കെ.എസ്.ആർ.ടി.സി യാത്രാ ഫ്യുവൽസ് ലാഭത്തിൽ; ഒന്നര വർഷത്തിനിടെ 1,106 കോടി വിറ്റുവരവ്
text_fieldsതിരുവനന്തപുരം: ഇന്ധനവിൽപന മേഖലയിൽ ചുവടുറപ്പിച്ച് കെ.എസ്.ആർ.ടി.സി യാത്രാ ഫ്യുവൽസ്. വിവിധ ഡിപ്പോകൾക്ക് അനുബന്ധമായി പ്രവർത്തിക്കുന്ന യാത്രാ ഫ്യുവൽസ് ഔട്ട്ലെറ്റുകളിലെ ഇതുവരെയുള്ള വിറ്റുവരവ് 1,106 കോടി രൂപയാണ്. കെ.എസ്.ആർ.ടി.സി ബസുകൾക്ക് പുറമേ സ്വകാര്യ വാഹനങ്ങൾക്കും ഇന്ധനം നൽകിയാണ് ഈ മികവ് സ്വന്തമാക്കിയത്.
ഇതിൽ 25.53 കോടി രൂപ കമീഷൻ ഇനത്തിൽ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചു. പൊതുജനങ്ങൾക്ക് ഇന്ധനം നൽകിയതുവഴി മാത്രം 163 കോടി രൂപ വിറ്റുവരവുണ്ടായി. ഇതിൽനിന്ന് 4.81 കോടി രൂപയാണ് കമീഷൻ ലഭിച്ചത്. 2022 ഏപ്രിൽ മുതൽ ഡീസൽ വിലവർധന കാരണം ഉണ്ടാകുമായിരുന്ന 162 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാനും യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റുൾക്കായി.
2021 സെപ്റ്റംബറിലാണ് ആദ്യ യാത്രാ ഫ്യുവൽസ് ഔട്ട്ലെറ്റ് തിരുവനന്തപുരം കിഴക്കേകോട്ടയിൽ പ്രവർത്തനമാരംഭിച്ചത്. നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 ഔട്ട്ലെറ്റുകളുണ്ട്. ചേർത്തല, കോഴിക്കോട്, ചടയമംഗലം, ചാലക്കുടി, മൂന്നാർ, കിളിമാനൂർ, മൂവാറ്റുപുഴ, നോർത്ത് പറവൂർ, മാവേലിക്കര, തൃശൂർ, ഗുരുവായൂർ, തിരുവനന്തപുരം വികാസ് ഭവൻ എന്നിവിടങ്ങളിലാണ് മറ്റ് ഔട്ട്ലെറ്റുകൾ.
25 ഔട്ട്ലെറ്റുകൾ കൂടി
തിരുവനന്തപുരം: അടുത്തവർഷം മാർച്ചിന് മുമ്പ് 25 യാത്രാ ഫ്യുവൽ ഔട്ട്ലെറ്റുകൾ കൂടി ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചു. പൊൻകുന്നം, പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ ഔട്ട്ലെറ്റുകളുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ഘട്ടംഘട്ടമായി സംസ്ഥാനത്തുടനീളം 75 ഔട്ട്ലെറ്റുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയിൽ പെട്രോളിനും ഡീസലിനും പുറമെ സി.എൻ.ജി നൽകാനും വൈദ്യുതി വാഹനങ്ങൾക്കുള്ള ചാർജിങ് സംവിധാനം ഏർപ്പെടുത്താനും ആലോചനയുണ്ട്. യാത്രാ ഫ്യൂവൽസ് പദ്ധതിക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് ബന്ധപ്പെട്ട എണ്ണക്കമ്പനികളാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

