കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡ് 29 ന്
text_fieldsതിരുവനന്തപുരം: സീസൺ ടിക്കറ്റ് മാതൃകയിൽ മുൻകൂട്ടി പണമടച്ച് യാത്രചെയ്യാവുന്ന സ്മാർട്ട് ട്രാവൽ കാർഡുകൾ കെ.എസ്.ആർ.ടി.സി പുറത്തിറക്കുന്നു. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കലും ചില്ലറ പ്രശ്നം പരിഹരിക്കലും മുൻകൂട്ടി പണം ലഭിക്കലുമടക്കം വിവിധ ലക്ഷ്യങ്ങളോടെയാണ് റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ട്രാവൽ കാർഡുകൾ ആരംഭിക്കുന്നത്. പദ്ധതിക്ക് ഈ മാസം 29ന് തുടക്കമാകും.
ആർ.എഫ്.ഐ.ഡി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സുരക്ഷാ സംവിധാനങ്ങളോടുകൂടിയ ട്രാവൽ കാർഡാണ് പുറത്തിറക്കുന്നത്. യാത്രക്കാർക്ക് ചില്ലറയില്ലാതെയുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടും. കൂടാതെ പണം ചാർജ് ചെയ്യുന്നതിന് ആനുപാതികമായ ഓഫറുകളും ലഭിക്കും. ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് കാർഡുകളിലെ ബാലൻസ് പരിശോധിക്കാം.
ആദ്യഘട്ടത്തിൽ സിറ്റി സർക്കുലർ ബസുകളിലായിരിക്കും സ്മാർട്ട് ട്രാവൽ കാർഡ് നടപ്പാക്കുക. അതിന് ശേഷം സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവിസുകളിലും തുടർന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബസുകളിലും ലഭ്യമാക്കും. കെ.എസ്.ആർ.ടി.സിക്ക് മുൻകൂർ തുക ലഭിക്കുമെന്നതിനൊപ്പം ട്രാവൽ കാർഡ് എടുക്കുന്നവർ സ്ഥിരം യാത്രക്കാർ ആകുകയും ചെയ്യും. ട്രാവൽ കാർഡ് ഉപയോഗിക്കുന്നവരുടെ യാത്ര വിശകലനം ചെയ്ത് ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാനും സാധിക്കും. കണ്ടക്ടർമാർ, കെ.എസ്.ആർ.ടി.സി ഡിപ്പോകൾ, മറ്റ് അംഗീകൃത ഏജന്റുമാർ എന്നിവർ വഴി കാർഡുകൾ ലഭിക്കും.
100 രൂപക്ക് 150 രൂപയുടെ യാത്ര
പ്രാരംഭ ഓഫറായി 100 രൂപക്ക് സ്മാർട്ട് ട്രാവൽ കാർഡ് വാങ്ങുമ്പോൾ 150 രൂപയുടെ മൂല്യം ലഭിക്കും. 250 രൂപയിൽ കൂടുതൽ തുകക്ക് ചാർജ് ചെയ്യുന്നവർക്ക് 10 ശതമാനം അധികമൂല്യം ലഭിക്കും. 2000 രൂപവരെയാണ് ഒരുസമയം റീ ചാർജ് ചെയ്യാൻ കഴിയുന്നത്. കാർഡിലെ തുകക്ക് ഒരുവർഷം വാലിഡിറ്റിയും ലഭിക്കും. ഒരുവർഷത്തിലധികം കാർഡ് ഉപയോഗിക്കാതിരുന്നാൽ റീ ആക്ടിവേക്ട് ചെയ്യണം. അടുത്ത ഘട്ടത്തിൽ കാർഡ് വിതരണത്തിനുള്ള ഏജന്റുമാരെ കെ.എസ്.ആർ.ടി.സി കണ്ടെത്തും. ഇതിനായി ലോട്ടറി ഏജന്റുമാർ, ഡയറക്ട് സെല്ലിങ് ഏജന്റുമാർ എന്നിവർക്ക് ഏജൻസി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

