നഷ്ടത്തിൽനിന്ന് കരകയറാൻ പവാറിെൻറ സഹായം തേടി കെ.എസ്.ആർ.ടി.സി
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിലെ സഹകരണബാങ്കുകളിലും സ്വകാര്യബാങ്കുകളിലും നിന്ന് 50,000 കോടിയോളം രൂപ വായ്പ എടുക്കാൻ എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറിെൻറ സഹായം തേടി കെ.എസ്.ആർ.ടി.സി. നഷ്ടം മൂലം നിലനിൽപുതന്നെ ഭീഷണിയിലായ കെ.എസ്.ആർ.ടി.സി സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ രാഷ്ട്രീയവഴി തേടുന്നത് ആദ്യമായാണ്. ഇതിെൻറ ഭാഗമായി ഗതാഗതമന്ത്രി തോമസ് ചാണ്ടി ശനിയാഴ്ച എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.
ഡൽഹിയിൽ എൻ.സി.പി സ്ഥാപക ദിനാഘോഷത്തിനിടെയാണ് സാമ്പത്തിക സഹായത്തിന് വേണ്ടി ഇടപെടണമെന്ന് അഭ്യർഥിച്ചുള്ള കത്തും അതിനായുള്ള പ്രോജക്ട് റിപ്പോർട്ടും തോമസ് ചാണ്ടി പവാറിന് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയെൻറ സമ്മതത്തോടെയാണ് നീക്കം. ഗതാഗതമന്ത്രിയും ട്രാൻസ്പോർട്ട് കമീഷണർ കെ.ആർ. േജ്യാതിലാലും മുഖ്യമന്ത്രി നിർേദശിക്കുന്ന ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കൂടുതൽ ചർച്ചക്ക് അടുത്തയാഴ്ച മുംബൈയിൽ പോകാനും ധാരണയായി.
മഹാരാഷ്ട്രയിലെ സഹകരണബാങ്കുകളിൽ നിന്ന് കുറഞ്ഞ പലിശക്ക് വായ്പയെടുക്കാനുള്ള സാധ്യതകളാണ് കെ.എസ്.ആർ.ടി.സി തുടക്കത്തിൽ തേടിയത്. എന്നാൽ, കൂടിക്കാഴ്ചയിൽ സ്വകാര്യബാങ്കുകളുടെ സഹായം കൂടി തേടണമെന്ന നിർേദശം പവാർ നൽകുകയായിരുന്നു. ബി.ജെ.പി ഭരണത്തിൽ വന്നശേഷം മഹാരാഷ്ട്രയിലെ സഹകരണബാങ്കുകളിലുള്ള ഭരണം എൻ.സി.പിക്ക് നഷ്ടമായിരുന്നു. ഭൂരിഭാഗം ബാങ്കുകളിലും അഡ്ഹോക്ക് കമ്മിറ്റിക്കാണ് ഭരണം. അതിനാൽ സ്വകാര്യബാങ്കുകളെ കൂടി സമീപിക്കണമെന്നും അതിനുള്ള സഹായം പവാർ ഉറപ്പുനൽകിയെന്നും മന്ത്രിയുടെ ഒാഫിസ് വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും പെൻഷനും കൊടുക്കാൻ സാമ്പത്തിക സഹായം ലഭിക്കില്ലെന്നതിനാൽ നവീകരണനടപടികൾ ഉൾപ്പെടുന്ന പദ്ധതി റിപ്പോർട്ടാണ് തയാറാക്കിയിരിക്കുന്നത്. കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിലെ പ്രഫ. സുശീൽ ഖന്നയുടെ റിപ്പോർട്ടിെൻറ ചുവടുപിടിച്ചാണിത്. കൊച്ചി ഡിപ്പോയിലെ മുഴുവൻ ബസുകളും സി.എൻ.ജിയിലേക്ക് മാറ്റുക, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്ന് ഡിവിഷനുകളായി വിഭജിക്കുക, എറണാകുളം, കായംകുളം ബസ് സ്റ്റേഷനുകളെ പ്രധാന ബിസിനസ് സെൻററാക്കുക തുടങ്ങിയ നവീകരണപദ്ധതികളുള്ള റിപ്പോർട്ടാണ് തയാറാക്കിയിരിക്കുന്നത്.
പവാറിെൻറ നിർേദശം മുഖ്യമന്ത്രിയെ അറിയിച്ച് കൂടുതൽ ആലോചനകൾക്കുശേഷമാവും അന്തിമതീരുമാനമെടുക്കുകയെന്നും അധികൃതർ പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ പ്രതിമാസവരവും ചെലവും തമ്മിലുള്ള അന്തരം ശരാശരി 135 കോടി രൂപയിലേറെയാണ്. ആകെ കടം 4430 കോടി രൂപയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
