Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണത്തിന് നാട്ടിലെത്താൻ...

ഓണത്തിന് നാട്ടിലെത്താൻ കെ.എസ്.ആർ.ടി.സിയിലും ചിലവേറും; 'ഡൈനാമിക് പ്രൈസിങ്' എന്ന പുതിയ തട്ടിപ്പ്!

text_fields
bookmark_border
KSRTC Swift Bus
cancel
camera_alt

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് (Photo Credit - Sreenath K)

കോഴിക്കോട്: ഉത്സവ സീസണുകളിൽ നാട്ടിലെത്താൻ കഴുത്തറപ്പൻ യാത്രാക്കൂലി നൽകേണ്ടിവരുന്ന മലയാളികൾക്ക് കെ.എസ്.ആർ.ടി.സിയുടെ വകയും ഇരുട്ടടി. ട്രെയിൻ, ബസ്, വിമാനം തുടങ്ങിയവയുടെ ടിക്കറ്റ് നിരക്ക് ഉയരുന്നതും ആവശ്യാനുസരണം സർവീസ് ക്രമീകരിക്കാത്തതും നാട്ടിലെത്താൻ കൊതിക്കുന്നവർക്ക് പാരയാവുകയാണ്.

സ്വകാര്യ മേഖലയിലുള്ള ബസ് ഓപ്പറേറ്റർമാർ തോന്നിയ രീതിയിൽ നിരക്ക് നിശ്ചയിക്കുമ്പോൾ ജനങ്ങൾക്ക് താങ്ങാവേണ്ട സർക്കാർ അത് ഏകീകരിക്കാൻ ശ്രമിക്കുന്നില്ല എന്ന് മാത്രമല്ല, സർക്കാറിന് കീഴിലുള്ള കെ.എസ്.ആർ.ടി.സി സർവിസുകളിലും ട്രെയിൻ സർവിസിന് സമാനമായ 'ഡൈനാമിക് പ്രൈസിങ്' രീതിയിൽ ഇരട്ടി പണം വാങ്ങി ജനങ്ങളെ ചൂഷണം ചെയ്യുകയാണ്.

സ്വകാര്യ ബസ് ഓപ്പറേറ്റർമാർ ബംഗളൂരുവിൽ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സാധാരണ ടിക്കറ്റ് നിരക്കിൽ നിന്നും ഒന്നും രണ്ടും ഇരട്ടിയാണ് ഉത്സവ സമയങ്ങളിൽ ഈടാക്കുന്നത്. ഇത് വലിയ ചർച്ചകൾക്ക് വഴി വെക്കുമ്പോഴും കെ.എസ്.ആർ.ടി.സിയുടെ ഡൈനാമിക് പ്രൈസിങ്ങിനെ കുറിച്ച് ആരും പ്രതികരിക്കാതിരിക്കുകയാണ്.

ബംഗളൂരു - തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന നോൺ-എസി ബസിന് സാധാരണ നിരക്ക് 800 മുതൽ 1000 രൂപവരെയാണ്. എന്നാൽ ഉത്സവ സീസണുകളിൽ ഇവ 1800 മുതൽ 2000 രൂപവരെ വരുന്നുണ്ട്. ഈ സർവിസിൽ ഡൈനമിക് പ്രൈസിങ് ഉൾപ്പെടുത്തുമ്പോൾ നിശ്ചയിച്ച ടിക്കറ്റ് നിരക്കിൽ മാറ്റം വരുന്നുണ്ട്. കൂടാതെ, എസി ബസ് സീറ്റർ വിഭാഗത്തിൽ 1100 മുതൽ 1200 വരെ സാധാരണ നിരക്ക് വരുമ്പോൾ ഓണത്തിന് ഡൈനമിക് പ്രൈസിങ്ങിൽ 1700 മുതൽ 2300 വരെയായി ഉയരും.

വോൾവോ സർവിസ് ആണെങ്കിൽ സീറ്റർ ബസ്സിന് 1200 മുതൽ 1300 വരെയാണ് സാധാരണ നിരക്ക്. എന്നാൽ, ഫെസ്റ്റിവൽ സമയങ്ങളിൽ 2100 മുതൽ 2300 വരെ ഈടാക്കുന്നു. വോൾവോ സ്ലീപ്പർ ബസിൽ 1500 -1600 നിരക്കിൽ തിരുവനന്തപുരത്ത് എത്താൻ സാധിക്കുമായിരുന്നെങ്കിൽ ഇപ്പോൾ 2600 മുതൽ 3000 രൂപ വരെയായി.

ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്കും കോഴിക്കോടേക്കും സമാന രീതിയിൽ തന്നെയാണ് ടിക്കറ്റ് നിരക്ക്. കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഡീലക്സ് നോൺ-എസി ബസിന് സാധാരണ ദിവസങ്ങളിൽ 900 മുതൽ 1000 രൂപവരെയാണ് എറണാകുളത്തേക്കുള്ള നിരക്ക്. ഓണത്തിന് ഇത് 1200 മുതൽ 1300 രൂപ വരെയായി. എസി സീറ്റർ ബസിന് 900 മുതൽ 1100 വരെ ഉണ്ടായിരുന്ന നിരക്ക് 1500 നും 1700 നും ഇടയിലാണ്. വോൾവോയുടെ സീറ്റർ ബസിന് 1200 മുതൽ 1400 വരെ ആയിരുന്ന ടിക്കറ്റ് നിരക്ക് 2100 നും 2300 നും ഇടയിലായി. സ്ലീപ്പർ ബസിന് 1500 മുതൽ 1700 വരെ ആയിരുന്നെങ്കിൽ ഓണത്തിന് നാട്ടിലേക്കെത്താൻ 2900 മുതൽ 3100 രൂപവരെ നൽകണം.

ബംഗളൂരുവിൽ നിന്ന് ദൂരം കുറവുള്ള മലബാർ മേഖലയിലേക്കും സമാന അവസ്ഥയാണ്. സൂപ്പർ ഡീലക്സ് ബസുകൾക്ക് സാധാരണ ടിക്കറ്റ് നിരക്കിനേക്കാൾ 200 രൂപ അധികം നൽകണം. കൂടാതെ സ്ലീപ്പർ കം സീറ്റർ ബസിൽ സീറ്റർ വിഭാഗത്തിൽ 700 മുതൽ ആരംഭിക്കുന്ന സീറ്റിന് 1100 രൂപ നൽകി യാത്ര ചെയ്യേണ്ട സാഹചര്യമാണ്. എങ്കിലും സർക്കാർ നിശ്ചയിച്ച ഈ തുക നൽകി യാത്ര ചെയ്യുന്നവർക്ക് മികച്ച യാത്ര സൗകര്യം ഒരുക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിയുന്നില്ല എന്ന വിമർശനവും ഉയരുന്നുണ്ട്.

യാത്രക്കാരുടെ തിരക്ക് കാരണം കർണാടക ആർ.ടി.സി 150ൽ അധികം പുതിയ സർവിസുകൾ കേരളത്തിലേക്ക് ഓപ്പറേറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും സ്പെഷ്യൽ സർവിസ് ആയതിനാൽ നാട്ടിലേക്ക് വരുന്ന മലയാളികൾ ഉയർന്ന ടിക്കറ്റ് നിരക്ക് തന്നെ നൽകി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. കൂടാതെ മലയാളികൾ ഏറെ താമസിക്കുന്ന ചെന്നൈയിൽ നിന്ന് എറണാകുളത്തേക് രണ്ട് സർവീസുകൾ മാത്രമാണ് കെ.എസ്.ആർ.ടി.സി നിലവിൽ ഓപറേറ്റ് ചെയ്യുന്നത്. ഈ ബസുകൾക്കും സാധാരണ ദിവസത്തെ ടിക്കറ്റ് നിരക്കിനേക്കാളും ഇരട്ടി തുക നൽകേണ്ടതുണ്ട്. കൂടാതെ ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്ലീപ്പർ ബസിന്റെ ടിക്കറ്റുകൾ ആഴ്ചകൾക്ക് മുമ്പ് തന്നെ വിറ്റു തീരുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private Bus OperatorsKSRTCTicket pricefestival seasonLatest NewsDynamic Price
News Summary - KSRTC will also cost more to reach home for Onam
Next Story