർതന്നെ ചൂണ്ടിക്കാട്ടുന്നു. അതേസമയം, രാത്രി പത്തിന് കോഴിക്കോട്ടുനിന്നുള്ള ഡീലക്സ് സർവിസ് കുട്ട വഴിയാക്കുേമ്പാൾ ബംഗളൂരുവിൽ എത്താൻ രാവിലെ എട്ട് കഴിയും.
ഇതോടെ െഎ.ടി. മേഖലയിൽ ഉള്ളവരടക്കം സ്ഥിരം യാത്രക്കാർക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവരും. നിലവിൽ 35,000 മുതൽ 45,000 വരെ വരുമാനമുണ്ട് ഡീലക്സ് ബസിന്. കോർപറേഷന് വൻ നഷ്ടം വരുത്തിവെക്കുന്ന നീക്കം സ്വകാര്യ ബസുകളെ സഹായിക്കാനാണ് എന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
