
കെ.എസ്.ആർ.ടി.സി: ശമ്പളത്തിൽ ഉറപ്പായില്ല, പണിമുടക്കുമായി മുന്നോട്ടുപോകാൻ സംഘടനകൾ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകുന്ന കാര്യത്തിൽ ഗതാഗതമന്ത്രി വിളിച്ച ട്രേഡ് യൂനിയനുകളുടെ യോഗത്തിലും ഉറപ്പൊന്നും ലഭിച്ചില്ല. ഗതാഗതവകുപ്പിന് മാത്രമായി ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും ധനവകുപ്പുമായി സംസാരിക്കാമെന്നുമായിരുന്നു മന്ത്രി ആൻറണി രാജുവിന്റെ നിലപാട്.
അംഗീകൃതസംഘടനകളായ സി.ഐ.ടി.യു, ടി.ഡി.എഫ്, ബി.എം.എസ് എന്നിവരുമായി വെവ്വേറെയാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയതെങ്കിലും മൂന്ന് സംഘടനകളും ശമ്പളക്കാര്യത്തിലെ ഉറപ്പാണ് മന്ത്രിയോട് ആവശ്യപ്പെട്ടത്. ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ടി.ഡി.എഫിന്റെയും ബി.എം.എസിന്റെയും തീരുമാനം.
ഏപ്രിലിലെ ശമ്പളം മേയ് അഞ്ചിന് ലഭിക്കാത്തപക്ഷം ആറിന് ഇരുസംഘടനകളും പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുമുണ്ട്. അതേസമയം പണിമുടക്കിന്റെ കാര്യം കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ശമ്പളം സമയബന്ധിതമായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സി.ഐ.ടി.യു ഭാരവാഹികൾ വ്യക്തമാക്കി.
പ്രശ്നപരിഹാരത്തിന് കാര്യമായ ഉപായങ്ങളൊന്നും കൈവശമില്ലാതെ അനുനയത്തിനുള്ള ശ്രമമായിരുന്നു മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇന്ധനച്ചെലവാണ് പ്രധാനമായും പ്രതിസന്ധിക്ക് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടിയത്. ലോൺ തിരിച്ചടവുകൂടി കഴിഞ്ഞാൽ പിന്നെ കളക്ഷനിൽ കാര്യമായിട്ടൊന്നും ബാക്കിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം ശമ്പളകാര്യത്തിൽ മന്ത്രി ഒഴിവുകഴിവ് പറയുകയാണെന്നാണ് ടി.ഡി.എഫിന്റെ വിമർശനം. ഒരു വരുമാനവമുമില്ലാത്ത വകുപ്പുകൾക്ക് കൃത്യമായ ശമ്പളം കൊടുക്കുന്ന സർക്കാറിന് കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിൽ എന്താണ് ഈ അഴകൊഴമ്പൻ സമീപനമെന്നും ഇവർ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
